ADVERTISEMENT

കൊച്ചി ∙ ബ്രഹ്മപുരത്ത് കെട്ടിക്കിടക്കുന്ന മാലിന്യം കോർപറേഷൻ വീണ്ടും അളക്കും. മാലിന്യം ബയോമൈനിങ് നടത്തി നീക്കം െചയ്യാനായി ടെൻഡർ ക്ഷണിക്കുന്നതിനു മുന്നോടിയായാണു മാലിന്യത്തിന്റെ അളവെടുക്കുന്നത്. ഡ്രോൺ സർവേയുൾപ്പെടെ നടത്തി മാലിന്യത്തിന്റെ അളവ് കണക്കാക്കാനുള്ള ചുമതല എൻഐടി കാലിക്കറ്റിനെ ഏൽപിക്കും. ഇതു പൂർത്തിയായാൽ വീണ്ടും ബയോമൈനിങ് നടത്താനുള്ള ടെൻഡർ നടപടികളിലേക്കു കോർപറേഷൻ കടക്കും. നേരത്തേയും എൻഐടി കാലിക്കറ്റ് നടത്തിയ പരിശോധനയിലാണ് ബ്രഹ്മപുരത്ത് 5.51 ലക്ഷം ഘനമീറ്റർ മാലിന്യം കെട്ടിക്കിടക്കുന്നുണ്ടെന്നു കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ് സോണ്ട ഇൻഫ്രാടെക്കിനു കരാർ നൽകിയതും. എന്നാൽ ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് ഈ കരാർ വിവാദത്തിലായി.

പണിയിൽ വീഴ്ചവരുത്തിയെന്നു കാണിച്ചു സോണ്ടയ്ക്കു നൽകിയ കരാർ കോർപറേഷൻ റദ്ദാക്കുകയും ചെയ്തു. കോർപറേഷന്റെ നടപടികൾക്കെതിരെ സോണ്ട നൽകിയ ആർബിട്രേഷൻ ഹർജി ജില്ലാ കോടതിയുടെ പരിഗണനയിലാണ്.ബ്രഹ്മപുരത്തു ബയോമൈനിങ് നടത്താനായി പുതിയ കരാർ നൽകുമെന്നു തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മേയ് ആദ്യവാരം ദേശീയ ഹരിത ട്രൈബ്യൂണലിൽ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു കോർപറേഷന്റെ നടപടികൾ. കഴിഞ്ഞ തവണ ബയോമൈനിങ് നടത്താനായി ടെൻഡർ വിളിച്ചതും സോണ്ടയെ തിരഞ്ഞെടുത്തതും സംസ്ഥാന വ്യവസായ വികസന കോർപറേഷനായിരുന്നു (കെഎസ്ഐഡിസി). \

എന്നാൽ ഇത്തവണ ഈ നടപടികളിൽ കെഎസ്ഐഡിസിയെ പങ്കെടുപ്പിക്കാതെ നേരിട്ടു തന്നെ ചെയ്യാനാണു കോർപറേഷന്റെ തീരുമാനം. ബയോമൈനിങ് നടത്തി ശേഖരിച്ച 80,000 ടൺ ആർഡിഎഫ് ഉൾപ്പെടെ ബ്രഹ്മപുരത്തു കെട്ടിക്കിടക്കുന്നുണ്ട്. ഇതു നീക്കം െചയ്യാനുള്ള കോർപറേഷന്റെ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. ഇതിനു പുറമേ കഴിഞ്ഞ തവണ ബയോമൈനിങ് നടത്താനായി അളന്നതിനു ശേഷം കൊണ്ടു വന്നു തള്ളിയ മാലിന്യവുമുണ്ട്. ഫലത്തിൽ വൻതുക തന്നെ മാലിന്യം നീക്കാനായി ഇനിയും കോർപറേഷനു ചെലവഴിക്കേണ്ടി വരും.

ബയോമൈനിങ് മഹാശ്ചര്യം: സോണ്ടയ്ക്കു വേണം പണം

കൊച്ചി ∙ ബ്രഹ്മപുരത്തു തീപിടിത്തം നടന്നതിനു ശേഷവും സോണ്ട ഇൻഫ്രാടെക് മൂന്നാം ഗഡുവായി 8.23 കോടി രൂപ കോർപറേഷനോട് ആവശ്യപ്പെട്ടു. രണ്ടു ഗഡുക്കളായി 11.07 കോടി രൂപയാണു കോർപറേഷൻ സോണ്ടയ്ക്കു നൽകിയത്. രണ്ടാം ഗഡുവായി 8.23 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും കോർപറേഷൻ 3.91 കോടി രൂപ മാത്രമാണു നൽകിയത്. മാർച്ച് രണ്ടിനായിരുന്നു കൊച്ചി നഗരത്തെ മുഴുവൻ പുകയിൽ മുക്കി ബ്രഹ്മപുരത്തു തീപിടിത്തമുണ്ടായത്. കൃത്യം ഒരു മാസത്തിനു ശേഷം ഏപ്രിൽ രണ്ടിനാണു മൂന്നാം ഗഡുവായി 8,23,55,405 രൂപ നൽകണമെന്നാവശ്യപ്പെട്ടു സോണ്ട കോർപറേഷനു ബിൽ നൽകിയത്. എന്നാൽ കോർപറേഷൻ തുക നൽകിയില്ല. മേയ് അവസാനം സോണ്ടയുമായുള്ള കരാർ റദ്ദാക്കുകയും ചെയ്തു.

ബ്രഹ്മപുരത്തു ബയോമൈനിങ് നടത്താൻ 54 കോടി രൂപയ്ക്കാണു കൊച്ചി കോർപറേഷൻ സോണ്ടയ്ക്കു കരാർ നൽകിയത്. തീപിടിക്കുന്നതിനു മുൻപു ബ്രഹ്മപുരത്ത് 30% ബയോമൈനിങ് പൂർത്തിയാക്കിയിരുന്നുവെന്നും 80,000 ടൺ ആർഡിഎഫ് ശേഖരിച്ചുവെന്നുമാണു കോർപറേഷൻ ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചത്. എന്നാൽ 50% ബയോമൈനിങ് പൂർത്തിയാക്കിയിട്ടുണ്ടെന്നാണു സോണ്ട ഇൻഫ്രാടെക് കോർപറേഷനു നൽകിയ മറുപടിയിൽ പറയുന്നത്. കോർപറേഷനെതിരെ സോണ്ട നൽകിയ ആർബിട്രേഷൻ ഹർജി 26നു ജില്ലാ കോടതി പരിഗണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com