ADVERTISEMENT

കൊച്ചി ∙ നഗരത്തിലെ ജൈവ മാലിന്യം ഭാഗികമായി ബ്രഹ്മപുരത്തേക്കു കൊണ്ടു പോകും. മന്ത്രിമാരായ പി. രാജീവിന്റെയും എം.ബി. രാജേഷിന്റെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണു തീരുമാനം  സ്വകാര്യ ഏജൻസികൾക്കു ജൈവ മാലിന്യം കൈമാറുന്നതു തുടരും. അവർക്കു കൊണ്ടു പോകാൻ കഴിയാതെ ബാക്കി വരുന്ന മാലിന്യമാണു താൽക്കാലികമായി ബ്രഹ്മപുരത്തു കൊണ്ടു പോയി സംസ്കരിക്കുക. 

നിലവിലെ പ്ലാന്റ് പ്രവർത്തന ക്ഷമമല്ലാത്തതിനാൽ 2 മാസത്തിനകം ബ്രഹ്മപുരത്തു സംസ്കരണ സംവിധാനം സജ്ജമാക്കണം. ബ്രഹ്മപുരത്തു പുതിയ മാലിന്യ സംസ്കരണ സംവിധാനം സജ്ജമാക്കാൻ കോർപറേഷൻ താൽപര്യ പത്രം ക്ഷണിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള നടപടികൾ വേഗത്തിലാക്കാൻ യോഗം നിർദേശം നൽകി.

ബ്രഹ്മപുരത്തേക്കു ജൈവ മാലിന്യം കൊണ്ടു പോകാൻ അനുവദിക്കണമെന്നു കോർപറേഷൻ നേരത്തേ തന്നെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എംഎൽഎമാരായ ടി.ജെ. വിനോദും കെ.ജെ. മാക്സിയും ഈയാവശ്യത്തെ ശക്തമായി പിന്തുണച്ചു. തുടർന്നാണു മാലിന്യം ബ്രഹ്മപുരത്തേക്കു കൊണ്ടു പോകേണ്ടെന്ന മുൻ നിലപാടിൽ മന്ത്രിമാർ അയവു വരുത്തിയത്.

നിലവിൽ പ്രതിദിനം 60 ടൺ ജൈവ മാലിന്യം സ്വകാര്യ ഏജൻസികൾക്കു നൽകുന്നുണ്ടെന്നു കോർപറേഷൻ പറയുന്നു. ബാക്കിയുള്ള 40 ടൺ മാലിന്യം മാത്രമേ ബ്രഹ്മപുരത്തേക്കു കൊണ്ടു പോകേണ്ടി വരികയുള്ളൂവെന്നാണ് അധികൃതർ പറയുന്നത്. മേയർ എം. അനിൽകുമാർ, ഉമാ തോമസ് എംഎൽഎ, കോർപറേഷൻ സെക്രട്ടറി ബാബു അബ്ദുൽ ഖാദിർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 

നഗരത്തിൽ മൂക്കു പൊത്താതെ നടക്കാൻ വയ്യെന്ന് എംഎൽഎ

നഗരത്തിലെ മാലിന്യ പ്രശ്നത്തിനു കൃത്യമായ പരിഹാരമുണ്ടാകുന്നതു വരെ ബ്രഹ്മപുരത്തു മാലിന്യ സംസ്കരണ സംവിധാനം ഒരുക്കണമെന്നു ടി.ജെ. വിനോദ് എംഎൽഎ ആവശ്യപ്പെട്ടു. അല്ലെങ്കിൽ കാലവർഷത്തിൽ സാംക്രമിക രോഗങ്ങളുടെ കേന്ദ്രമായി കൊച്ചി മാറും. മൂക്ക് പൊത്താതെ നഗരത്തിൽ നടക്കാൻ പറ്റാത്ത അവസ്ഥയാണെന്നും എംഎൽഎ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com