ADVERTISEMENT

കൊച്ചി ∙ ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ) ബ്രഹ്മപുരത്ത് നിർമിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റ് അടുത്ത വർഷം ഡിസംബറിനകം സജ്ജമാകും. പ്ലാന്റിനുള്ള വിശദമായ പദ്ധതി രേഖ (ഡിപിആർ) തയാറാക്കാനുള്ള നടപടികൾ ബിപിസിഎൽ ആരംഭിച്ചു. ഡിപിആർ തയാറാക്കാനായി ഗുഡ്ഗാവ് കേന്ദ്രമായ എയ്റോക്സ് ഏജൻസിയെ ചുമതലപ്പെടുത്തി. ഒക്ടോബറിനകം ഡിപിആർ തയാറാക്കി സമർപ്പിക്കാനാണു സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുള്ളത്.

ബ്രഹ്മപുരത്ത് ദീർഘകാലാടിസ്ഥാനത്തിൽ 10 ഏക്കർ ഭൂമിയാണു പ്ലാന്റ് നിർമാണത്തിനു വേണ്ടി കോർപറേഷൻ സൗജന്യമായി ബിപിസിഎല്ലിനു കൈമാറുക. പ്രതിദിനം 150 ടൺ ശേഷിയുള്ള സിബിജി പ്ലാന്റാണു നിർമിക്കുക. ആവശ്യമെങ്കിൽ പിന്നീട് ശേഷി വർധിപ്പിക്കും. പ്രതിദിനം 150 ടൺ ജൈവ മാലിന്യത്തിന്റെ ലഭ്യത കോർപറേഷൻ ഉറപ്പാക്കും. പ്ലാന്റിന് ആവശ്യമായ വെള്ളവും വൈദ്യുതിയും നിരക്കിളവിൽ ലഭ്യമാക്കുമെന്നു സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്.

പ്ലാന്റിലേക്ക് എത്തിക്കുന്ന മാലിന്യത്തിൽ സംസ്കരിക്കാൻ കഴിയാത്തത് നീക്കം ചെയ്യാൻ‌ കോർപറേഷൻ ബിപിസിഎല്ലിനെ സഹായിക്കും.  ചെറിയ പ്ലാന്റ് ആയതിനാൽ സിബിജി ഉൽപാദനത്തിൽ നിന്നു കോർപറേഷനു വരുമാനം ലഭിക്കില്ല. ബ്രഹ്മപുരത്തെ പ്ലാന്റിൽ നിന്നുള്ള ബയോഗ്യാസ് പൈപ്‌ലൈൻ വഴി അമ്പലമുകളിലെ ബിപിസിഎൽ പ്ലാന്റിലെത്തിക്കും. ബിപിസിഎല്ലിന്റെ സ്വന്തം ആവശ്യത്തിനു വേണ്ടിയാണു ഉപയോഗിക്കുക.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

കംപ്രസ്ഡ് ബയോഗ്യാസ്

ബയോഗ്യാസിൽ നിന്ന് ഹൈഡ്രജൻ സൾഫൈഡ്, കാർബൺ ‍ഡയോക്സൈഡ്, ജലാംശം എന്നിവ നീക്കം ചെയ്ത ശേഷം കംപ്രസ് ചെയ്തെടുക്കുന്നതാണു കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി). ബയോഗ്യാസിൽ 50–60% മീഥൈൻ ആണ് അടങ്ങിയിട്ടുള്ളതെങ്കിൽ സിബിജിയിൽ 90 ശതമാനത്തിനു മുകളിലാണു മീഥൈൻ സാന്നിധ്യം. സിഎൻജിക്കു സമാനമായ രീതിയിൽ കലോറിഫിക് മൂല്യം (ജ്വലന ശേഷി) ഉള്ളതിനാൽ വാഹനങ്ങളിൽ പോലും ഇത് സിഎൻജിക്കു പകരം ഇന്ധനമായി ഉപയോഗിക്കാം. എണ്ണ റീഫൈനറിയിലെ ബോ‌യ്‌ലറിയിൽ ഇന്ധനമായി സിബിജി ഉപയോഗിക്കാനാണു ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com