ADVERTISEMENT

വൈപ്പിൻ ∙ദ്വീപിലേക്കുള്ള ശുദ്ധജലം ചോർത്തി  വഴിമാറ്റി വിടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു . ഇതുമായി ബന്ധപ്പെട്ട്  സമരം ചെയ്യാനുള്ള ഒരുക്കത്തിലാണ് ജനപ്രതിനിധികൾ. ആരോപണം ഉയർന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ഉദ്യോഗസ്ഥർ മൗനം പാലിക്കുന്നത് ചോർത്തൽ നീക്കത്തിനുള്ള സ്ഥിരീകരണമാണെന്ന്  നാട്ടുകാർ പറയുന്നു. 

ഹഡ്കോ പദ്ധതിയിലൂടെ വൈപ്പിനിലേക്ക് ലഭിക്കുന്ന ശുദ്ധജലത്തിന്റെ ഒരു ഭാഗം ചേരാനല്ലൂർ ഭാഗത്തേക്ക് തിരിച്ചു വിടാനാണ്  ഉദ്യോഗസ്ഥരുടെ ശ്രമം. ഇതിനു പിന്നിൽ ചില രാഷ്ട്രീയ ഇടപെടലുകളും ഉണ്ടെന്നാണ് സൂചന. വടുതല പമ്പ് ഹൗസിൽ നിന്ന് പ്രത്യേക ലൈൻ സ്ഥാപിച്ച് ചിറ്റൂർ ഭാഗത്ത് ടാങ്കിൽ വെള്ളം ശേഖരിക്കാനും നീക്കമുണ്ട്.

 രൂക്ഷമായ ശുദ്ധജലക്ഷാമം അനുഭവിക്കുന്ന നായരമ്പലം മുതൽ ഫോർട്ട് വൈപ്പിൻ വരെയുള്ള പ്രദേശങ്ങളിൽ ഹഡ്കോ പദ്ധതിയുടെ ഭാഗമായി ഇപ്പോൾ കിട്ടുന്നതിന്റെ ഒന്നര ഇരട്ടി വെള്ളം ലഭിച്ചാൽ മാത്രമേ  വേണ്ടത്ര വെള്ളം ജനങ്ങൾക്ക് കിട്ടുകയുള്ളൂ.

ഇതിനു പകരം ഉള്ള വെള്ളം തന്നെ ഉദ്യോഗസ്ഥർ വടുതലയിൽ നിന്ന് ചിറ്റൂർ ഭാഗത്തേക്ക് തിരിച്ചു വിട്ടാൽ വൈപ്പിൻ നിവാസികൾക്ക് ഒരു തുള്ളി വെള്ളം കിട്ടാത്ത സ്ഥിതി വരുമെന്നാണ് ആശങ്ക. ഇതിനു പുറമേ പുക്കാട്ടുപടിയിൽ നിന്ന് വടുതല വാട്ടർ ടാങ്കിലേക്ക് സ്ഥാപിച്ചിട്ടുള്ള പൈപ്പിന്റെ വ്യാസം വടുതല റെയിൽവേ ക്രോസിന് സമീപത്ത് പകുതിയായി കുറയുന്നുണ്ട്. 

പൈപ്പ് പൊട്ടിയപ്പോൾ പകരം സ്ഥാപിച്ചത് വ്യാസം കുറഞ്ഞ പൈപ്പാണ്. ഇതു മൂലം വടുതല ടാങ്കിലേക്കുള്ള വെള്ളത്തിന്റെ അളവ് കുറയുകയും ഹഡ്കോ പദ്ധതിയിലൂടെ വൈപ്പിനിലേക്ക് ലഭിക്കുന്ന വെള്ളത്തിന്റെ  ലഭ്യത ഒന്നു കൂടി കുറയുന്നതായി വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഗസ്റ്റിൻ മണ്ടോത്ത്  ചൂണ്ടിക്കാട്ടി.

മുരുക്കുംപാടം, മാലിപ്പുറം, ഞാറയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ വലിയ വാട്ടർ ടാങ്കുകൾ നിർമിച്ചിട്ടുണ്ടെങ്കിലും മാലിപ്പുറം ഒഴികെ മറ്റു രണ്ടു ടാങ്കുകളും സംഭരിക്കാൻ വെള്ളമില്ലാത്ത സ്ഥിതിയിലാണ്. ശുദ്ധജലത്തിന്റെ കാര്യത്തിൽ വൈപ്പിൻ നിവാസികളെ ബുദ്ധിമുട്ടിക്കുന്ന നീക്കങ്ങളുമായി ഉദ്യോഗസ്ഥർ  മുന്നോട്ടു പോയാൽ ഇന്നു മുതൽ സമര പരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com