ADVERTISEMENT

കൊച്ചി ∙ ഉത്രാടപ്പാച്ചിലിൽ നാടും നഗരവും ഓടുമ്പോൾ കാണാൻ കണ്ണിനു കുളിർമയേകുന്ന ഓണക്കാഴ്ചകളുമുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈകിട്ടു രസമേറിയ നാടൻ കലാപരിപാടികൾ കാണാം. തോൽപ്പാവക്കൂത്തും ചവിട്ടുകളിയും തിരുവാതിരക്കളിയുമെല്ലാം അരങ്ങിലുണ്ട്.

ജോസ് ജംക്‌ഷനിൽ തോൽപ്പാവക്കൂത്ത്

പ്രശസ്ത കലാകാരൻ രാമചന്ദ്ര പുലവരും സംഘവും അവതരിപ്പിക്കുന്ന ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് ജോസ് ജംക്‌ഷനിലെ കൊച്ചി മെട്രോ ഓപ്പൺ എയർ തിയറ്ററിൽ ഇന്നു വൈകിട്ട് 7നു നടക്കും. എണ്ണവിളക്കുകളുടെ തിരിനാളത്തിൽ 80 പാവകൾ മഹാബലിയുടെ കഥ പറയും. മഹാബലിയുടെ ഐതിഹ്യ പെരുമയും ദേവൻമാരുടെ ചതിപ്രയോഗവും പാലാഴി മഥനവുമെല്ലാം പാവനാടക രൂപത്തിൽ കാണാം. മഹാബലിയും വാമനനും ദേവൻമാരും മാത്രമല്ല, തിരുവാതിരക്കളിയും പുലികളിയുമെല്ലാം പാവകളായി രംഗത്തെത്തും. ഒരു മണിക്കൂർ നേരമാണു പരിപാടി.

പേട്ടയിൽ ചവിട്ടുകളി

വള്ളുവനാട്ടിലെ ഗ്രാമങ്ങളിലെ ഓണക്കാല ആവേശമായ ചവിട്ടുകളി പേട്ട മെട്രോ സ്റ്റേഷനു സമീപം ഇന്നു വൈകിട്ട് 6ന് അരങ്ങേറും. പൂണിത്തുറ നോർത്ത് റസി‍ന്റ്സ് വെൽഫെയർ അസോസിയേഷനാണ് ചവിട്ടുകളിയെ തനിമ നഷ്ടപ്പെടുത്താതെ മെട്രോ നഗരത്തിൽ എത്തിക്കുന്നത്. അസോസിയേഷൻ അംഗങ്ങളായ 6 സ്ത്രീകളടക്കം 18 പേരാണ് ഒരു മണിക്കൂർ നീളുന്ന ചവിട്ടുകളിയിൽ ചുവടുകൾ വയ്ക്കുന്നത്.

മധ്യകേരളത്തിലെ കൈകൊട്ടിക്കളിയുമായി സാമ്യമുള്ളതാണു ചവിട്ടുകളി. ചുവടുകൾക്കു പ്രാധാന്യമുള്ളതിനാൽ ചുവടുകളിയെന്നും അറിയപ്പെടുന്നു. സ്ത്രീകളും പുരുഷൻമാരും ഒരുമിച്ചു ചുവടുവയ്ക്കും. സംഗീതോപകരണങ്ങളില്ല; കൈത്താളം മാത്രം. പുരാണ കഥകളും പരമ്പരാഗത ചുവടുകളുമാണു ചവിട്ടുകളിയുടെ പ്രത്യേകത.

ദർബാർ ഹാളിൽ തിരുവാതിര

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) ഓണാഘോഷം ‘ലാവണ്യം 2023’ന്റെ ഭാഗമായി ദർബാർഹാൾ ഗ്രൗണ്ടിൽ ഇന്നു വൈകിട്ട് 6ന് ശ്രീപാർവതി തിരുവാതിര സംഘത്തിന്റെ തിരുവാതിരക്കളി നടക്കും. തുടർന്ന് പെർഫ്യൂം ബാൻഡിന്റെ ബാൻഡ് ഷോയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com