ADVERTISEMENT

വടക്കേക്കര ∙ കുഞ്ഞിത്തൈയിൽ വീടു വാടകയ്ക്കെടുത്തു കഞ്ചാവു വിൽപന നടത്തിയ മൂന്നു പേരെ എക്സൈസ് പിടികൂടി. 3 ചാക്കുകളിലായി സൂക്ഷിച്ച 4 ലക്ഷം രൂപയോളം വിലവരുന്ന 21 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. നായരമ്പലം ചൂരക്കുടി ജോസ് (34), കളമശേരി കാവുങ്കൽ ജയ (40), മൂവാറ്റുപുഴ പിട്ടാപ്പിള്ളിൽ ജഗൻ (23) എന്നിവരാണ് അറസ്റ്റിലായത്. 

4 മാസം മുൻപാണു ചിറ്റാറ്റുകര മുനമ്പം കവല സ്വദേശിയുടെ കുഞ്ഞിത്തൈയിലെ വീടു ജയയും ജോസും ചേർന്നു വാടകയ്ക്കെടുത്തത്. ജോസ് ജയയുടെ ഭർത്താവാണെന്നു പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് എക്സൈസ് പറഞ്ഞു. ഇവരോടൊപ്പം വിദ്യാർഥികളായ 2 ആൺകുട്ടികളും ഒരു പെൺകുട്ടിയുമുണ്ടായിരുന്നു.

ജഗൻ ഇവരിൽ നിന്നു കഞ്ചാവു വാങ്ങി വിൽപന നടത്തിയിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. ഇന്നലെ ഉച്ചയോടെ ഇവരുടെ വീട്ടിൽ കഞ്ചാവ് എത്തിച്ച കാർ തടയാൻ ശ്രമിച്ച എക്സൈസിന്റെ ജീപ്പിൽ ഇടിപ്പിച്ച ശേഷംനിർത്താതെ പോയി.തുടർന്നു വീട്ടിൽ നിന്നു ജോസിനെയും ജയയെയും ജഗനെയും പിടികൂടി. ഒരു വനിത എക്സൈസ് ഉദ്യോഗസ്ഥയെ ആക്രമിച്ച ജയയെ ബലം പ്രയോഗിച്ചാണു ജീപ്പിൽ കയറ്റിയത്.

പരിശോധനയിൽ അടുക്കള ഭാഗത്തു 2 വടിവാളും കണ്ടെത്തി. ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടികളെ ജോസിന്റെ മാതാപിതാക്കളുടെ സംരക്ഷണത്തിലാക്കി.  വളർത്തുനായയെ സമീപത്തെ വീട്ടിലേക്കു മാറ്റി. നിർത്താതെ പോയ കാറിൽ ഉണ്ടായിരുന്ന 2 പേർക്കായി അന്വേഷണം ഊർജിതമാക്കി. 

എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ തോമസ് ദേവസ്സി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.ബിജു, പ്രിവന്റീവ് ഓഫിസർമാരായ ബിജു നാഥ്, എൻ.സി.സജീവ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എ.ഷൈൻ, ഇ.കെ.ശ്രീകുമാർ, നിഖിൽ കൃഷ്ണ, കെ.ആർ.രതീഷ്, നിരജ്ഞ വിശ്വനാഥ്, ഡ്രൈവർ സഞ്ജു എന്നിവർ ചേർന്നാണ് മൂന്നു പേരെയും പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com