കാൽപാദങ്ങളിൽ ഒട്ടിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി; പാലക്കാട് സ്വദേശി പിടിയിൽ

Mail This Article
നെടുമ്പാശേരി ∙ കാൽപാദങ്ങളിൽ ഒട്ടിച്ചു കടത്താൻ ശ്രമിച്ച സ്വർണ മിശ്രിതവും മലേഷ്യൻ സ്വദേശി കടത്താൻ ശ്രമിച്ച സ്വർണാഭരണങ്ങളും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദ് റഷീദ് ആണ് കാലിനടിയിൽ ഒളിപ്പിച്ചു സ്വർണം കടത്തിയത്.
റഷീദിന്റെ ഇരു കാൽപാദങ്ങളിലും സ്വർണം ഒളിപ്പിച്ചിരുന്നു. വിശദ പരിശോധനയിൽ, ജീൻസിന്റെ അരപ്പട്ടയിൽ പ്രത്യേകമായി ഉണ്ടാക്കിയ അറയിൽ ഒളിപ്പിച്ച 2 സ്വർണ മാലകളും കണ്ടെടുത്തു. 137 ഗ്രാം സ്വർണ മിശ്രിതമാണു കാൽപാദങ്ങളിൽ ഒളിപ്പിച്ചിരുന്നത്. മാലയ്ക്ക് 60 ഗ്രാം തൂക്കമുണ്ട്. 10 ലക്ഷം രൂപ വില വരുന്ന 197 ഗ്രാം സ്വർണമാണു റഷീദിൽനിന്നു കണ്ടെടുത്തത്.
മലിൻഡോ എയർ വിമാനത്തിൽ ക്വാലലംപുരിൽ നിന്ന് എത്തിയ മലേഷ്യൻ പൗരൻ താനേശ്വരൻ കുപ്പുസ്വാമി 37 ലക്ഷം രൂപ വില വരുന്ന 710 ഗ്രാം സ്വർണാഭരണങ്ങളാണു കടത്താൻ ശ്രമിച്ചത്. 567 ഗ്രാം തൂക്കം വരുന്ന 3 മാല, 41 ഗ്രാം തൂക്കം വരുന്ന 2 കമ്മൽ, 102 ഗ്രാം തൂക്കം വരുന്ന വള എന്നിവ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
30,000 രൂപയാണു സ്വർണക്കടത്തിനു പ്രതിഫലം ലഭിക്കുകയെന്നു താനേശ്വരൻ പറഞ്ഞു. വിമാനത്താവളത്തിനു പുറത്തുവച്ച് ഫോണിൽ ബന്ധപ്പെടുന്ന ആൾക്കു സ്വർണം കൈമാറണമെന്നായിരുന്നു കരാർ.