കൊച്ചി∙ ഇടപ്പള്ളിയിലെ ഹോട്ടലിൽ യുവതി കൊല്ലപ്പെട്ട കേസിലെ പ്രതി തൃശൂർ തൃത്തല്ലൂർ ജെസിൽ ജലീലിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലിൽ 2 ദിവസം മുൻപാണു പാലക്കാട് തിരുനെല്ലായി ചിറ്റിലപ്പള്ളി വീട്ടിൽ പോൾസന്റെയും ഗ്രേസിയുടെയും മകൾ ലിൻസിയെ (26) അബോധാവസ്ഥയിൽ കണ്ടത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.

എളമക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകമാണെന്നു തെളിഞ്ഞത്. പ്രതിയും യുവതിയും ഒരുമിച്ചു താമസിക്കുകയായിരുന്നു. വിദേശയാത്ര, കടബാധ്യതകൾ എന്നിവ പറഞ്ഞു തർക്കമുണ്ടായപ്പോൾ ജെസിൽ യുവതിയുടെ മുഖത്ത് അടിച്ചു. താഴെവീണപ്പോൾ ചവിട്ടി. ബോധരഹിതയായിട്ടും ആശുപത്രിയിൽ എത്തിക്കാതെ വീട്ടുകാരെ ഫോണിൽ വിളിച്ചു കുളിമുറിയിൽ വീണു ബോധം നഷ്ടപ്പെട്ടതായി പറഞ്ഞു.
പിന്നീട് വീട്ടുകാർ വന്നു ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയായിരുന്നു മരണം. തലയ്ക്കേറ്റ ക്ഷതമാണു മരണകാരണം. മൃതദേഹം ഇന്നു 9 ന് പാലക്കാട് ചക്കാന്തറ സെന്റ് റാഫേൽ കത്തീഡ്രലിൽ സംസ്കരിക്കും. എസ്എച്ച്ഒ സനീഷ്, എസ്ഐമാരായ എ യിൻബാബു, ഫൈ സൽ, രാജേഷ് കെ.ചെല്ലപ്പൻ, എഎസ്ഐ സിമി, ഷിഹാബ്, രാജേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.