റെയിൽവേ പദ്ധതി: ഇ. ശ്രീധരൻ കൂടിക്കാഴ്ച നടത്തി

Mail This Article
കൊച്ചി ∙ കേരളത്തിൽ റെയിൽവേ നടപ്പാക്കുന്ന പ്രധാന പദ്ധതികളുടെ അവലോകനത്തിന് കേരളത്തിലെ റെയിൽവേ പദ്ധതികളുടെ ചുമതലയുള്ള ദക്ഷിണ റെയിൽവേ നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഷാജി സഖറിയ, ചീഫ് എൻജിനീയർ കെ.രാജഗോപാൽ, ഡപ്യൂട്ടി ചീഫ് എൻജിനീയർ ആർ.ഷാജി റോയി ഉൾപ്പെടെയുള്ളവരുമായി മെട്രോമാൻ ഇ. ശ്രീധരൻ കൂടിക്കാഴ്ച നടത്തി.
കേരളത്തിന്റെ മൂന്നു പ്രധാന റെയിൽ പദ്ധതികളായ ചെങ്ങന്നൂർ–പമ്പ റെയിൽപാത, തിരുനാവായ–ഗുരുവായൂർ റെയിൽപാത, നിർദിഷ്ട നിലമ്പൂർ- നഞ്ചൻകോട് (മൈസൂരു) റെയിൽപാത എന്നിവ ഉൾപ്പെടെയുള്ള പദ്ധതികളുടെ അവലോകനവും മാർഗനിർദേശം നൽകലുമായിരുന്നു കൂടിക്കാഴ്ചയിൽ നടന്നതെന്ന് ഇ. ശ്രീധരൻ പറഞ്ഞു.
മൂന്നു പദ്ധതികളുടെയും വിശദമായ പഠന റിപ്പോർട്ട് ഇൗ വർഷം തയാറാകും. ഈ പദ്ധതികൾക്കു വേഗം കൂട്ടണമെന്ന് അദ്ദേഹം നിർദേശിച്ചു. ചെങ്ങന്നൂർ പമ്പ പാതയുടെ ഏകദേശ അലൈൻമെന്റ് തയാറായിട്ടുണ്ട്. ഈ പദ്ധതിക്കായി തുടങ്ങിയ ലിഡാർ സർവേ നടപടികൾ ഒക്ടോബറിൽ തീരും.
‘അങ്കമാലിയിൽ നിന്നു തുടങ്ങുന്ന ശബരി റെയിൽപാതയുടെ കാര്യം റെയിൽവേ ബോർഡ് തീരുമാനിക്കട്ടെ. ചെങ്ങന്നൂർ–പമ്പ റെയിൽപാത കേരളത്തിന് ഏറെ ഉപകാരപ്പെടും. ചെങ്ങന്നൂരിൽ നിന്നു പമ്പയിലേക്ക് അതിവേഗം പോയി വരാം. ഗതാഗതക്കുരുക്ക്, പാർക്കിങ് പ്രശ്നങ്ങൾ എന്നിവയുണ്ടാകില്ല. ഓരോ 5 മിനിറ്റിലും ട്രെയിൻ ഉണ്ടാകും’. ഇ. ശ്രീധരൻ പറഞ്ഞു.