ബംപർ ലോട്ടറി അടിച്ചവർ സമ്പന്നരായി; അച്ചടിച്ചവർക്ക് ദാരിദ്ര്യം മാത്രം

Mail This Article
കാക്കനാട്∙ ഭാഗ്യക്കുറി ടിക്കറ്റുകൾ അച്ചടിച്ച വകയിൽ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്ക് (കെബിപിഎസ്) കിട്ടാനുള്ളത് കോടികൾ. പല തവണ കത്തെഴുതിയിട്ടും ഇതുൾപ്പെടെയുള്ള അച്ചടിക്കൂലി സർക്കാർ നൽകുന്നില്ല. 35 കോടി രൂപയാണ് ഭാഗ്യക്കുറി അച്ചടിച്ച വകയിൽ കെബിപിഎസിന് ലഭിക്കാനുള്ളത്. ബംപറും പ്രതിവാരവും ഉൾപ്പെടെ 6 ഇനം ഭാഗ്യക്കുറി ടിക്കറ്റുകളാണ് ഇവിടെ അച്ചടിക്കുന്നത്. കിട്ടാക്കടം തീർക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞയാഴ്ചയും മാനേജ്മെന്റ് സർക്കാരിനു വീണ്ടും കത്തു നൽകിയിട്ടുണ്ട്.
പാഠപുസ്തകം അച്ചടിച്ച വകയിലാണ് കുടിശിക കൂടുതൽ. 268 കോടിയാണ് ഈ ഇനത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് നൽകാനുള്ളത്. മറ്റു വകുപ്പുകളുടെ അച്ചടി നിർവഹിച്ച വകയിൽ 14 കോടി രൂപ കിട്ടാനുണ്ട്. ഓരോ അധ്യയന വർഷവും പേപ്പർ വാങ്ങാൻ നാമമാത്ര തുക അനുവദിക്കുന്നതല്ലാതെ കുടിശിക പൂർണമായി തീർക്കാൻ സർക്കാർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. കുടിശിക കിട്ടാത്തതിനാൽ ഇടയ്ക്കു സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാകുന്നു. സ്ഥിരനിക്ഷേപമായി സൂക്ഷിച്ചിട്ടുള്ള തുകയിൽ നിന്ന് പണമെടുത്താണ് പലപ്പോഴും ദൈനംദിന കാര്യങ്ങൾ നടത്തുന്നത്.
അടുത്ത അധ്യയന വർഷത്തേക്കു പാഠപുസ്തകം അച്ചടിക്കാനുള്ള പേപ്പർ വാങ്ങാൻ 91 കോടി രൂപ കെബിപിഎസ് സ്വന്തം നിലയിൽ കണ്ടെത്തിയാണ് തമിഴ്നാട് കമ്പനിക്ക് മുൻകൂറായി നൽകിയിരിക്കുന്നത്. സർക്കാർ വൻതുക കുടിശിക കൊടുക്കാനുണ്ടെങ്കിലും പാഠപുസ്തകം അച്ചടിയിൽ പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ കെബിപിഎസ് മാനേജ്മെന്റും ജീവനക്കാരും ജാഗ്രത പുലർത്തുന്നുണ്ടെന്നത് ശ്രദ്ധേയം. ഓണാവധിക്കു ശേഷം സ്കൂൾ തുറന്നപ്പോൾ രണ്ടാംവാല്യം പാഠ പുസ്തകങ്ങൾ കൃത്യമായി വിദ്യാർഥികളുടെ കയ്യിലെത്തിയതു കെബിപിഎസിന്റെ നേട്ടമാണ്.
ഓണത്തിനു ശേഷം വിതരണം ചെയ്യാൻ 1,81,72,300 പാഠ പുസ്തകങ്ങളാണ് അച്ചടിച്ചത്. മൂന്നാം വാല്യം അച്ചടിയാണ് ഇപ്പോൾ നടക്കുന്നത്. മൂന്നു വാല്യങ്ങളിലായി 4,82,01,200 പാഠപുസ്തകങ്ങൾ അച്ചടിക്കാനാണ് കെബിപിഎസിന് ഈ അധ്യയന വർഷം ഓർഡർ ലഭിച്ചത്. പ്രിന്റിങ്, ബൈൻഡിങ് വിഭാഗങ്ങളിൽ രാത്രിയും പകലും ജോലി ചെയ്താണ് ജീവനക്കാർ പുസ്തകങ്ങളുടെ അച്ചടി സമയബന്ധിതമായി പൂർത്തിയാക്കുന്നത്.