ADVERTISEMENT

കൊച്ചി ∙ ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിയ ചാരം ജലാശയത്തിൽ കലരാതിരിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ചെലവാക്കിയത് 1.41 കോടി രൂപ. ബ്രഹ്മപുരത്തെ മാലിന്യമലയ്ക്കു മുകളിൽ ടാർപോളിൻ വിരിക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾക്കായി പരിസ്ഥിതി സംരക്ഷണ ഫണ്ടിൽ നിന്നു ലഭ്യമാക്കിയ തുകയുപയോഗിച്ചു കോർപറേഷനാണു പണികൾ നടത്തിയത്. മൺസൂൺ മഴയിൽ പ്ലാസ്റ്റിക് കത്തിയ ചാരം പുഴയിൽ എത്താതിരിക്കാനുള്ള നടപടികളെടുക്കണമെന്നു ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശിച്ചിരുന്നു.

കത്തിയ മാലിന്യ കൂമ്പാരത്തിനുള്ളിലേക്കു മഴവെള്ളം ഒലിച്ചിറങ്ങുന്നതു തടയാൻ 50,000 ചതുരശ്ര മീറ്റർ ഭാഗം ഭാരം കുറഞ്ഞ ടാർപോളിൻ ഉപയോഗിച്ചു മൂടി. ടാർപോളിൻ ഷീറ്റിലൂടെ ഒലിച്ചു വന്ന വെള്ളം ചുറ്റുമുള്ള മൺകിടങ്ങുകളിലൂടെ ഒഴുക്കി ടാങ്കിൽ ശേഖരിച്ചുവെന്നു മലിനീകരണ നിയന്ത്രണ ബോർഡ് ട്രൈബ്യൂണലിനെ അറിയിച്ചു.ചാരമടങ്ങിയ വെള്ളം ചിത്രപ്പുഴയിലേക്ക് ഒഴുകാതിരിക്കാൻ തെങ്ങിൻത്തടികൾ ഉപയോഗിച്ചു തൂണുകൾ കെട്ടി രണ്ടു ബണ്ടുകൾ നിർമിച്ചിരുന്നു. രണ്ടാമത്തെ ബണ്ടിൽ ഫൈറ്റോപ്ലാസ്മ ഇനത്തിലുള്ള സസ്യങ്ങൾ ഉപയോഗിച്ചു വെള്ളത്തിലെ ചാരം, ഘന ലോഹങ്ങൾ എന്നിവ നീക്കം ചെയ്ത ശേഷമാണു പുഴയിലേക്ക് ഒഴുക്കിയതെന്നും ബോർഡ് അറിയിച്ചു.

പണി തീർന്നത്മ ഴ കഴിഞ്ഞ്

∙ചാരം പുഴയിലേക്ക് ഒലിച്ചിറങ്ങാതിരിക്കാൻ വേണ്ടി 1.41 കോടി രൂപ ചെലവാക്കിയെങ്കിലും ഈ പണികളിൽ പലതും പൂർത്തിയാക്കിയതു മൺസൂൺ മഴ നന്നായി പെയ്തതിനു ശേഷമാണ്. ജൂലൈ 26നു പണി പൂർത്തിയാക്കിയതായി കോർപറേഷൻ മലിനീകരണ നിയന്ത്രണ ബോർഡിനെ അറിയിച്ചു. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂൺ ആദ്യവാരം മുതൽ ജൂലൈ 26വരെ ഏകദേശം 750 മില്ലിമീറ്റർ മഴ എറണാകുളം ജില്ലയിൽ പെയ്തിട്ടുണ്ട്. ടാർപോളിൻ ഷീറ്റിട്ടു മൂടുന്നതിനും ബണ്ട് കെട്ടുന്നതിനും മുൻപു തന്നെ ബ്രഹ്മപുരത്തെ ചാരം നിറഞ്ഞ മാലിന്യം മഴയിൽ നനഞ്ഞ് ഒഴുകിയിരുന്നുവെന്നു വ്യക്തം.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

തീപിടിക്കാതിരിക്കാൻ ഒരു കോടി ചെലവ്

ബ്രഹ്മപുരത്ത് ഇനി തീപിടിത്തമുണ്ടാകാതിരിക്കാൻ അടിയന്തരമായി നടപ്പാക്കിയ പദ്ധതികൾക്കു കോർപറേഷൻ ആകെ ചെലവാക്കിയത് 1.03 കോടി രൂപ. കെട്ടിക്കിടക്കുന്ന മാലിന്യം വ്യത്യസ്തമായ ചെറു കൂനകളാക്കി മാറ്റി അതിനു ചുറ്റിലുമായി വഴി നിർമിക്കുന്നതായിരുന്നു പ്രധാന ജോലി. ഇതിനു ചെലവാക്കിയത് 71.80 ലക്ഷം രൂപ.

പരിശോധനയ്ക്കും നിരീക്ഷണത്തിനുമായി വാച്ച് ടവർ നിർമിക്കാൻ ചെലവ് 9 ലക്ഷം രൂപ. അഗ്നിരക്ഷാ സംവിധാനം സ്ഥാപിക്കാനുള്ള കോൺക്രീറ്റ് പ്ലാറ്റ്ഫോം നിർമാണത്തിന് 7 ലക്ഷം രൂപ. ഫയർ ഹൈഡ്രന്റിലേക്കു വെള്ളമെത്തിക്കാനായി 50,000 ചതുരശ്ര മീറ്റർ വലുപ്പത്തിൽ ടാങ്ക് നിർമിച്ചതിന്റെ ചെലവ് 15 ലക്ഷം രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com