കൊച്ചി നഗരത്തിലെ മാലിന്യം നീക്കാൻ ‘പെരുച്ചാഴി റോബോ’; 39.52 ലക്ഷം രൂപ ചെലവ്
Mail This Article
കൊച്ചി ∙ നഗരത്തിലെ ആൾനൂഴികളിലെ ( മാൻഹോൾ) മാലിന്യം ഇനി മുതൽ ‘പെരുച്ചാഴി റോബോ’ കോരി നീക്കും. കൊച്ചിൻ ഷിപ്‌യാഡ് സിഎസ്ആർ പദ്ധതി പ്രകാരം കൊച്ചി കോർപറേഷനു ലഭ്യമാക്കിയ ‘ബാൻഡികൂട്ട്’ റോബട്ടിന്റെ പ്രവർത്തനോദ്ഘാടനം മേയർ എം. അനിൽകുമാർ നിർവഹിച്ചു. കൊച്ചിൻ ഷിപ്‌യാഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായർ റോബട്ടിന്റെ താക്കോൽ മേയർക്കു കൈമാറി. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ് കമ്പനിയായ ജെൻ റോബട്ടിക്സ് വികസിപ്പിച്ച ‘ബാൻഡികൂട്ട്’ റോബട് നഗരത്തിലെ സുവിജ് ശൃംഖലയിലെ ആൾനൂഴികൾ വൃത്തിയാക്കാനാണു ജല അതോറിറ്റി പ്രയോജനപ്പെടുത്തുക.
2022–23 വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് 39.52 ലക്ഷം രൂപയാണു ചെലവ്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നഗര ശുചീകരണ പ്രവർത്തനങ്ങൾക്കു സ്മാർട് സംവിധാനങ്ങൾ നടപ്പാക്കുന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണെന്നു മേയർ എം. അനിൽകുമാർ പറഞ്ഞു. കമ്പനികളുമായി കരാറായാൽ കാനകളും കനാലുകളും വൃത്തിയാക്കാനായി സക്‌ഷൻ കം ജറ്റിങ് മെഷീനും റോബട്ടിക് എക്സ്കവേറ്ററും നഗരത്തിൽ ഉപയോഗിച്ചു തുടങ്ങുമെന്നും മേയർ പറഞ്ഞു. തിരുവനന്തപുരത്തും ഗുരുവായൂരിലും ബാൻഡികൂട്ട് റോബട് നിലവിൽ ഉപയോഗിക്കുന്നുണ്ട്.
റോബട്ടിക് ഡ്രോൺ യൂണിറ്റാണ് ആൾനൂഴിയിലേക്കു പ്രവേശിച്ചു മാലിന്യം നീക്കം െചയ്യുന്നത്. ഡപ്യൂട്ടി മേയർ കെ.എ. അൻസിയ അധ്യക്ഷത വഹിച്ചു. സ്ഥിര സമിതി അധ്യക്ഷൻമാരായ ഷീബ ലാൽ, ടി.കെ. അഷ്റഫ്, പ്രിയ പ്രശാന്ത്, വി.എ. ശ്രീജിത്ത്, കൗൺസിലർമാരായ പത്മജ എസ്. മേനോൻ, ആന്റണി കുരീത്തറ, ജല അതോറിറ്റി ചീഫ് എൻജിനീയർ ഇന്ദുലേഖ, കൊച്ചിൻ ഷിപ്‌യാഡ് സിഎസ്ആർ അസി. ജനറൽ മാനേജർ സമ്പത്ത് കുമാർ, ജെൻ റോബട്ടിക്സ് ഇന്നവേഷൻസ് സിഇഒ എം.കെ. വിമൽ ഗോവിന്ദ്, സി ഹെഡ് ഡയറക്ടർ ഡോ. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.