എച്ച്എംടി ഹൈസ്കൂളിൽ ശുചിമുറികൾക്ക് വാതിലുകളില്ല, സെപ്റ്റിക് ടാങ്ക് ചോരുന്നു; ചുറ്റുമതിൽ ഇല്ല

Mail This Article
കളമശേരി ∙ എച്ച്എംടി എജ്യുക്കേഷനൽ സൊസൈറ്റിക്കു കീഴിലുള്ള എച്ച്എംടി ഹൈസ്കൂൾ ശോച്യാവസ്ഥയിൽ. 567 വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിനു ചുറ്റുമതിൽ ഇല്ല. കാടാണു ചുറ്റും. ഇഴജന്തുക്കളുടെ ഭീഷണിയുണ്ട്. ഇരുട്ടായാൽ സാമൂഹിക വിരുദ്ധർ സ്കൂൾ കയ്യേറുന്നു. സമീപപ്രദേശങ്ങളിൽ കുട്ടികൾക്കു നേരെയുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ എച്ച്എംടി സ്കൂളിന്റെ സുരക്ഷാ വീഴ്ചയിൽ കുട്ടികളും രക്ഷിതാക്കളും ഭീതിയിലാണ്. വി.കെ.ഇബ്രാഹിംകുഞ്ഞ് മന്ത്രിയായിരിക്കെ നിർമിച്ചു നൽകിയ ശുചിമുറികളുടെ വാതിൽ തകർത്ത നിലയിലാണ്.
സെപ്റ്റിക് ടാങ്ക് മാലിന്യം പുറത്തേക്കൊഴുകുന്നതിനാൽ ഒരു ശുചിമുറി ഉപയോഗിക്കാനാകാതെ പൂട്ടിയിട്ടിരിക്കുകയാണ്.5.50 ഏക്കറുള്ള സ്കൂൾ ക്യാംപസിന്റെ ഒരുവശത്തു മാത്രം മതിൽ നിർമിച്ചു ഗേറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മറ്റു 3 വശവും തുറന്നുകിടക്കുകയാണ്. സാമൂഹിക വിരുദ്ധർക്കു പുറമേ തെരുവുനായ്ക്കളുടെയും അലഞ്ഞുനടക്കുന്ന കന്നുകാലികളുടെയും ഭീഷണിയുണ്ട്. നഗരസഭയിലെ ഏക എയ്ഡഡ് സ്കൂളാണ് എച്ച്എംടി സ്കൂൾ.
കുട്ടികൾക്കു നിർമിച്ച പാർക്കിൽ വെള്ളക്കെട്ടാണ്. പാർക്കിനു നടുവിൽ നിന്നിരുന്ന തണൽമരം വെട്ടി പാർക്കിനു മധ്യത്തിൽ ഉപേക്ഷിച്ചിരിക്കുകയാണ്.സമീപത്തെ ഭീമൻ ജലസംഭരണിക്കു ചോർച്ചയുണ്ട്. ജലസംഭരണി സ്ഥാപിച്ചിട്ടുള്ള സ്ഥലത്തിന്റെ ചുറ്റുമതിൽ ഏതുസമയത്തും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്. കുട്ടികൾ കളിക്കുന്നത് ഇതിനു സമീപത്താണ്.
ക്രിക്കറ്റ് പരിശീലനത്തിനായി തയാറാക്കിയ പിച്ചിന്റെ വല സാമൂഹിക വിരുദ്ധർ നശിപ്പിച്ച നിലയിലാണ്. സ്കൂളിലുണ്ടായിരുന്ന പ്ലേ സ്കൂളിന്റെ കെട്ടിടവും തകർച്ചയിലാണ്. രക്ഷിതാക്കളുടെ പരാതിയെത്തുടർന്നു രണ്ടാഴ്ച മുൻപ് എച്ച്എംടി വിജിലൻസ് വിഭാഗം സ്കൂളിലെത്തി സ്ഥിതിഗതി വിലയിരുത്തിയെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല. സ്കൂളിനോടുള്ള മാനേജ്മെന്റിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു രക്ഷിതാക്കൾ ഇന്നു രാവിലെ 8ന് എച്ച്എംടി കമ്പനിക്കു മുന്നിൽ ധർണ നടത്തും.