ADVERTISEMENT

പിറവം∙ലൈൻമാൻ മാർ ഉൾപ്പെടെ ജീവനക്കാരുടെ  കുറവു മൂലം കെഎസ്ഇബി ഓഫിസിന്റെ പ്രവർത്തനം ബുദ്ധിമുട്ടിലേക്ക്. മഴയും കാറ്റും മൂലം  വൈദ്യുതി മുടക്കവും പരാതിയും പരിഹരിക്കാൻ  നെട്ടോട്ടമോടുകയാണു ജീവനക്കാർ. ജില്ലയുടെ കിഴക്കൻ മേഖലയിൽ ഭൂവിസ്തൃതിയിൽ മുന്നിട്ടു നിൽക്കുന്ന ഡിവിഷനാണ് പിറവം.12 ലൈൻമാൻ മാരുടെ തസ്തിക ഉള്ള ഇവിടെ ഇപ്പോൾ 5 പേർ മാത്രമാണു ചുമതലയിൽ ഉള്ളത്. ജീവനക്കാരുടെ കുറവു മൂലം മഴക്കാലത്തിനു മുന്നോടിയായി നടക്കേണ്ട ലൈനുകളിലെ കാടു നീക്കുന്ന  ജോലികൾ പോലും പൂർത്തിയായിട്ടില്ല.

കൃഷിയിടങ്ങളിലൂടെയും പാടശേഖരങ്ങൾക്കു മധ്യേയുമൊക്കെയാണ് ഭൂരിഭാഗം വൈദ്യുതി ലൈനുകളും കടന്നുപോവുന്നത്. മരം വീണും മറ്റുമായി വൈദ്യുതി ലൈൻ പൊട്ടിവീണാൽ തകരാർ പരിഹരിക്കുന്നതിനു കാത്തിരിപ്പു വേണ്ടി വരും. പുനഃക്രമീകരണത്തിന്റെ ഭാഗമായി അടുത്തിടെ  മണീട് പഞ്ചായത്തിലെ പാമ്പ്ര, വെട്ടിക്കൽ പ്രദേശങ്ങൾ ‌ മുളന്തുരുത്തി ആരക്കുന്നം സെക്‌ഷനുകളിലേക്കു ലയിപ്പിച്ചിരുന്നു. എങ്കിലും മണീട് പഞ്ചായത്തിലെ ശേഷിക്കുന്ന  പ്രദേശങ്ങളും  ഇലഞ്ഞി പഞ്ചായത്തിലെ കൂരുമലയുമാണ് പിറവം ഇലക്ട്രിക്കൽ സെക്‌ഷന്റെ പരിധി. 

17000 ത്തോളം കണക്‌ഷനുകളാണ് ഇവിടെ ഉള്ളത്. രണ്ടിടത്തേക്കുള്ള ശരാശരി ദൂരം 36  കിലോമീറ്ററോളം. ഇവിടങ്ങളിലെല്ലാം തകരാർ പരിഹിക്കുന്നതിനു  അസിസ്റ്റന്റ് എൻജിനീയർമാർ കൂടി രംഗത്തിറങ്ങേണ്ടി വരാറുണ്ട്. ഇലഞ്ഞി കേന്ദ്രമായി പുതിയ സെക്‌ഷൻ ഓഫിസ് വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിനു പിറവത്തും കൂത്താട്ടുകുളത്തിനുമിടയിൽ ഇലഞ്ഞി കേന്ദ്രമായി പുതിയ സെക്‌ഷൻ ഓഫിസ് ആരംഭിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. നിയോജകമണ്ഡലത്തിൽ മുളന്തുരുത്തി, ആരക്കുന്നം, ഉദയംപേരൂർ, ചോറ്റാനിക്കര, ആമ്പല്ലൂർ ഉൾപ്പെടെ   പുതിയ സെക്‌ഷൻ‌ ഓഫിസുകൾ ആരംഭിച്ചെങ്കിലും ഇലഞ്ഞിയിലെ ഓഫിസിന്റെ കാര്യം അവഗണനയിലാണ്. 

കൂത്താട്ടുകുളം, പിറവം, മരങ്ങാട്ടുപിള്ളി സെക്‌ഷൻ ഓഫിസുകളുടെ പരിധിയിൽ വരുന്ന ഇലഞ്ഞിയും സമീപ പ്രദേശങ്ങളും യോജിപ്പിച്ചു  പുതിയ ഓഫിസ് ആരംഭി‌ച്ചാൽ ഉപയോക്താക്കൾക്കു കൂടുതൽ പ്രയോജനകരമാകും. വൈദ്യുതി വിതരണം സംബന്ധിച്ചു  നേരിടുന്ന പരാതികൾക്കും പരിഹാരമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com