ADVERTISEMENT

ഓർമയുണ്ടോ നൗഷാദ് എന്ന വഴിയോരക്കച്ചവടക്കാരനെ. 5 വർഷം മുമ്പ് ഇതുപോലെ ഒരു ഓണക്കാലത്ത് നിന്ന നിൽപ്പിൽ പ്രളയം കേരളത്തെ മുക്കിക്കളഞ്ഞപ്പോൾ ഒരുപറ്റം മനുഷ്യർക്ക് ദൈവ തുല്യനായി മാറിയ ഈ മനുഷ്യനെ അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറന്നു കളയാനാകില്ല. സ്വന്തം കടയിലെ വസ്ത്രങ്ങൾ പ്രളയദുരിതം അനുഭവിക്കുന്നവർക്കായി നൽകിയ നൗഷാദ് മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്കും നല്ലൊരു തുക സംഭാവന ചെയ്തിരുന്നു. 5 വർഷങ്ങൾക്കിപ്പുറം നൗഷാദ് തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് മനോരമ ഓൺലൈനിലൂടെ... 

വൈറലായതോടെ ജീവിതം ബുദ്ധിമുട്ടിലായി

വൈറലാകാൻ വേണ്ടിയല്ല ഒന്നും ചെയ്യുന്നത്. പക്ഷെ, വൈറലായതോടെ ജീവിതം തന്നെ ബുദ്ധിമുട്ടിലായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട്‌ സ്വരൂപിക്കുന്നതിനായി എന്നെയും ദുബായിലേക്കു കൊണ്ടുപോയിരുന്നു. അവിടെ ചെന്ന് ഞാൻ പറഞ്ഞത് ആരും എന്റെ കയ്യിൽ ഒന്നുമേൽപ്പിക്കേണ്ട മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് കൊടുത്താൽ മതിയെന്നായിരുന്നു. പലരും സ്നേഹത്തോടെ എന്റെ അക്കൗണ്ടിലേക്ക് തന്ന തുക പോലും ഞാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് കൊടുത്തത്. 

noushad-2

പക്ഷേ ദുബായിൽ പോയി വന്നശേഷം എനിക്ക് ഒരുപാട് കാശ് കിട്ടിയെന്നും ഞാൻ കോടീശ്വരൻ ആണെന്നുമായിരുന്നു പ്രചരണം. ഒരു രൂപ പോലും ഞാൻ കൈപ്പറ്റിയിട്ടില്ല. പ്രവാസിയായിരുന്ന ഞാൻ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയിട്ടിപ്പോൾ 23 വർഷമായി. പ്രവാസി ലോണെടുത്താണ് കട പോലും തുടങ്ങിയത്. എന്നാലിന്ന് കച്ചവടം നടത്താനൊരു കടയില്ല, വഴിയോരക്കച്ചവടത്തിനുള്ള അനുമതിയും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. എനിക്ക് നല്ല ആസ്തിയുണ്ടെന്നും കടയുണ്ടെന്നുമൊക്കെ പറഞ്ഞാണ് ലൈസൻസ് തരാത്തത്. വിലപിടിപ്പുള്ള ഉടുപ്പുകൾ എന്റെ കടയിൽ ഇല്ല. 

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

നേരിട്ടും സമൂഹ മാധ്യമങ്ങൾ വഴിയുമെത്തുന്ന സ്നേഹാന്വേഷണങ്ങൾ ശ്രദ്ധയിൽ പെടാറുണ്ട്. അവരോടെല്ലാം സ്നേഹം മാത്രമാണ്. അടുത്തിടെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് കണ്ടു. ഈ ഓണത്തിന് എല്ലാവരും നൗഷാദിക്കയുടെ കടയിൽ പോയി തുണികൾ വാങ്ങണമെന്നായിരുന്നു പോസ്റ്റ്‌. പക്ഷേ ഓണത്തിനും പെരുന്നാളിനുമൊക്കെ ഇടാൻ പറ്റുന്ന നല്ല ഉടുപ്പുകൾ എന്റെ കടയിൽ ഇല്ല. അത്തരം ഉടുപ്പുകൾ വലിയ കടകളിൽ അല്ലേ കിട്ടൂ.

വസ്ത്രമല്ല സഹായമാണ് അവർക്കു വേണ്ടത്

കടയിലേക്കു വസ്ത്രം വാങ്ങാനെത്തുന്നവരേക്കാൾ കൂടുതൽ സഹായം തേടിയെത്തുന്നവരാണ്. വൈറലായതോടെ സഹായം തേടിയെത്തുന്നവരുടെ എണ്ണവും കൂടി. പല ആവശ്യങ്ങളുമായി ആളുകൾ വരാറുണ്ട്. കയ്യിലുണ്ടെങ്കിൽ ഭക്ഷണമായും വസ്ത്രമായുമൊക്കെ സഹായം നൽകും.

അന്തരിച്ച സിനിമാ താരം അബിയുടെ ആരാണ്?

സിനിമാ താരം അബിയെ പോലെയുണ്ടെന്നും അബിയുടെ ആരാണെന്നും പലരും ചോദിക്കാറുണ്ട്. പണ്ട് ഞാൻ സൗദി അറേബ്യയിൽ ആയിരുന്നപ്പോൾ അവിടെ പലരും ചോദിക്കുമായിരുന്നു എന്തിനാണ് ഇവിടെ വന്ന് കഷ്ടപ്പെടുന്നത്, നാട്ടിൽ വല്ല മിമിക്രിയൊക്കെ ചെയ്ത് ജീവിച്ചാൽ പോരെ എന്ന്. ഞാൻ അബിയാണെന്നായിരുന്നു അവരുടെയൊക്കെ ധാരണ. അബിയല്ല എന്റെ പേര് നൗഷാദ് എന്നാണെന്ന് അവരോടൊക്കെ ഞാൻ പറഞ്ഞു. വൈറലായതിനു ശേഷവും പലരും ചോദിച്ചു. അവരോടൊക്കെ അബി അമ്മായിയുടെ മോനാണെന്ന് തമാശയായി പറയും.

English Summary:
Street vendor Noushad story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com