പറവൂർ മുനിസിപ്പൽ പാർക്കിലെ ആക്രിസാധനങ്ങൾ നഷ്ടപ്പെട്ടു
Mail This Article
പറവൂർ ∙ നഗരസഭയുടെ മുനിസിപ്പൽ പാർക്കിൽ കിടന്ന 150 കിലോഗ്രാമിലേറെ ഇരുമ്പിന്റെ ആക്രിസാധനങ്ങൾ നഷ്ടപ്പെട്ടു. ആക്രിസാധനങ്ങളും മറ്റും കൂട്ടിയിട്ടതിനാൽ പാർക്കിൽ അസൗകര്യമുണ്ടെന്നു കൗൺസിലിൽ ആക്ഷേപമുയർന്നപ്പോൾ പാർക്ക് വൃത്തിയാക്കാൻ ജീവനക്കാർക്കു നിർദേശം നൽകിയിരുന്നു. വൃത്തിയാക്കിയതിനു പിന്നാലെയാണ് ആക്രിസാധനങ്ങൾ കാണാതായത്.
ജീവനക്കാരിൽ ചിലരാണ് എടുത്തുക്കൊണ്ടു പോയതെന്ന ആക്ഷേപവുമുയർന്നു. സാധനങ്ങൾ തിരിച്ചു കിട്ടിയെന്നും അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെന്നും നഗരസഭാധ്യക്ഷ ബീന ശശിധരൻ പറഞ്ഞു. നഗരസഭാതിർത്തിയിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങളിൽ ബാക്കി വരുന്ന ഇരുമ്പ് ഉൾപ്പെടെയുള്ള ഒട്ടേറെ വസ്തുക്കൾ നഗരസഭ ഓഫിസിന് എതിർവശത്തെ മുനിസിപ്പൽ പാർക്കിൽ കൂട്ടിയിടുന്നതു പതിവാണ്. ഇവ കൃത്യമായി ലേലം ചെയ്യാത്തതാണ് നഷ്ടപ്പെടാൻ ഇടയാക്കിയത്.
വാഹനങ്ങളും നശിക്കുന്നു
∙ നഗരസഭയുടെ മണ്ണുമാന്തി, ട്രാക്ടർ, ഓട്ടോറിക്ഷ, സഞ്ചരിക്കുന്ന ആശുപത്രിയുടെ ബസ് എന്നീ കേടായ ചില വാഹനങ്ങളും മുനിസിപ്പൽ പാർക്കിൽ വെറുതേ കിടന്നു നശിക്കുന്നു. കാലപ്പഴക്കമുള്ള ബസിന് ഫിറ്റ്നസ് ലഭിക്കാത്തതിനാൽ ഉപയോഗിക്കാനാകില്ല. 2 പതിറ്റാണ്ടു മുൻപു 14 ലക്ഷം രൂപ കൊടുത്തു വാങ്ങിയ മണ്ണുമാന്തി വളരെ കുറച്ചു നാൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. പ്രയോജനപ്പെടുത്താൻ കഴിയാത്തവ സമയബന്ധിതമായി ലേലം ചെയ്യാനും നന്നാക്കാൻ കഴിയുന്നവ നന്നാക്കാനും ശ്രമിക്കാതെ നഗരസഭാധികൃതർ അനാസ്ഥ കാണിക്കുന്നു. പല വാഹനങ്ങളും ഒരു വർഷത്തിലേറെയായി മുനിസിപ്പൽ പാർക്കിൽ കിടക്കുകയാണ്.
മുനിസിപ്പൽ ‘ആക്രി’ പാർക്ക്
∙ നഗരത്തിൽ ഒരു ‘ഓപ്പൺ സ്പേസ്’ വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു നശിച്ചു കിടന്ന മുനിസിപ്പൽ പാർക്ക് വർഷങ്ങൾക്കു മുൻപു നവീകരിച്ചത്. കാലക്രമേണ ഇത് ആക്രി സാധനങ്ങളും മാലിന്യച്ചാക്കുകളും തള്ളുന്ന സ്ഥലമായി. ഒരിടയ്ക്കു ഹരിതകർമസേന വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും നിന്നു ശേഖരിക്കുന്ന മാലിന്യച്ചാക്കുകൾ ഇവിടെ കൂട്ടിവച്ചിരുന്നു. ഉപയോഗപ്രദമല്ലാത്ത വാഹനങ്ങളും മറ്റും നീക്കിയാൽ പൊതുപരിപാടികൾക്കു കൂടുതൽ സ്ഥലസൗകര്യം ലഭിക്കും. ഉത്സവ സീസണുകളിൽ താൽക്കാലിക ടെൻഡുകൾ കെട്ടി മേളകൾക്കു വാടകയ്ക്കു നൽകിയാൽ നഗരസഭയ്ക്കു മികച്ച വരുമാനം ലഭിക്കുമെന്നു കൗൺസിലർ ജോബി പഞ്ഞിക്കാരൻ പറഞ്ഞു.