ADVERTISEMENT

കാഞ്ഞൂർ∙ കാഞ്ഞൂർ തുറവുങ്കര പള്ളത്തുകടവിൽ അബ്ദു-ജമീല ദമ്പതികളുടെ മകളായ പി.എ.ഷബിനയുടെ (38) കാലുകൾക്ക് ചലനശേഷിയില്ല. ഒരു വയസ്സിലാണ് സ്പൈനൽ മസ്കുലർ അസ്ട്രോഫി എന്ന അസുഖം സ്ഥിരീകരിച്ചത്. അതിനാൽ ഉത്സാഹത്തിമർപ്പുള്ള കുട്ടിക്കാലം ഷിബിനയ്ക്ക് ഇല്ലായിരുന്നു. സമപ്രായക്കാരായ കുട്ടികൾ സ്കൂളിൽ പോയപ്പോൾ ഷിബിനയ്ക്ക് വീട്ടിൽ ഒതുങ്ങേണ്ടി വന്നു. പിന്നീട് വീട്ടിലിരുന്നു ട്യൂഷൻ‍ പഠിച്ചു. നല്ല മാർക്കോടെ പത്താം ക്ലാസ് ജയിച്ചു. പരീക്ഷയ്ക്കു മാത്രമല്ലാതെ സ്കൂളിൽ പോയില്ല. 12 വയസ്സു വരെ ചികിത്സ തുടർന്നെങ്കിലും അസുഖം ഭേദമായില്ല. പഠനം മുടങ്ങി. 

ഇപ്പോൾ സാക്ഷരതാ മിഷന്റെ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ 91 ശതമാനം മാർക്കോടെ മിന്നുന്ന വിജയം നേടിയിരിക്കുകയാണ്. യു ട്യൂബ് വഴിയായിരുന്നു പഠനം. ജിയോ കമ്പനിയുടെ കസ്റ്റംസ് കെയർ എക്സിക്യൂട്ടീവ് ആയി പ്രവർത്തിക്കുകയും ചെയ്യുന്നു. വീട്ടിലിരുന്നു മൊബൈലിൽ ജിയോ ഉപയോക്താക്കളുമായി സംസാരിക്കുന്നു. നേരത്തെ ഡൽ‍ഹി ആസ്ഥാനമായ ടെക്നോബഗ്ഗിൽ ട്രെയിനിയായി ഒരു വർഷം ജോലി ചെയ്തതിലൂടെ ഡിജിറ്റൽ മാർക്കറ്റിങ് വശമാക്കി. ഷിബിനയെ പോലെ ജീവിത പ്രതിസന്ധി നേരിടുന്നവരുടെ സംഘടന മൊബിലിറ്റി ഇൻ ഡിസ്ട്രോഫിയുടെ (മൈന്റ്) എക്സിക്യൂട്ടീവ് അംഗവും വുമൺ എംപർമെന്റ് വിങ്ങിന്റെ കോ ഓർഡിനേറ്ററുമാണ്.

കൂടാതെ ഇടവേളകളിൽ കവിതകളും ലേഖനങ്ങളും എഴുതും. ഇത് സംഘടനയുടെ ‘ഇടം’ മാഗസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനി ബിരുദം നേടണമെന്നാണ് ഷിബിനയുടെ ആഗ്രഹം. എൽഎൽബി നേടണമെന്നും ആഗ്രഹമുണ്ട്. എന്നാൽ പരീക്ഷയ്ക്ക് പോകുന്നതിനും ആശുപത്രിയിൽ പോകുന്നതിനും വാഹന സൗകര്യം ഇല്ലാത്തതാണ് ഷിബിനയെ ഏറെ വലയ്ക്കുന്നത്. 

ഒരു വ്യക്തിയുടെ വീൽചെയർ ഘടിപ്പിക്കാൻ സൗകര്യമുള്ള വാഹനം വാടകയ്ക്ക് ‌എടുത്താണ് ഇതുവരെ ഷിബിനയെ കൊണ്ടുപോയിരുന്നത്. പിതാവ് എടുത്ത് കാറിൽ കയറ്റിയും കൊണ്ടു പോകും. തുറവുങ്കര കവലയിൽ പലചരക്ക് കട നടത്തുന്ന പിതാവിന് പ്രായാധിക്യത്താലുള്ള ശാരീരിക അസ്വസ്ഥതകൾ കാരണം ഇപ്പോൾ മകളെ എടുത്തു കൊണ്ടു പോകാനും കഴിയാത്ത അവസ്ഥയാണ്. ഷിബിനയുടെ ഏക സഹോദരൻ റിജാസ് കുടുംബ സഹിതം കുവൈറ്റിൽ‍ ജോലി ചെയ്യുകയാണ്. 

തന്നെ പോലുള്ള എല്ലാവരും അഭിമുഖീകരിക്കുന്ന പ്രതിസന്ധിയാണ് വാഹന പ്രശ്നമെന്നു ഷിബിന പറഞ്ഞു. ശരീരം തളർന്നവർക്കു പ്രത്യേകം വാഹന സൗകര്യം ഏർപ്പെടുത്തണമെന്നത് സംഘടനയുടെ ആവശ്യമാണ്. മാതാപിതാക്കൾക്ക് പ്രായമായാലും അവർ ഇല്ലാതായാലും ‍ എന്തു ചെയ്യും എന്നത് എല്ലാവരും അഭിമുഖീകരിക്കുന്ന വലിയ ചോദ്യചിഹ്നമാണ്. ആരും സഹായിക്കാനില്ലാതെ ഒറ്റയ്ക്കു കഴിയുന്നവർ‍ സംഘടനയിലുണ്ട്. വീൽചെയർ വാങ്ങാൻ പണമില്ലാത്തവരുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com