കൊച്ചി∙ മറൈൻ ഡ്രൈവിലെ എആർ ക്യാംപിൽ ഉന്നത ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കുടുങ്ങിയതു ഡ്യൂട്ടിക്കിടെ ‘അടിച്ച് ഓഫ്’ ആയി 2 പൊലീസുകാർ. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമൻ സസ്പെൻഡ് ചെയ്തു. രഹസ്യവിവരത്തെത്തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ മിന്നൽ പരിശോധനയ്ക്കെത്തുമ്പോൾ മദ്യപിച്ച് അർധബോധാവസ്ഥയിലായിരുന്നു ഇതിൽ ഒരാൾ. മോട്ടർ ട്രാൻസ്പോർട്ട്് വിഭാഗത്തിലെ സീനിയർ സിപിഒമാർക്കെതിരെയാണു നടപടിയുണ്ടായത്.
കൊച്ചി സിറ്റി ഡിസിപി എസ്.ശശിധരനാണു എആർ ക്യാംപിലെ പരസ്യ മദ്യപാനത്തെപ്പറ്റി രഹസ്യവിവരം ലഭിച്ചത്. ഡ്യൂട്ടിക്കിടയിൽ പൊലീസുകാർ മദ്യപിക്കുന്നുണ്ടെന്നതു സ്ഥിരീകരിച്ച ശേഷമാണു സെൻട്രൽ എസിപി സി.ജയകുമാർ, നോർത്ത് എസ്ഐ എന്നിവരുൾപ്പെട്ട സംഘം തിങ്കളാഴ്ച രാത്രി 9.30ന് മിന്നൽ പരിശോധനയ്ക്കെത്തിയത്.
ക്യാംപിലെ വിശ്രമമുറിയിലാണു 2 ഉദ്യോഗസ്ഥരെയും മദ്യപിച്ചു ലക്കുകെട്ട അവസ്ഥയിൽ കണ്ടെത്തിയത്. കയ്യിൽ മദ്യം നിറച്ച ഗ്ലാസുമായാണ് ഒരാൾ പിടിയിലായത്. മറ്റേയാൾ നിലത്തു വീണുകിടന്ന് അർധബോധാവസ്ഥയിൽ പിച്ചും പേയും പറയുകയായിരുന്നു. തിരച്ചിലിൽ ഒരു ഫുൾ ബോട്ടിൽ മദ്യക്കുപ്പിയും കണ്ടെടുത്തു. ഇതിൽ 150 മില്ലിലീറ്റർ മാത്രമാണ് അവശേഷിച്ചിരുന്നത്.
തുടർന്ന് രണ്ട് സീനിയർ സിപിഒമാരെയും വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. രക്തത്തിൽ ഉയർന്ന അളവിൽ മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പൊതുസ്ഥലത്തു മദ്യപിച്ചതിന് ഇരുവർക്കുമെതിരെ സെൻട്രൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.