ഏഴിക്കര ∙ കരയിൽ മുട്ടിക്കാൻ കഴിയാത്ത തരത്തിൽ ലങ്കാ പാലം നിർമിച്ചതിനെതിരെ പ്രതിഷേധം ശക്തം. പണിയിൽ പിഴവുണ്ടെന്ന ആക്ഷേപം ഉയരുന്നതിനിടെ കഴിഞ്ഞദിവസം നിർമാണ സാമഗ്രികൾ കൊണ്ടുപോകാൻ കരാറുകാരൻ ശ്രമിച്ചതു നാട്ടുകാർ തടഞ്ഞു. എതിർപ്പിനെത്തുടർന്നു ശ്രമം ഉപേക്ഷിച്ചെങ്കിലും പാലം നിർമാണം എങ്ങനെ പൂർത്തിയാക്കുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്. പഞ്ചായത്തിന്റെ 11, 12 വാർഡുകളെ ബന്ധിപ്പിച്ചാണു ലങ്കാ പാലം നിർമിക്കുന്നത്. 11–ാം വാർഡ് ലങ്കയിലെ പ്രധാന റോഡ് തുടങ്ങുന്നിടത്തു പാലത്തിന്റെ അപ്രോച്ച് റോഡ് വന്നു മുട്ടണം. എന്നാൽ, അപ്രോച്ച് റോഡിന്റെ ചെരിവു പകുതിയായപ്പോൾ തന്നെ റോഡ് തുടങ്ങുന്നിടത്തെത്തി.
പാലത്തിലേക്കു നാട്ടുകാർക്കു കയറണമെങ്കിൽ പടികളോ കുത്തനെയുള്ള സ്ലോപ്പോ നിർമിക്കണം. രണ്ടായാലും വാഹന, കാൽനട യാത്രികർക്കു ദുരിതമാകുമെന്നു 12–ാം വാർഡ് അംഗം എം.ബി.ചന്ദ്രബോസ് പറഞ്ഞു. എന്നാൽ, പിഴവില്ലെന്നും 90 ഡിഗ്രി വളഞ്ഞു സ്ലോപ്പായി റോഡിൽ മുട്ടുമെന്നും യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാകില്ലെന്നുമാണ് ബന്ധപ്പെട്ട അധികൃതർ പറയുന്നത്. 11-ാം വാർഡിൽ നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തായ ലങ്കയിലെ 23 കുടുംബങ്ങൾക്കു പുറത്തിറങ്ങാൻ പുഴയ്ക്കു കുറുകെയുള്ള ഒരു താൽക്കാലിക നടപ്പാലമേയുള്ളൂ. പ്രദേശത്തെ ആരെങ്കിലും അസുഖ ബാധിതരായാൽ ആശുപത്രിയിൽ കൊണ്ടുപോകാൻ ബുദ്ധിമുട്ടുകയാണ്.
കൂടുതൽ വാർത്തകൾക്ക് : www.manoramaonline.com/local
ഇവിടെ മുൻപുണ്ടായിരുന്ന വീതി കുറഞ്ഞ പാലം ജീർണാവസ്ഥയിലായപ്പോൾ പൊളിച്ചുനീക്കി 2021 ജൂൺ 27ന് പുതിയ പാലത്തിനു ശിലയിട്ടു. എംഎൽഎയുടെ ആസ്തി വികസന സ്കീമിൽ അനുവദിച്ച 93 ലക്ഷം രൂപ ഉപയോഗിച്ചു 4 മീറ്റർ വീതിയുള്ള പുതിയ പാലം നിർമിക്കുന്ന പദ്ധതിയുടെ നിർമാണ ചുമതല മേജർ ഇറിഗേഷൻ വകുപ്പിനായിരുന്നു. ശിലാസ്ഥാപന വേളയിൽ 6 മാസം കൊണ്ട് പൂർത്തിയാക്കുമെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പ്രഖ്യാപിച്ചെങ്കിലും 2 വർഷമായിട്ടും പൂർത്തിയാക്കാനായില്ല.
English Summary: Ezhikkara bridge construction