ADVERTISEMENT

ഏലൂർ ∙ പാതാളം റഗുലേറ്റർ ബ്രിജിനു മുകളിൽ നിന്നു ചാടുന്ന രണ്ടാമത്തെ ആളെയാണു മത്സ്യത്തൊഴിലാളിയായ മഹീശൻ (68) രക്ഷപ്പെടുത്തുന്നത്. ആദ്യത്തെയാളെ രക്ഷപ്പെടുത്തിയതു പാലത്തിന്റെ നിർമാണവേളയിലായിരുന്നു. പാതാളം പാലത്തിനു താഴെയാണു മഹീശൻ  മത്സ്യബന്ധനം നടത്തുന്നത്. ദിവസത്തിന്റെ ഏറിയപങ്കും ഇവിടെത്തന്നെ. ‘‘ഇന്നലെ രാവിലെ 11.30നു പാലത്തിനു താഴെ ഒന്നാം ഷട്ടറിനു സമീപം വഞ്ചിയിൽ ഇരുന്നു വല വലിച്ചുകയറ്റുമ്പോഴാണു പുഴയിൽ എന്തോ വീഴുന്ന ശബ്ദം കേട്ടത്. ആരെങ്കിലും മാലിന്യം വലിച്ചെറിയുന്നതായിരിക്കുമെന്നാണ് ആദ്യം കരുതിയത്.

പാലത്തിനു മുകളിൽ നിന്നു ഒരാളുടെ അലർച്ച കേട്ടാണു ശ്രദ്ധിച്ചത്. ശബ്ദം കേട്ട സ്ഥലത്തേക്കു നോക്കുമ്പോൾ ഒരു യുവതി മുങ്ങിപ്പൊങ്ങുന്നതാണു കണ്ടത്. ഉടൻതന്നെ വഞ്ചിയുമെടുത്തു തുഴഞ്ഞെത്തി. അപ്പോഴേക്കും യുവതി അവശയായിരുന്നു. വഞ്ചിയിലേക്കു കയറ്റി കരയ്ക്കെത്തിച്ചപ്പോഴേക്കും അഗ്നിരക്ഷാസേന എത്തി’’. മഹീശൻ പറഞ്ഞു. രക്ഷപ്പെട്ട യുവതിയെ മഹീശൻ ആശുപത്രിയിലെത്തി കാണുകയും ചെയ്തു.

പാതാളം ബ്രിജിനു മുകളിൽ നിന്ന് പുഴയിൽ ചാടിയ യുവതിയെ രക്ഷപ്പെടുത്തി

ഏലൂർ ∙ പാതാളം റഗുലേറ്റർ ബ്രിജിനു മുകളിൽ നിന്നു പുഴയിൽ ചാടിയ യുവതിയെ മത്സ്യത്തൊഴിലാളി രക്ഷപ്പെടുത്തി. മുപ്പത്തടം സ്വദേശിനിയാണ് (23) രാവിലെ 11.30ന് പാലത്തിന്റെ കൈവരികളിൽ കയറിയ ശേഷം പുഴയിലേക്കു ചാടിയത്. ബെംഗളൂരുവിൽ ജോലിചെയ്യുന്ന യുവതി അവിടെ നിന്നു വീട്ടിലേക്കു വരുന്ന വഴിക്കാണു പുഴയിൽ ചാടിയത്. യുവതി പുഴയിലേക്ക് എടുത്തുചാടുന്നത് അപ്പോൾ അതുവഴി വന്ന വാഹന ‍ഡ്രൈവർ പ്രമോഷ് കണ്ടു. അദ്ദേഹം കര‍ഞ്ഞു ബഹളം ഉണ്ടാക്കി. 

പാലത്തിനു താഴെ വഞ്ചിയിൽ വല വലിക്കുന്ന ജോലിയെടുത്തുകൊണ്ടിരുന്ന മഞ്ഞുമ്മൽ തൊട്ടിപ്പറമ്പിൽ മഹീശൻ (68) ഉടനെ വഞ്ചി തുഴഞ്ഞെത്തി മുങ്ങിത്താണു കൊണ്ടിരുന്ന യുവതിയെ വഞ്ചിയിലേക്കു വലിച്ചുകയറ്റുകയായിരുന്നു. കരയ്ക്കെത്തിച്ച യുവതിയെ അഗ്നിരക്ഷാസേന എത്തി പാതാളം ഇഎസ്ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സകൾക്കു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. െബംഗളൂരുവിൽ നിന്നു യുവതി നാട്ടിലെത്തിയ വിവരം ബന്ധുക്കൾ അറിഞ്ഞിരുന്നില്ലെന്നു പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com