ADVERTISEMENT

വിദ്യ എസ്എഫ്ഐ നേതാവല്ല: ഇ.പി.ജയരാജൻ

കണ്ണൂർ ∙ വ്യാജരേഖ ചമച്ചു ജോലി നേടിയെന്ന ആരോപണം നേരിടുന്ന കെ.വിദ്യ എസ്എഫ്ഐ നേതാവല്ലെന്നും അവർക്കു സിപിഎം ഒരു സഹായവും ചെയ്തിട്ടില്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ‘വിദ്യ എസ്എഫ്ഐയുടെ സജീവ പ്രവർത്തകയായിരുന്നില്ല. അവർക്കു സംഘടനയുടെ ഭാരവാഹിത്വവും ഉണ്ടായിരുന്നില്ല’. ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞു. ജോലി നേടാൻ വിദ്യ തെറ്റായ വഴിയാണു സ്വീകരിച്ചതെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

അന്വേഷണം സുതാര്യമല്ലെന്ന് കെ.സുധാകരൻ

കണ്ണൂർ ∙ വ്യാജരേഖ ചമച്ച കേസിൽ പ്രതിയായ കെ.വിദ്യയ്ക്കു മറ്റാരുടെയോ പിൻബലമുണ്ടെന്നും കേസ് അന്വേഷണം സുതാര്യവും സത്യസന്ധവുമല്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നൊക്കെ കേട്ടാൽ പൊലീസ് മാറിനിൽക്കുകയാണെന്നു സുധാകരൻ പറഞ്ഞു.

ഗൂഢ സംഘം: കെഎസ്‌യു

കൊച്ചി ∙ മഹാരാജാസ് കോളജിൽ വൈസ് പ്രിൻസിപ്പലും ഗവേണിങ് കൗൺസിലും പരീക്ഷാ വകുപ്പും ഇടത് അധ്യാപക – അനധ്യാപക സംഘടനകളും എസ്എഫ്ഐ നേതൃത്വവും ഉൾപ്പെടുന്ന ഗൂഢ സംഘം പ്രവർത്തിക്കുന്നുണ്ടെന്നു കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. ഈ തട്ടിപ്പ് ലോബിയാണു കോളജിനെ കുറ്റകൃത്യങ്ങളിലേക്കു നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കെഎസ്‌യു ഇന്നു 11നു സർവകലാശാലാ മാർച്ച് നടത്തും.

ലക്ഷണമൊത്ത ഭീകരസംഘം: കെ.സുരേന്ദ്രൻ

കൊച്ചി∙ ലക്ഷണമൊത്ത ഭീകരസംഘമായി കേരളത്തിൽ എസ്എഫ്ഐ മാറിയെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കൊടുംക്രിമിനലുകളാണ് ആ സംഘടനയെ നയിക്കുന്നത്. മഹാരാജാസ് കോളജിലെ വിഷയത്തിൽ കെ.വിദ്യയെ തള്ളിപ്പറഞ്ഞ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ രക്ഷിക്കാനാണു സിപിഎം ശ്രമം. ഇ.പി.ജയരാജന്റെയും പി.കെ.ശ്രീമതിയുടെയും അഭിപ്രായപ്രകടനങ്ങൾ ഈ ഗൂഢാലോചനയുടെ ഭാഗമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

അന്വേഷണം വേണം: എഐവൈഎഫ്

കൊച്ചി ∙ മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കോളജുകളിൽ അധ്യാപക ജോലിക്കു ശ്രമിച്ച കെ.വിദ്യയുടെ നടപടിയെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തണമെന്ന് എഐവൈഎഫ്. ഇത്തരം സംഭവങ്ങൾ എൽഡിഎഫ് സർക്കാരിന്റെ പ്രതിഛായയ്ക്കു മങ്ങൽ ഏൽപിക്കുമെന്നു സംസ്ഥാന പ്രസിഡന്റ് എൻ.അരുണും സെക്രട്ടറി ടി.ടി.ജിസ്‌മോനും പറഞ്ഞു.

ഉത്തരവാദി വിദ്യ മാത്രം: മന്ത്രി ബിന്ദു

തിരുവനന്തപുരം ∙ മഹാരാജാസ് കോളജിന്റെ പേരിൽ എസ്എഫ്ഐ നേതാവ് കെ.വിദ്യ വ്യാജരേഖ ചമച്ചതിൽ എസ്എഫ്ഐക്ക് പങ്കാളിത്തം ഉണ്ടോയെന്നു പൊലീസ് അന്വേഷിച്ചു കണ്ടു പിടിക്കട്ടെ എന്നു മന്ത്രി ആർ.ബിന്ദു പറഞ്ഞു. ഈ സംഭവത്തിൽ വിദ്യ തെറ്റ് ചെയ്തിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. അതിന്റെ ഉത്തരവാദി വിദ്യ മാത്രമാണ്. അതേസമയം, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ എഴുതാത്ത പരീക്ഷ ജയിച്ച സംഭവത്തിൽ അയാൾ തെറ്റുകാരൻ അല്ലെന്നാണ് മനസ്സിലാക്കുന്നത്. ബിന്ദു ചൂണ്ടിക്കാട്ടി.

സ്വയംഭരണ പദവി പിൻവലിക്കണം: ഗവർണർക്ക് നിവേദനം

തിരുവനന്തപുരം∙ എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത  എറണാകുളം മഹാരാജാസ് കോളജിന്റെ സ്വയംഭരണ പദവി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി യുജിസിക്കും ഗവർണർക്കും നിവേദനം നൽകി. ഒരു വിഭാഗം അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാർഥി നേതാക്കളുടെയും  നിയന്ത്രണത്തിലാണ് കോളജിന്റെ ഭരണവും പരീക്ഷാ നടത്തിപ്പ് ഉൾപ്പെടെയുള്ള അക്കാദമിക് പ്രവർത്തനങ്ങളുമെന്ന് ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com