ADVERTISEMENT

വൈപ്പിൻ∙ മത്സ്യബന്ധന ബോട്ടുകളിൽ ജോലിക്കായി ഇക്കുറി ഭായിമാരുടെ വൻ പ്രവാഹം. ട്രോളിങ് നിരോധനം അവസാനിക്കുന്നതിനു  മുൻപേ നൂറു കണക്കിനു ഉത്തരേന്ത്യൻ തൊഴിലാളികളാണ് ഹാർബറുകളുടെ  പരിസരത്ത് തമ്പടിച്ചിട്ടുള്ളത്. നേരത്തെ ജോലിക്ക് ഉണ്ടായിരുന്നവരും പുതുതായി എത്തിയവരും കൂട്ടത്തിലുണ്ട്. ഇതോടെ ഇക്കൂട്ടരുടെ വ്യക്തിവിവരങ്ങൾ  ശേഖരിക്കണമെന്ന  ആവശ്യവും  ശക്തമായിട്ടുണ്ട്. മത്സ്യബന്ധന ബോട്ടുകളിൽ നേരത്തെ മുതൽ തന്നെ നാട്ടുകാരായ തൊഴിലാളികൾ  കുറവാണ്. വർഷങ്ങളായി  തമിഴ് തൊഴിലാളികൾക്കാണ് ഈ മേഖലയിൽ ആധിപത്യം. എന്നാൽ ഏതാനും വർഷം മുൻപ്  ഈ മേഖലയിലേക്ക് എത്തിത്തുടങ്ങിയ ഉത്തരേന്ത്യക്കാർ  ഇപ്പോൾ  തമിഴ്നാട്ടുകാരെ പിന്തള്ളി പൂർണ ആധിപത്യം  നേടുന്ന സ്ഥിതിയാണ്. 

പൊലീസിന്റെ  തന്നെ കണക്കുകൾ പ്രകാരം  മുനമ്പം, മുരുക്കുംപാടം മത്സ്യബന്ധന മേഖലയിൽ തൊഴിൽ തേടി എത്തിയിട്ടുള്ളത്  5000ത്തിലേറെ ഇതര സംസ്ഥാന തൊഴിലാളികളാണ്.  ബോട്ടുകൾക്കു പുറമേ വള്ളങ്ങൾ, ഐസ് പ്ലാന്റുകൾ, ഭക്ഷണ ശാലകൾ, മത്സ്യസംസ്കാരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജോലി ലക്ഷ്യമിട്ടാണ് ഇവരുടെ വരവ്. പൊതുവെ ബംഗാളികൾ എന്ന് വിളിക്കുന്ന ഇവരിൽ പലർക്കും തിരിച്ചറിയൽ രേഖകൾ ഇല്ല. ഇനി ഉണ്ടായാൽ തന്നെ ഭൂരിഭാഗവും  ഏജന്റുമാർ തയാറാക്കി  നൽകുന്ന വ്യാജ രേഖകൾ ആയിരിക്കുമത്രേ. പൊലീസിനാകട്ടെ ഈ  തൊഴിലാളികളെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ  ലഭിക്കാനും മാർഗമില്ല. 

ജോലിക്കെത്തുന്നവരിൽ ഭൂരിഭാഗം പേരും സ്ഥിരമായി നിൽക്കില്ലെന്നതിനാൽ ഇത്തരം  രേഖകൾ  ശേഖരിക്കാൻ  തൊഴിലുടമകൾ മെനക്കെടാറില്ല.  ഇതു മൂലം കൂട്ടത്തിലെ ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്താനും കഴിയില്ല. 2 വർഷം മുൻപ്  മുനമ്പം പൊലീസ് വൻ പ്രചാരണ പരിപാടിയിലൂടെ  5000ത്തോളം മറുനാടൻ തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ച്  കംപ്യൂട്ടറിൽ  രേഖപ്പെടുത്തിയിരുന്നു. ഇതു മൂലം കുറ്റകൃത്യം നടത്തുന്നവരെയും അപകടങ്ങളിൽ പെട്ട് മരിക്കുന്നവരേയും അനായാസം തിരിച്ചറിയാൻ കഴിയുമായിരുന്നു.

എന്നാൽ പിന്നീടുളള വർഷങ്ങളിൽ വിവര ശേഖരണം കാര്യക്ഷമമായി തുടർന്നില്ല. അതേസമയം  സ്ഥിരമായി ജോലിയെടുക്കുന്നവരുടെ  വിവരങ്ങൾ ബോട്ടുടമകളും മറ്റു തൊഴിലുടമകളും പൊലീസിന് നൽകുന്നുണ്ട്. അല്ലാത്തവരുടെ വിവരങ്ങൾ ആണ് പൊലീസിന്റെ പക്കൽ ഇല്ലാത്തത്. പൊലീസ് വിവര ശേഖരണം നടത്തിയ വർഷം അതിഥി തൊഴിലാളികൾ ഉൾപ്പെട്ട കേസുകൾ കുറയുകയും ചെയ്തു. കഴിഞ്ഞ വർഷമാകട്ടെ മോഷണമുൾപ്പെടെ ഇക്കൂട്ടർ ഉൾപ്പെട്ട കേസുകൾ ഉണ്ടായി. കഴിഞ്ഞ ദിവസം മുനമ്പത്തുണ്ടായ വധശ്രമക്കേസ് ആണ് ഏറ്റവും ഒടുവിലത്തേത്. 

അതേസമയം  മറുനാടൻ തൊഴിലാളികൾ ഇല്ലെങ്കിൽ മത്സ്യബന്ധന മേഖലയ്ക്കു മുന്നോട്ടു പോകാനാവില്ലെന്ന്  ബോട്ടുടമകൾ   ചൂണ്ടിക്കാട്ടുന്നു. കന്യാകുമാരി, കുളച്ചൽ മേഖലയിൽ നിന്നുള്ള തമിഴ് തൊഴിലാളികളെ ആശ്രയിച്ചാണ്  ഇതുവരെ  ഈ മേഖല മുന്നോട്ടു പോയിരുന്നത്. എന്നാൽ  മത്സ്യമേഖല വളർന്നതോടെ തൊഴിലാളികൾക്ക് ക്ഷാമം നേരിട്ടു. ഇതിനിടയിലാണ്  ഉത്തരേന്ത്യക്കാർ  കടന്നുവന്നത്. കടലിൽ പരിചയം കുറവായതിനാൽ  തുടക്കത്തിൽ ഐസ് പ്ലാന്റ്, പാക്കിങ് മേഖല എന്നിവിടങ്ങളിലാണ് ഇവരെ ജോലിക്ക് എടുത്തിരുന്നത്. ഇതിനിടെ ബോട്ടുകളിലും ചിലർ കയറിക്കൂടി.

ആദ്യമാദ്യം രണ്ടിൽ കൂടുതൽ  ഉത്തരേന്ത്യക്കാരെ ബോട്ടുകളിൽ  ജോലിക്ക്  കയറ്റിയിരുന്നില്ല. എന്നാൽ ഇപ്പോൾ 16 പേർ പണിയെടുക്കുന്ന വലിയ ബോട്ടുകളിൽ 10 പേരും ഉത്തരേന്ത്യക്കാരാണെന്ന സ്ഥിതിയാണ്.   ഒരു സീസണിൽ  പണിക്ക് വന്നാൽ പിന്നെ സീസൺ കഴിയുന്നത് വരെ  ബോട്ടിൽ തന്നെ ഉണ്ടാവുമെന്നതാണ്  ഇവരുടെ ഡിമാൻഡ്  ഉയർത്തിയത്. മാത്രമല്ല അധ്വാനമുള്ള പണികളിലും ഇവർ മുൻപന്തിയിലാണ്. അതുകൊണ്ടു തന്നെ ഇവരെ മേഖലയിൽ നില നിർത്തി  വ്യക്തി വിവരശേഖരണവും മറ്റും ഊർജിതമാക്കണമെന്ന ആവശ്യമാണ്  ഉയരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com