ADVERTISEMENT

കൊച്ചി∙ കറുത്ത ഷർട്ടിട്ടു കാറോടിച്ചയാൾ കറുത്ത സീറ്റ് ബെൽറ്റിട്ടിട്ടുണ്ട് എന്നു കണ്ടെത്താൻ എഐ ക്യാമറ പരാജയപ്പെട്ടു. ‘സീറ്റ് ബെൽറ്റിടാത്ത നിയമലംഘകന്റെ’ ദൃശ്യങ്ങൾ അധികം വൈകാതെ കൺട്രോൾ റൂമിലെത്തി. ബൈക്കിൽ യാത്ര ചെയ്ത ദമ്പതികളിൽ പിന്നിലിരുന്ന ഭാര്യ ഒരു വശത്തേക്കു തിരിഞ്ഞിരുന്നത് ക്യാമറയ്ക്കു ‘തിരിഞ്ഞതും’ നിയമലംഘനമായി. ഒരു വശത്തേക്കു തിരിഞ്ഞിരുന്ന സ്ത്രീയുടെ രണ്ടു കാലുകളുൾപ്പെടെ ബൈക്കിന്റെ ഒരു വശത്തു 3 കാലുകൾ കണ്ടതോടെയാണു നിയമം ലംഘിച്ചു മൂന്നു പേർ ബൈക്കിൽ യാത്ര ചെയ്യുന്നതാണെന്നു ക്യാമറ ഉറപ്പിച്ചത്. 

പിഴ ഈടാക്കാൻ ഉടൻ നിർദേശവും കൈമാറി. കാർ ഡ്രൈവർ ഒപ്പമിരുന്നയാളോടു സംസാരിക്കവേ ഇടതു കൈ ചെവിയോളം പൊക്കി ആംഗ്യം കാണിച്ചതു ക്യാമറ മനസ്സിലാക്കിയതു മൊബൈലിൽ സംസാരിക്കുന്നതായി. അതിനും പിഴ നിർദേശം വൈകാതെ കൺട്രോൾ റൂമിലെത്തി.

സംസ്ഥാനത്ത് എഐ ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്കു പിഴയീടാക്കാൻ ആരംഭിച്ച ഇന്നലെയാണു ഗതാഗത നിയമങ്ങൾ എല്ലാം പാലിച്ചു യാത്ര ചെയ്തവരെയും ക്യാമറ ‘പിടികൂടിയത്.’ എന്നാൽ, ക്യാമറയെ മാത്രം വിശ്വസിച്ചു നോട്ടിസ് അയയ്ക്കാതെ ഓരോ ദൃശ്യങ്ങളും വിശദമായി വിശകലനം ചെയ്ത് മനുഷ്യ ഇടപെടൽ ഉറപ്പാക്കി നടപടി സ്വീകരിക്കുകയാണു മോട്ടർ വാഹന വകുപ്പ്.  ഇതുകൊണ്ടു തന്നെ മേൽപ്പറഞ്ഞ ‘നിയമലംഘകർക്കു’ പിഴയടയ്ക്കേണ്ടി വരില്ല!  

ജില്ലയിൽ എഴുപതോളം നിയമലംഘനങ്ങൾ

ഇന്നലെ വൈകിട്ടു വരെ എറണാകുളം ജില്ലയിലെ എഴുപതോളം നിയമലംഘനങ്ങളാണു കാക്കനാട് കലക്ടറേറ്റിലെ കൺട്രോൾ റൂമിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ജില്ലയിൽ 62 ക്യാമറകളാണു സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ മൂവാറ്റുപുഴയിലും ഫോർട്ട്കൊച്ചിയിലുമുള്ള ഓരോ ക്യാമറ വീതം തകരാറിലാണ്. ബാക്കിയുള്ള 60 ക്യാമറകളും പകർത്തുന്ന ദൃശ്യങ്ങൾ തിരുവനന്തപുരത്തെ കൺട്രോൾ റൂമിലേക്കാണ് ആദ്യം എത്തുന്നത്. 

ഇത് അവിടെയുള്ള ഉദ്യോഗസ്ഥർ  ഒരു തവണ വിശകലനം ചെയ്ത ശേഷം കാക്കനാട്ടെ കൺട്രോൾ റൂമിലേക്കു കൈമാറും. 8 ഉദ്യോഗസ്ഥരാണ് കാക്കനാട് കൺട്രോൾ റൂമിലുള്ളത്. ക്യാമറ നിയമലംഘനമെന്നു കരുതുന്നതു പലതും യഥാർഥത്തിൽ അങ്ങനെയാകില്ലെന്ന ബോധ്യത്തോടെയാണ് ഇവിടെ ദൃശ്യങ്ങൾ പരിശോധിക്കുന്നത്. 

കൺട്രോൾ റൂമിലേക്കു തിരുവനന്തപുരത്തു നിന്നു ദൃശ്യങ്ങൾ കൈമാറുന്ന സംവിധാനത്തിൽ ഇന്നലെ രാവിലെ മുതൽ ചെറിയ സാങ്കേതിക തകരാറുണ്ടായിരുന്നു. ഉച്ചയോടെ പരിഹരിച്ചു. ജില്ലയിൽ നിയമലംഘനങ്ങളുടെ എണ്ണം കുറയാൻ കാരണമിതാണെന്നാണു മോട്ടർ വാഹന വകുപ്പ് അധികൃതരുടെ നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com