ADVERTISEMENT

കൊച്ചി ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണത്തിന് 12 കോടി രൂപ സ്മാർട് സിറ്റീസ് മിഷൻ ഫണ്ടിൽ നിന്ന് അനുവദിച്ചു. വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാരിക്കാമുറിയിലെ സ്ഥലത്താണു ബസ് സ്റ്റാൻഡ് നിർമിക്കുക. വിശദ പദ്ധതി രൂപരേഖ (ഡിപിആർ) തയാറാക്കാൻ കേരള സ്റ്റേറ്റ് കൺസ്ട്രക്‌ഷൻ കോർപറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിൽ കാരിക്കാമുറിയിലുള്ള സ്ഥലത്തു വെള്ളക്കെട്ട് ഇല്ലാത്ത ഉയർന്ന പ്രദേശം വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിക്കു കൈമാറും.

ഈ സ്ഥലത്താണു 12 കോടി രൂപ മുടക്കി ബസ് ഷെൽറ്റർ, ശുചിമുറി സമുച്ചയം തുടങ്ങിയവ നിർമിക്കും. കെഎസ്ആർടിസി ബസുകൾക്കു പുറമേ സ്വകാര്യ ബസുകൾക്കും ഈ സ്റ്റാൻഡിലേക്കു പ്രവേശനം അനുവദിക്കുമെന്നു മേയർ എം. അനിൽകുമാർ അറിയിച്ചു. മേയറുടെ അധ്യക്ഷതയിൽ, ഹൈബി ഈ‍ഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ, കലക്ടർ എൻ.എസ്.കെ. ഉമേഷ്, കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) സിഇഒ ഷാജി വി. നായർ എന്നിവർ പങ്കെടുത്ത യോഗത്തിലാണു തീരുമാനം. സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ പ്രതിനിധികളുമായും വിഷയം ചർച്ച ചെയ്തു. യോഗത്തിൽ അംഗീകരിച്ച മാർഗരേഖ പ്രകാരമാണു 12 കോടി രൂപ അനുവദിച്ചത്.

ഡിപിആർ തയാറാക്കുന്നതു വരെ പകുതി പണം വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിക്കു കൈമാറും. ബസ് സ്റ്റാൻഡ് നവീകരണത്തിനു സ്മാർട് സിറ്റി ബോർഡ് നേരത്തേ തത്വത്തിൽ അനുമതി നൽകിയിരുന്നെങ്കിലും ഇന്നലത്തെ യോഗത്തിലാണു പണം അനുവദിച്ചത്. സൗത്ത് റെയിൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന തരത്തിലാണു സ്റ്റാൻഡ് നിർമിക്കുക. കാരിക്കാമുറിയിലെ സ്ഥലത്തിനു പകരമായി വൈറ്റില മൊബിലിറ്റി ഹബ്ബിൽ കെഎസ്ആർടിസിക്കു സ്ഥലം നൽകും.

ഹോക്കി ടർഫ് നിർമാണം സ്പോർട്സ് കേരളയ്ക്ക്

മഹാരാജാസ് കോളജിലെ ഹോക്കി ടർഫ് പുനരുദ്ധാരണത്തിന് 6.3 കോടി രൂപയാണു സ്മാർട് സിറ്റീസ് മിഷൻ ഫണ്ടിൽ നിന്ന് അനുവദിച്ചത്. കായിക വകുപ്പിനു കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷൻ ലിമിറ്റഡിനാകും ഹോക്കി ടർഫിന്റെ നിർമാണ ചുമതല. ഡിപിആർ പ്രകാരമുള്ള 6.3 കോടി രൂപയിൽ പകുതി ആദ്യ ഘട്ടത്തിൽ കൈമാറും. 2013ൽ മെട്രോ സ്റ്റേഷൻ പണിയാൻ സ്ഥലം നൽകിയപ്പോൾ ഹോക്കി ഗ്രൗണ്ടിൽ നിന്നാണു പോയത്. പകരം ഗ്രൗണ്ട് നിർമിച്ചു നൽകുമെന്ന കെഎംആർഎൽ വാഗ്ദാനം പാഴായി. സ്റ്റേഷൻ നിർമാണത്തിനിടെ ചെളിയും മറ്റു പാഴ്‌സാമഗ്രികളും ഗ്രൗണ്ടിലാണു തള്ളിയത്. ഇപ്പോൾ ഒറ്റമഴയിൽ വെള്ളം കയറുന്ന നിലയിലാണു ഗ്രൗണ്ട്. വെള്ളം കെട്ടിനിൽക്കാത്ത തരത്തിൽ ഗ്രൗണ്ട് മണ്ണിട്ട് ഉയർത്തുന്നതിനു തന്നെ കോടികൾ ചെലവു വരും.

ഗ്രൗണ്ട് നവീകരണത്തിനു സർക്കാർ അനുവദിച്ച 44 ലക്ഷം രൂപ മാത്രമാണു മഹാരാജാസ് കോളജ് അധികൃതരുടെ പക്കലുണ്ടായിരുന്നത്. ഗ്രൗണ്ടിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു മുൻകാല ഹോക്കി താരങ്ങൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹൈബി ഈഡൻ എംപിയും ടി.ജെ. വിനോദ് എംഎൽഎയും ഈ വിഷയം സ്മാർട് സിറ്റീസ് മിഷനു മുൻപാകെ ഉന്നയിച്ചിരുന്നു. മേയർ പിന്തുണയ്ക്കുകയും ചെയ്തു. തുടർന്ന് ഇന്നലെ ചേർന്ന ബോർഡ് യോഗം പദ്ധതിക്ക് 6.3 കോടി രൂപ അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു. നഗരത്തിന്റെ ഏറെ നാളായുള്ള 2 ആവശ്യങ്ങൾക്ക് അനുമതി ലഭിച്ചതോടെ അടിസ്ഥാന സൗകര്യ മേഖലയിൽ കൂടുതൽ മുന്നേറാൻ കൊച്ചിക്കു കഴിയുമെന്നു മേയർ എം. അനിൽകുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com