കൊച്ചി ∙ ആറാം വാർഷികത്തിനു മെട്രോ യാത്രക്കാർക്ക് ഓഫറുകളും ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നു. ഇന്നു മുതൽ സ്റ്റേഷനുകളിൽ മത്സരങ്ങളുണ്ടാവും. മെട്രോ പിറന്നാൾ ദിനമായ 17നു യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഇളവ്. 20 രൂപയ്ക്കു യാത്രചെയ്യാം. മിനിമം നിരക്കായ 10 രൂപ അതേപടി തുടരും. 30, 40, 50, 60 രൂപയുടെ ടിക്കറ്റിനു പകരം 20 രൂപ നൽകിയാൽ മതി.
ഏപ്രിലിൽ പ്രതിദിന ശരാശരി യാത്രക്കാർ 75,831 ആയിരുന്നതു മേയിൽ 98,766 ആയി ഉയർന്നു. മേയിൽ 12 ദിവസങ്ങളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാരുമുണ്ടായി. മെട്രോയും താരസംഘടനയായ അമ്മയും ചേർന്നൊരുക്കുന്ന മെട്രോ ഷോർട്ട് ഫിലിം മത്സരത്തിൽ 60 എൻട്രികൾ ലഭിച്ചു. 11 മുതൽ 17 വരെ ആലുവ, കളമശേരി, പാലാരിവട്ടം, കലൂർ, എംജി റോഡ്, കടവന്ത്ര, വൈറ്റില, വടക്കേക്കോട്ട സ്റ്റേഷനുകളിൽ കുടുംബശ്രീ പ്രദർശന- വിൽപന മേള സംഘടിപ്പിക്കും. റസിഡന്റ്സ് അസോസിയേഷനുകളുടെ സംഘടനയായ എഡ്രാക്ക് 17ന് കലൂർ മെട്രോ സ്റ്റേഷനിൽ ഉൽപ്പന്ന പ്രദർശന- വിൽപ്പന മേള ഒരുക്കും.
‘ബോബനും മോളിയും ’എന്ന പേരിൽ മെട്രോ നടത്തുന്ന ക്വിസ് മത്സരം 17ന് 2നു വൈറ്റില മെട്രോ സ്റ്റേഷനിൽ നടക്കും (വിവരങ്ങൾക്ക്: 79076 35399). 17ന് ചിത്രരചനാ മത്സരവും 15 വയസ്സിൽ താഴെയുള്ള വിദ്യാർഥികൾക്കു ചെസ് മത്സരവും നടത്തും. ഇന്ന് ഇടപ്പള്ളി സ്റ്റേഷനിൽ രാവിലെ 10 മുതൽ ബോർഡ് ഗെയിമുകൾ നടത്തും.
നാളെ സ്റ്റേഡിയം സ്റ്റേഷനിൽ 2 മുതൽ ചെസ് മത്സരം നടത്തും. 15നു മെട്രോ ട്രെയിനുകളിൽ പ്രശസ്ത കാർട്ടൂണിസ്റ്റുകൾ യാത്രക്കാരുടെ കാരിക്കേച്ചറുകൾ വരച്ചു സമ്മാനിക്കും. 16ന് എസ്‌സിഎസ്എംഎസ് കോളജിന്റെ സഹകരണത്തോടെ പൊതുഗതാഗത കോൺക്ലേവ് നടത്തും. 22 മുതൽ 25 വരെ വൈറ്റില സ്റ്റേഷനിൽ ഫ്ലവർ ആൻഡ് മാംഗോ ഫെസ്റ്റ് ഒരുക്കും.