ADVERTISEMENT

കൊച്ചി∙ മുപ്പതു വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്നു പടിയിറങ്ങുമ്പോൾ, എറണാകുളം നഗരത്തോടും യാത്ര പറയുകയാണ് മലയാളത്തിന്റെ ‘പ്രിയ’ എഴുത്തുകാരി. കുസാറ്റിലെ 16 വർഷത്തെ സേവനത്തിനു ശേഷം സെക്‌ഷൻ ഓഫിസർ തസ്തികയിൽ നിന്ന് പ്രിയ എ.എസ് ഇന്നലെയാണ് വിരമിച്ചത്. 1993– 2007 ൽ എംജി സർവകലാശാലയിലും ജോലി ചെയ്തിട്ടുണ്ട്. വിരമിച്ച ശേഷമുള്ള ജീവിതത്തിനായി പ്രത്യേക പദ്ധതികളില്ലെന്നും ഒഴുക്കിൽ ഒരില പോലെ പോകുകയാണെന്നു പറയുമ്പോഴും വലിയ മാറ്റത്തിനു തയാറെടുക്കുകയാണു പ്രിയ. തൃക്കാക്കരയിൽ നിന്നു ജീവിതം ചേർത്തല എരമല്ലൂരിലെ വീട്ടിലേക്കു പറിച്ചു നടുന്നു.

അച്ഛൻ സദാശിവൻ നായർക്കും ആനന്ദവല്ലിക്കും ഒപ്പമാണ് ഇനിയുള്ള ദിവസങ്ങൾ. പഠനകാലം മുതൽ എറണാകുളത്തുകാരിയാണെങ്കിലും പറിച്ചുനടീൽ വീട്ടിലേക്കാണെന്നതിന്റെ ആശ്വാസമുണ്ട് പ്രിയയ്ക്ക്. വീടിനു തൊട്ടടുത്തു തന്നെയാണ് സഹോദരൻ താമസിക്കുന്നത്. അച്ഛനും അമ്മയ്ക്കും ഒപ്പം കഴിയാം. മകൻ കുഞ്ഞുണ്ണി എന്ന തന്മൊയ് മുംബൈ നാഷനൽ ലോ യൂണിവേഴ്സിറ്റിയിൽ പഠിക്കുകയാണ്. ‘എഴുത്തിനെ ജോലി ഒരു തരത്തിലും ബാധിച്ചിട്ടില്ല. തിരക്കാണെന്നു പറഞ്ഞ് എഴുതാതിരിക്കുന്ന പതിവുമില്ല. മനസ്സിൽ ആശയം തോന്നിയാൽ എത്ര തിരക്കിലാണെങ്കിലും എഴുതും. അതുകൊണ്ട് ജോലിയിൽ നിന്നുള്ള വിരമിക്കൽ എഴുത്തിനെ സഹായിക്കും എന്ന ചിന്തകൾക്കും പ്രസക്തിയില്ല.’– പ്രിയ പറഞ്ഞു.

റാഷിമോൻ.

റാഷിമോനും തഹസിൽദാരായി, ഒരേ ഒരു ദിവസത്തേക്ക്

കാക്കനാട്∙ ഒരു ദിവസം മാത്രം തഹസിൽദാരാകാനുള്ള നിയോഗവുമായി സി.എ.റാഷിമോൻ. ചൊവ്വാഴ്ച തഹസിൽദാരായി പ്രമോഷൻ ലഭിച്ച റാഷിമോൻ ഇന്നലെ രാവിലെ ജോയിൻ ചെയ്തു, വൈകിട്ട് വിരമിച്ചു. 27 വർഷം റവന്യ വകുപ്പിൽ ജോലി ചെയ്ത റാഷിമോൻ ചൊവ്വാഴ്ച വരെ ആലുവ താലൂക്ക് ഓഫിസിൽ റവന്യു റിക്കവറി ഡപ്യൂട്ടി തഹസിൽദാരായിരുന്നു. വിരമിക്കുന്നതിന്റെ തലേന്ന് തഹസിൽദാരായി പ്രമോഷൻ ലഭിച്ചതോടെ അങ്കമാലിയിലെ പൊതുമരാമത്ത് സ്ഥലമെടുപ്പ് സ്പെഷൽ ഓഫിസിൽ ഒരു ദിവസത്തേക്കു നിയമനം നൽകുകയായിരുന്നു. ഒരു വർഷം മുൻപ് ലഭിക്കേണ്ട പ്രമോഷൻ കിട്ടാതെ വന്നപ്പോൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചാണ് റാഷിമോൻ ഒരു ദിവസത്തേക്കെങ്കിലും അവകാശം നേടിയെടുത്തത്. പെരുമ്പാവൂർ മുടിക്കൽ സ്വദേശിയാണ്.

സോണി ജോൺ.

സോണി ജോണിന്റേത് കാൽ നൂറ്റാണ്ട് ചരിത്രം 

കാക്കനാട്∙ ഒരേ ഓഫിസിൽ ഒരു കസേരയിൽ കാൽ നൂറ്റാണ്ടിലധികം സേവനമനുഷ്ഠിക്കുകയെന്നത് ഗവ.സർവീസ് ചരിത്രത്തിൽ അത്യപൂർവം. കൂട്ട വിരമിക്കലിനിടയിൽ ഇന്നലെ കലക്ടറേറ്റിൽ നിന്ന് സ്ഥലം മാറിപ്പോയ സോണി ജോണിന്റേത് വേറിട്ട സർവീസ് ചരിത്രമാണ്. 28 വർഷമായി കലക്ടറേറ്റിലെ ഇലക്‌ഷൻ വിഭാഗത്തിലാണ് സേവനമനുഷ്ഠിക്കുന്നത്. 1989ൽ പഞ്ചായത്ത് വകുപ്പിൽ ചേർന്ന സോണി 1995ലാണ് ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ കലക്ടറേറ്റിലെത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചുമതലക്കാരനായിരുന്നു. തിരഞ്ഞെടുപ്പ് നടത്തിപ്പിലെ വൈദഗ്ധ്യം മുൻനിർത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെയാണ് സോണിയെ 28 വർഷം ഒരേ തസ്തികയിൽ നിലനിർത്തിയത്. ഒരു വർഷം സേവനം ശേഷിക്കുന്ന സോണിയെ കുറ്റിപ്പുറം പഞ്ചായത്തിലേക്കാണു മാറ്റിയത്. എറണാകുളം രവിപുരം സ്വദേശിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com