ADVERTISEMENT

നെടുമ്പാശേരി ∙ സംസ്ഥാന ഹജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഈ വർഷത്തെ ഹജ് തീർഥാടനത്തിനായി വിപുലമായ സൗകര്യങ്ങളൊരുക്കി കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ). ജൂൺ 7 മുതൽ 21 വരെയാണ് ഇവിടെ നിന്നുള്ള ഹജ് യാത്ര. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ നിന്നും ലക്ഷദ്വീപിൽ നിന്നുമുള്ള തീർഥാടകരാണ് ഈ വർഷം കൊച്ചിയിൽ നിന്ന് ഹജ് തീർഥാടനത്തിന് പുറപ്പെടുന്നത്.

സിയാലിന്റെ ഏവിയേഷൻ അക്കാദമിയോട് ചേർന്നാണ് ഹജ് ക്യാംപ് ഒരുക്കിയിട്ടുള്ളത്. ലക്ഷദ്വീപിൽ നിന്നുള്ള 163 പേർ ഉൾപ്പെടെ മൊത്തം 2407 തീർഥാടകർ ഇത്തവണ കൊച്ചിയിൽ നിന്ന് ഹജ്ജിന് പുറപ്പെടും.1.3 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പന്തൽ, 600 പേർക്ക് യോഗം ചേരാനുള്ള അസംബ്ലി ഹാൾ, 600 പേരെ ഉൾക്കൊള്ളാവുന്ന പ്രാർഥന ഹാൾ, 60 ശുചിമുറികൾ, 40 കുളി മുറികൾ, 152 പേർക്ക് ഒരേ സമയം വുളു ചെയ്യുന്നതിനുള്ള സൗകര്യം, അലോപ്പതി, ഹോമിയോപ്പതി ആശുപത്രികൾ, ബാങ്ക് കൗണ്ടറുകൾ, എയർലൈൻ ഓഫിസ്, പാസ്‌പോർട്ട് പരിശോധന കേന്ദ്രം, ഹജ് സെൽ ഓഫിസ്, ഹജ് കമ്മിറ്റി ഓഫിസ് എന്നിവ ക്യാംപിൽ സജ്ജമാക്കിയിട്ടുണ്ട്. 

രാജ്യാന്തര ടെർമിനലിൽ തീർഥാടകർക്കായി പ്രത്യേക ചെക്ക്–ഇൻ, ഇമിഗ്രേഷൻ കൗണ്ടറുകൾ, സുരക്ഷാ പരിശോധന സൗകര്യം, സംസം ജലം സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ നിർദേശാനുസരണം ഹജ് തീർഥാടകർക്ക് ഏറ്റവും മികച്ച സൗകര്യങ്ങളാണ് സിയാൽ ഒരുക്കിയിട്ടുള്ളതെന്ന് മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു. ഹജ് ക്യാംപിലെ അവസാന വട്ട ഒരുക്കങ്ങൾ‌ എംഡിയുടെ നേതൃത്വത്തിൽ വിലയിരുത്തി. കൊച്ചിയിൽ നിന്ന് സൗദി അറേബ്യൻ എയർലൈൻസ് ആണ് ഹജ് തീർഥാടകർക്കായി പ്രത്യേക സർവീസുകൾ നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com