100 രൂപ കടം പറഞ്ഞ ഓട്ടോക്കൂലി 30 വർഷത്തിനു ശേഷം 10,000 രൂപയായി തിരിച്ചുകൊടുത്തു!
Mail This Article
കോലഞ്ചേരി ∙ ഓട്ടോ ചാർജായ 100 രൂപ പിന്നെത്തരാമെന്നു പറഞ്ഞു പോയ ആൾ 30 വർഷത്തിനു ശേഷം ഡ്രൈവറെ തേടിപ്പിടിച്ചെത്തി നൽകിയത് 10,000 രൂപ. കോലഞ്ചേരി സ്വദേശിയായ ഓട്ടോഡ്രൈവർ വല്യത്തുട്ടേൽ ബാബുവിനാണ് അപ്രതീക്ഷിത സ്നേഹസമ്മാനം ലഭിച്ചത്. കഴിഞ്ഞ ദിവസം ബാബുവിന്റെ വീട്ടിലെത്തിയ എസ്.ആർ. അജിത് എന്നയാൾ താൻ 1993ൽ മൂവാറ്റുപുഴ – പട്ടിമറ്റം പാതയിലെ മംഗലത്തുനടയിൽ നിന്ന് മൂവാറ്റുപുഴയിലേക്ക് ഓട്ടോ വിളിച്ചതും കയ്യിൽ പണമില്ലാത്തതിനാൽ കൂലി പിന്നെ തരാമെന്നും പറഞ്ഞതും ഓർമയുണ്ടോയെന്നും ചോദിച്ചപ്പോഴാണു സംഭവം ബാബു ഓർമയിൽ നിന്നു ചികഞ്ഞെടുത്തത്.
ചങ്ങനാശേരിയിലെ ബിഎഡ് പഠനകാലത്ത് മംഗലത്തുനടയിലുള്ള സഹപാഠിയുടെ വീട്ടിലെത്തിയതായിരുന്നു തിരുവനന്തപുരം സ്വദേശിയായ അജിത്. രാത്രിയായതിനാൽ തിരികെ പോകാൻ മൂവാറ്റുപുഴയിലേക്കു ബസ് കിട്ടിയില്ല. കയ്യിലാണെങ്കിൽ ബസ് കൂലി മാത്രവും. അതിനാലാണ് ഓട്ടോക്കൂലി കടം പറഞ്ഞത്. മംഗലത്തുനടയിൽ നിന്ന് 10 കിലോമീറ്റർ ദൂരമുണ്ടു മൂവാറ്റുപുഴയ്ക്ക്.
ഏറെ നാളത്തെ അന്വേഷണങ്ങൾക്കു ശേഷമാണു ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞതെന്നും അതിനാലാണ് പണം നൽകാൻ വൈകിയതെന്നും അജിത് അറിയിച്ചു. താൻ പൈസ തിരികെത്തരാൻ വന്നതാണെന്നു പറഞ്ഞപ്പോൾ അതൊക്കെ വളരെ പഴയ കാര്യമല്ലേ എന്നായിരുന്നു ബാബുവിന്റെ മറുപടി. എന്നാൽ മകളുടെ വിവാഹമൊക്കെ വരികയല്ലേ അതിന് ഉപകരിക്കുമെന്നും താൻ പോയ ശേഷമേ പൊട്ടിച്ചു നോക്കാവൂ എന്നും പറഞ്ഞ് ഒരു കവർ ബാബുവിനെ ഏൽപിച്ച ശേഷം അജിത് പെട്ടെന്ന് മടങ്ങുകയായിരുന്നു.
അധ്വാനത്തിനും സത്യസന്ധതയ്ക്കും എത്രകാലം കഴിഞ്ഞാലും വിലയുണ്ടെന്ന് ബോധ്യം വന്നതായി ബാബു പറയുന്നു. കൊച്ചി നേവൽ ബേസ് കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപകനാണ് അജിത് ഇപ്പോൾ.