ADVERTISEMENT

കൊച്ചി ∙ പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്! ‘സന്ദേശം’ എന്ന സിനിമയിലെ ഈ ‍ഡയലോഗ് കേട്ടാൽ ഇപ്പോഴും ചിരി വരും. കൊച്ചി കോർപറേഷനിലാണെങ്കിൽ ഡയലോഗ് അൽപം മാറ്റിപ്പിടിക്കണം– ‘ബ്രഹ്മപുരത്തെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് !’. ബ്രഹ്മപുരം മാലിന്യ പ്ലാന്റിനെക്കുറിച്ചു വിവരാവകാശ പ്രവർത്തകൻ വി.ആർ.സുരേഷ്കുമാർ വിവരാവകാശ നിയമ പ്രകാരം ചോദിച്ച ചോദ്യത്തിന് ‘രേഖകൾ ലഭ്യമല്ലെന്ന്’ കോർപറേഷന്റെ മറുപടി.

2010 മുതൽ 2023 മാർച്ച് വരെ പ്രതിവർഷം എത്ര ടൺ മാലിന്യം വീതമാണു ബ്രഹ്മപുരത്ത് സംസ്കരിച്ചത് എന്ന ചോദ്യത്തിനാണു കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ വിചിത്ര മറുപടി– ‘നിലവിൽ പ്ലാന്റിന്റെ ചാർജുള്ള ഹെൽത്ത് ഇൻസ്പെക്ടറുടെ റിപ്പോർട്ട് പ്രകാരം രേഖകൾ ലഭ്യമല്ല’. ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിന്റെ പേരിൽ കോർപറേഷൻ ശക്തമായ വിമർശനം നേരിടുമ്പോഴാണു ചോദ്യത്തിനു വ്യക്തമായ മറുപടി നൽകാതെ കോർപറേഷന്റെ ഒളിച്ചുകളി.

ബ്രഹ്മപുരത്തെ വിൻഡ്രോ കംപോസ്റ്റ് പ്ലാന്റിൽ 2010 മുതൽ 2023 മാർച്ച് വരെ ഉൽപാദിപ്പിച്ച വളത്തിന്റെ കണക്ക് ചോദിച്ചപ്പോൾ കിട്ടിയ മറുപടി – ‘ബ്രഹ്മപുരം പ്ലാന്റുമായി ബന്ധപ്പെട്ട ഫയലുകൾ‌ വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ടു കൈമാറിയിട്ടുള്ളതിനാൽ ഫയൽ തിരികെ ലഭിക്കുന്ന മുറയ്ക്കു മറുപടി നൽകുന്നതാണ്’. ബ്രഹ്മപുരത്തെ തീപിടിത്തം സംബന്ധിച്ചു സ്വന്തം നിലയിൽ ഒരന്വേഷണവും കോർപറേഷൻ നടത്തുന്നില്ല. സർക്കാർ തലത്തിലും ഹൈക്കോടതി നേരിട്ടും നടത്തുന്ന അന്വേഷണത്തിൽ സഹകരിക്കുന്നുണ്ടെന്നും കോർപറേഷൻ വ്യക്തമാക്കി.

തീയണയ്ക്കാനുള്ള ചെലവ് 28.88 ലക്ഷം !

ബ്രഹ്മപുരത്തു മാർച്ച് 2നുണ്ടായ തീയണയ്ക്കാൻ കോർപറേഷന് മൊത്തം എത്ര തുക ചെലവായെന്ന ചോദ്യത്തിന് 28.88 ലക്ഷം രൂപയെന്നാണു മറുപടി. ഇത്ര കുറച്ചു തുകയോ എന്നു സംശയിച്ച് ഇതിന്റെ ഇനം തിരിച്ചുള്ള വിശദാംശങ്ങൾ നോക്കുമ്പോഴാണു ആഹാരത്തിന്റെയും മാസ്കും ഗ്ലൗസും വാങ്ങിയതിന്റെയും ചികിത്സ തേടിയതിന്റെയും പഞ്ചറൊട്ടിച്ചതിന്റെയും മാത്രം ബില്ലാണെന്നു മനസ്സിലാകുക.

∙ മെഡിക്കൽ എമർജൻസി, മാസ്ക്, ഗ്ലൗസ്– 4,56,705 രൂപ

∙ ആഹാര സാധനങ്ങൾ (സമൃദ്ധി)– 11,61,195

∙ തട്ടുകട– 6,44,918

∙ കുപ്പിവെള്ളം– 3,31,730

∙ ചെറുകടികൾ– 37,254

∙ പഴങ്ങൾ– 53,320

∙ ഇലക്ട്രോണിക് സാധനങ്ങൾ– 1,16,000

∙ വാടക സാധനങ്ങൾ– 83,050

∙ പ്ലമിങ് സാധനങ്ങൾ– 140

∙ വെഹിക്കിൾ പഞ്ചർ– 800

∙ മറ്റുള്ളവ– 3208 രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com