ADVERTISEMENT

കാക്കനാട്∙ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ ധാരണ പ്രകാരം തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പന്റെ ഭരണ കാലാവധി നാളെ അവസാനിക്കും. എന്നാൽ അജിതയുടെ രാജി സംബന്ധിച്ച് ആശയക്കുഴപ്പം  തുടരുകയാണ്. കോൺഗ്രസിലെ ഗ്രൂപ്പുകൾക്ക് അധ്യക്ഷ പദവി വീതം വച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ രണ്ടര വർഷക്കാലം അജിത തങ്കപ്പനെ അധ്യക്ഷയാക്കിയത്. അജിത ഐ വിഭാഗക്കാരിയാണ്. ഇനിയുള്ള രണ്ടരവർഷം എ വിഭാഗത്തിലെ രാധാമണി പിള്ള അധ്യക്ഷയാകണമെന്നാണ് ഡിസിസിയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ ധാരണാപത്രത്തിൽ പറയുന്നത്.

പാർട്ടി നിർദ്ദേശം ലഭിച്ചാലുടൻ രാജി വയ്ക്കാമെന്നാണ് അജിതയുടെ നിലപാട്. ധാരണ നടപ്പാക്കുന്നതു സംബന്ധിച്ചു ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ രണ്ടു ദിവസത്തിനകം ചർച്ച നടത്തും. സ്ഥലം എംഎൽഎ കൂടിയായ ഉമ തോമസ് ആശുപത്രിയിൽ ആയതിനാലാണ് ചർച്ച വൈകിയത്. ഉമ ഇന്ന് ആശുപത്രി വിടും. അജിത തങ്കപ്പൻ രാജി വയ്ക്കുന്നതിനു മുൻപ് ചില പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ടെന്നാണ് ഐ വിഭാഗത്തിന്റെ വാദം.

കോൺഗ്രസ് വിമതരായ നാലു കൗൺസിലർമാരുടെ നിലപാടാണ് ഇതിൽ മുഖ്യം. യുഡിഎഫിന് ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്തതിനാൽ വിമതരുടെ പിന്തുണയോടെയാണ് ഭരിക്കുന്നത്. വിമതരുടെ അഭിപ്രായം തേടിയ ശേഷമേ പദവി മാറ്റം നടപ്പാക്കാനാകൂയെന്നാണ് ഐ വിഭാഗത്തിന്റെ വാദം. ഇതൊന്നും പരിഗണിക്കേണ്ടതില്ലെന്ന നിലപാടിലാണ് എ വിഭാഗം. ഡിസിസി ഉണ്ടാക്കിയ ധാരണ നടപ്പാക്കേണ്ടത് പാർട്ടിയാണ്. അതിന് വിമതരുമായി ചർച്ച ചെയ്യേണ്ട കാര്യമില്ല. പുതിയ അധ്യക്ഷയുടെ തിരഞ്ഞെടുപ്പ് വരുമ്പോൾ വിമതരുടെ പിന്തുണ ആവശ്യമുള്ളതിനാൽ ആ സമയത്ത് അവരുമായി ചർച്ച നടത്താമെന്നും എ വിഭാഗം വാദിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളിൽ പദവി മാറുന്നത് സംബന്ധിച്ചു കോൺഗ്രസ് രേഖാമൂലം ധാരണയുണ്ടാക്കിയിട്ടുള്ള ഇടങ്ങളിലെല്ലാം അതു നടപ്പാക്കണമെന്ന നിലപാടാണ് പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടേതെന്നാണ് സൂചന. ജില്ലാ തലത്തിൽ തന്നെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് നിർദ്ദേശം. തർക്കം രൂക്ഷമായാൽ മാത്രമേ കെപിസിസി ഇടപെടുകയുള്ളൂ.

വൈസ് ചെയർമാൻ പദവിയിലും ധാരണ

തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ പദവിയിലും മാറ്റം വരുത്താൻ ധാരണയുണ്ട്. മുസ്ലിം ലീഗിനാണ് വൈസ് ചെയർമാൻ പദവി നൽകിയിരിക്കുന്നത്. എ.എ.ഇബ്രാഹിംകുട്ടിയാണ് നിലവിൽ വൈസ് ചെയർമാൻ. രണ്ടര വർഷത്തിനുശേഷം പി.എം.യൂനസ് വൈസ് ചെയർമാനാകണം എന്നാണ് ലീഗിലെ ധാരണ. ഇതനുസരിച്ച് ഇബ്രാഹിംകുട്ടിയും നാളെ രാജി വയ്ക്കേണ്ടതാണെങ്കിലും കോൺഗ്രസിന്റെ പദവി മാറ്റ തീരുമാനം കാത്തു നിൽക്കുകയാണ് ലീഗ്. പുതുതായി വൈസ് ചെയർമാനാകേണ്ട യൂനസ് പദവി ഏറ്റെടുക്കാൻ വിമുഖത കാട്ടുന്നത് ലീഗിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വൈസ് ചെയർമാനാകാൻ താനില്ലെന്ന നിലപാടാണ് യൂനസ് പാർട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കപ്പെട്ടാൽ ഇബ്രാഹിംകുട്ടി തന്നെ തുടരാനാണ് സാധ്യത.

ഇന്ന് നഗരസഭ കൗൺസിൽ

തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പന്റെ ഭരണകാലാവധി പാർട്ടി തീരുമാനപ്രകാരം നാളെ അവസാനിക്കാനിരിക്കെ ഇന്ന് നഗരസഭ കൗൺസിൽ യോഗം ചേരുന്നുണ്ട്. രാജി ഉൾപ്പെടെയുള്ള കാര്യങ്ങൾ അധ്യക്ഷ കൗൺസിൽ യോഗത്തിൽ പ്രഖ്യാപിക്കാനുള്ള സാധ്യത വിരളമാണ്. യുഡിഎഫിനു പിന്തുണ നൽകുന്ന നാല് കോൺഗ്രസ് വിമതർ അജിത തങ്കപ്പനെ മാറ്റണമെന്ന കരാർ പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകിയിട്ടുണ്ട്. വിമതർക്ക് അമിത പ്രാധാന്യം നൽകുന്നുവെന്ന തോന്നലുണ്ടാക്കരുതെന്ന നിലപാടാണ് പാർട്ടി നേതൃത്വത്തിന്റേത്. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽ വിമത ശല്യം കൂടാൻ ഇത് കാരണമാകുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

English Summary: Will the mayor of Thrikkakara resign?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com