ADVERTISEMENT

കളമശേരി ∙ ഭൂരഹിതനായ മനുഷ്യനു വേണ്ടി നിയമം മാറ്റിമറിക്കുകയാണ് ആധുനിക കാലത്ത് റവന്യു വകുപ്പ് നടപ്പാക്കേണ്ട ഏറ്റവും പ്രധാന പ്രവർത്തനമെന്നു മന്ത്രി കെ. രാജൻ. കളമശേരിയിൽ ജില്ലാതല പട്ടയ വിതരണ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആറടി ഭൂമി സ്വന്തമായില്ലാത്ത മനുഷ്യരെ ഭൂമിയുടെ അവകാശികളാക്കി മാറ്റാൻ നിയമത്തിലോ ചട്ടത്തിലോ മാറ്റം വരുത്താൻ സർക്കാരിനു മടിയില്ലെന്നും ഏക്കർ കണക്കിനു ഭൂമി സ്വന്തമാക്കി വയ്ക്കുന്നവർ എത്ര ഉന്നതരായാലും ആ ഭൂമി പിടിച്ചെടുത്തു ഭൂരഹിതർക്ക് വിതരണം ചെയ്യുകയെന്നതാണു സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.

ജൂലൈ മുതൽ പട്ടയമിഷന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും എംഎൽഎമാരുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി തഹസിൽദാർമാർ നോഡൽ ഓഫിസർമാരായുള്ള സമിതി ഭൂമിയുടെ അവകാശികളാകാൻ ബാക്കിയുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചു പട്ടയ ഡാഷ്‌ബോർഡിലേക്കു രേഖപ്പെടുത്തും. സംസ്ഥാന തലത്തിൽ ചീഫ് സെക്രട്ടറി ചെയർമാനും പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറുമായുളള പട്ടയ വിതരണ നിരീക്ഷണ സമിതിയും പ്രവർത്തിക്കും. ആ സമിതിയിൽ 7 സർക്കാർ വകുപ്പുകളുടെ മേധാവികളുമുണ്ടാകും. ലാൻഡ് റവന്യു കമ്മിഷണറേറ്റിൽ അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലാകും പട്ടയമിഷന്റെ പ്രവർത്തനം.

ജില്ലകളിൽ ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലും താലൂക്കിൽ തഹസിൽദാറുടെ നേതൃത്വത്തിലും പട്ടയമിഷൻ പ്രവർത്തിക്കും. വില്ലേജ് തല ജനകീയ സമിതിയും പട്ടയവിതരണത്തിന് ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. 124 സാധാരണ പട്ടയങ്ങളും 288 ദേവസ്വം പട്ടയങ്ങളും 600 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളുമാണു വിതരണം ചെയ്തത്. 13 അപേക്ഷകർക്ക് കൈവശാവകാശ രേഖകളും കൈമാറി. എംഎൽഎമാരായ അൻവർ സാദത്ത്, ആന്റണി ജോൺ, കലക്ടർ എൻ.എസ്.കെ. ഉമേഷ്, എഡിഎം എസ്.ഷാജഹാൻ, ഡപ്യൂട്ടി കലക്ടർമാരായ ബി. അനിൽകുമാർ, ഉഷ ബിന്ദുമോൾ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com