ശുചിമുറി ഉപയോഗിക്കുന്നതിലെ തർക്കം, സുഹൃത്തിനെ കൊലപ്പെടുത്തി; പ്രതിയെ പിടിച്ചു, രണ്ടര മണിക്കൂറിൽ

HIGHLIGHTS
  • പ്രതി രണ്ടര മണിക്കൂറിനുള്ളിൽ തെങ്കാശിയിൽ പിടിയിൽ
കൊല്ലപ്പെട്ട രാധാകൃഷ്ണൻ, പ്രതി നാഗാർജുൻ
SHARE

കൂത്താട്ടുകുളം ∙ ശുചിമുറി ഉപയോഗിക്കുന്നതിലെ തർക്കത്തെ തുടർന്ന് ഇറച്ചിക്കട ജീവനക്കാരനെ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം അമ്പൂരി ആനന്ദ്ഭവനിൽ രാധാകൃഷ്ണൻ (ബിനു– 47) ആണ് കൊല്ലപ്പെട്ടത്. രാധാകൃഷ്ണനൊപ്പം താമസിച്ചിരുന്ന തെങ്കാശി കടയം സ്വദേശി നാഗാർജുനെ (22) പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പണ്ടപ്പിള്ളിയിലെ ഇറച്ചിക്കടയിൽ ജീവനക്കാരായിരുന്ന ഇരുവരും കട ഉടമയുടെ  കരിമ്പനയിലെ വീട്ടിലായിരുന്നു താമസം.

ശുചിമുറി ഉപയോഗിക്കുന്നതിലെ തർക്കം സംബന്ധിച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് രാധാകൃഷ്ണൻ കട ഉടമയോട് പരാതിപ്പെട്ടിരുന്നു. രാത്രി ഇതേച്ചൊല്ലിയുണ്ടായ വഴക്കാണ് കൊലപാതകത്തിലെത്തിയത്. സംഭവശേഷം പ്രതി തെങ്കാശിയിലേക്ക് കടന്നു. ഇന്നലെ പുലർച്ചെ 4 മണിയോടെ  ജീവനക്കാരെ വിളിക്കാനെത്തിയ കട ഉടമയാണ് രാധാകൃഷ്ണനെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മണിക്കൂറുകൾക്കുള്ളിൽ തെങ്കാശി ബസ് സ്റ്റാൻഡിൽ നിന്നു പ്രതിയെ പിടികൂടി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. സംസ്കാരം നടത്തി. 

പ്രതിയെ പിടിച്ചു; രണ്ടര മണിക്കൂറിൽ

പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത് രണ്ടര മണിക്കൂറിനുള്ളിൽ. പുലർച്ചെ നാലരയോടെയാണ് കൂത്താട്ടുകുളം പൊലീസ് കൊലപാതക വിവരം അറിഞ്ഞത്. നാഗാർജുനെ കാണാനില്ലെന്നു മനസ്സിലാക്കിയ ഉടൻ വിവിധ സ്റ്റേഷനുകളിൽ വിവരം അറിയിച്ചു. പുനലൂർ– തെൻമല വഴി പ്രതി സഞ്ചരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് തമിഴ്നാട് പൊലീസിൽ ബന്ധപ്പെട്ടു. ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെ തെങ്കാശി ബസ് സ്റ്റാൻഡിൽ നിന്നു രാവിലെ 7 മണിയോടെ പ്രതി പൊലീസ് പിടിയിലായി. ഡിവൈഎസ്പി ടി.ബി. വിജയൻ, പൊലീസ് ഇൻസ്പെക്ടർ ഡി. ഇന്ദ്രരാജ്, എസ്ഐമാരായ എം.പി. എബി, എം.എ. ആനന്ദ്, വി. രാജേഷ്, എഎസ്ഐമാരായ രാജു പോൾ, രാജേഷ് തങ്കപ്പൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA