ADVERTISEMENT

മൂവാറ്റുപുഴ∙ പെൻഷൻ വാങ്ങാൻ നീണ്ട ക്യൂവിൽ വരി നിന്നു തലകറങ്ങി വീഴേണ്ട. ട്രഷറിയിൽ ഇനി ഡിജിറ്റൽ ടോക്കൺ മെഷീൻ ഉണ്ട്. ഊഴം അനുസരിച്ച് കൗണ്ടറിൽ എത്തി പെൻഷൻ വാങ്ങി വീട്ടിലേക്കു മടങ്ങാം. പെൻഷൻ വാങ്ങാൻ മണിക്കൂറുകൾ വരി നിൽക്കേണ്ടി വരുന്നതും പരസ്പരമുള്ള കലഹങ്ങളും അവശതകളും നേരിൽ കണ്ടറിഞ്ഞു മാത്യു കുഴൽനാടൻ എംഎൽഎ ആണു ട്രഷറിയിൽ ‍ഡിജിറ്റൽ ടോക്കൺ മെഷീൻ സ്ഥാപിച്ചത്. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണു മെഷീൻ സ്ഥാപിക്കാൻ ഫണ്ട് ചെലവഴിച്ചത്.

പ്രതിമാസം നാലായിരത്തോളം പേരാണു പെൻഷൻ വാങ്ങാനായി ട്രഷറിയെ ആശ്രയിച്ചു പോരുന്നത്. ഇവർക്കായി മൂന്നു കൗണ്ടറുകൾ മിനി സിവിൽ സ്റ്റേഷനിലെ ജില്ലാ ട്രഷറിയിൽ സജ്ജീകരിച്ചിരുന്നു. ആദ്യം ടോക്കൺ വാങ്ങാനും തുടർന്നു പണം കൈപ്പറ്റാനും ഉള്ള ക്യൂവിൽ തർക്കവും കലഹവും, പെൻഷൻ വാങ്ങാൻ എത്തുന്നവർ ആരോഗ്യ പ്രശ്നങ്ങൾ മൂലം കുഴഞ്ഞു വീഴുന്നതും പതിവായിരുന്നു.

താലൂക്ക് സഭയിൽ എത്തിയ മാത്യു കുഴൽനാടൻ എംഎൽഎ ട്രഷറിയിൽ എത്തിയപ്പോഴാണ് രോഗികൾ ഉൾപ്പെടെയുള്ള പെൻഷൻകാരുടെ ദുരിതം നേരിൽ കണ്ടത്. ഇതേ തുടർന്നാണു ഡിജിറ്റൽ ടോക്കൺ മെഷീൻ സ്ഥാപിച്ചത്. ഇവിടെ പുതിയ 3 കൗണ്ടറുകളും സ്ഥാപിച്ചു. കൗണ്ടറുകളുടെ എണ്ണം 6 ആയതോടെ തിരക്ക് പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് എംഎൽഎ പറഞ്ഞു.

ഡിജിറ്റൽ ടോക്കൺ മെഷീന്റെ ഉദ്ഘാടനം  എംഎൽഎ നിർവഹിച്ചു. ജില്ലാ ട്രഷറി ഓഫിസർ എം. നിസാർ ബാബു അധ്യക്ഷനായി. ജില്ലാ അസിസ്റ്റന്റ് ട്രഷറി ഓഫിസർ അന്നമ്മ ജോർജ്, പി.വി. നൈജി, കെ.എം. നാസർ, ടി എൻ. സുനിൽകുമാർ , ഒ.എം.തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com