ADVERTISEMENT

വൈപ്പിൻ∙ ആഫ്രിക്കൻ പായൽ ശല്യവും രൂക്ഷമായ വെള്ളപ്പൊക്കവും മത്സ്യത്തൊഴിലാളികളുടെ  ഉപജീവനം മുട്ടിക്കുന്നു. മഴ ആരംഭിച്ച്  ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പുഴയിലും തോടുകളിലും പോളപ്പായൽ നിറഞ്ഞു തുടങ്ങിയിരുന്നു. മഴ നീണ്ടതോടെ  പുഴയിലും തോടുകളിലും  ജലനിരപ്പ് കൂടുകയും ചെയ്തതോടെ  മീൻ ലഭ്യത കാര്യമായി കുറഞ്ഞിരിക്കുകയാണ്.

ernakulam-boat
കനത്ത മഴയിൽ പുതുവൈപ്പ് ആർഎംപി തോട് കവിഞ്ഞു വെള്ളം റോഡിലേക്കൊഴുകുന്നു.

പായൽശല്യം വർഷങ്ങളായി  മത്സ്യത്തൊഴിലാളികളെ   അലട്ടുന്ന പ്രശ്നമാണെങ്കിലും  ഇതുവരെ പരിഹാര നടപടികളൊന്നും  അധികൃതരുടെ  ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല തൊഴിൽനഷ്ടം സംഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. മഴയെ തുടർന്ന് വെള്ളത്തിൽ ഉപ്പിന്റെ അംശം കുറയുമ്പോഴാണ് പായൽ വ്യാപിക്കാറുള്ളത്. ഇത് തൊഴിലാളികൾക്ക് മാസങ്ങളോളം  തൊഴിൽ തടസ്സം ഉണ്ടാക്കുകയും ചെയ്യും. 

പായൽ വന്നു തുടങ്ങിയതോടെ ആഴ്ചകളായി പലയിടത്തും മത്സ്യത്തൊഴിലാളികൾ പണിക്ക് ഇറങ്ങിയിരുന്നില്ല. ഇതിന് പിന്നാലെ മഴ കൂടുതൽ ശക്തമായതോടെ ജലനിരപ്പ് വൻതോതിൽ ഉയർന്നിരിക്കുകയാണെന്ന്  തൊഴിലാളികൾ പറയുന്നു. പുഴയിലും തോടുകളിലും ചെമ്മീൻ കെട്ടുകളിലും  ഇപ്പോൾ ജലനിരപ്പ് സദാ സമയവും ഉയർന്ന നിലയിലാണ്. വേണ്ട രീതിയിൽ വല നീട്ടാൻ കഴിയാത്തതിനാൽ ഇത്തരം സാഹചര്യങ്ങളിൽ മീൻ ലഭ്യത തീരെ കുറയുമെന്ന്  തൊഴിലാളികൾ പറയുന്നു.

അപകടസാധ്യതയും ഉള്ളതിനാൽ പലരും രാത്രി സമയത്ത് പണിക്കിറങ്ങാത്ത സാഹചര്യം ഉണ്ട്. ചാള അടക്കമുള്ള  കടൽമീനുകളുടെ ലഭ്യതയുള്ളതിനാൽ  മീൻ വിപണിയിൽ  ക്ഷാമം അനുഭവപ്പെടുന്നില്ലെങ്കിലും കായലിൽ നിന്നും മീൻ പിടിച്ചു ഉപജീവനം നടത്തുന്നവർക്ക്  കാര്യമായ വരുമാന നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. തീരത്തോട് ചേർന്ന് താമസിക്കുന്നവരുടെ  ജീവിതവും ദുരിതത്തിൽ ആയിരിക്കുകയാണ്.

മഴയില്ലാത്തപ്പോൾ തന്നെ വേലിയേറ്റ സമയത്ത് വെള്ളം  കയറുന്ന വീടുകൾ  ഇപ്പോൾ മുഴുവൻ സമയവും വെള്ളക്കെട്ടിന്റെ പിടിയിലാണ്. വൈപ്പിൻ ദ്വീപിന്റെ കിഴക്കുഭാഗത്ത് കൂടി ഒഴുകുന്ന വീരൻ പുഴ എക്കൽ  നിറഞ്ഞുകിടക്കുന്നതിനാൽ  വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി  വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഇതുമൂലം ചെറുതായി വെള്ളം പൊങ്ങിയാൽ തന്നെ തീരത്തുള്ള വീടുകളിലേക്ക് വെള്ളം എത്തുന്നു. 

ചെമ്മീൻകെട്ടുകളുടെ പരിസരത്ത് താമസിക്കുന്നവരും ഇതേ പ്രശ്നം നേരിടുന്നുണ്ട്. യന്ത്ര സഹായത്തോടെ  ചെമ്മീൻപാടങ്ങളുടെ  വരമ്പ് ബലപ്പെടുത്താനും  തോടുകളുടെ ആഴം കൂട്ടാനും  നിലമുടമകൾ നടത്തിയ നീക്കങ്ങൾ പലയിടത്തും ചില കേന്ദ്രങ്ങളുടെ ഇടപെടലുകളെ തുടർന്ന് തടസ്സപ്പെട്ടിരുന്നു. ഇത് ചെമ്മീൻ കെട്ടുകളുടെയും വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി കുറയാൻ ഇടയാക്കിയിട്ടുണ്ട്. ഇതും വെള്ളപ്പൊക്കത്തിന്റെ  രൂക്ഷത വർധിപ്പിക്കുന്നു,

ernakulam-flood-area
കനത്ത മഴയിൽവെള്ളം കയറിയ തെക്കൻമാലിപ്പുറത്തെ വീടുകളിൽ ഒന്ന്.

തെക്കൻ മാലിപ്പുറത്ത് വീടുകളിൽ വെളളം കയറി
എളങ്കുന്നപ്പുഴ∙ കനത്ത മഴയിൽ തെക്കൻമാലിപ്പുറത്ത് ഒട്ടേറെ വീടുകളിൽ വെളളം കയറി. വീടുകൾക്കകത്ത് വെള്ളം എത്തിയതോടെ ഭക്ഷണം പാകം ചെയ്യാനോ,രാത്രിയിൽ ഉറങ്ങാനോ കഴിയാത്ത സ്ഥിതിയിലാണു കുടുംബങ്ങൾ. ഇവിടെയുണ്ടായിരുന്ന തോടുകൾ നികത്തിയതാണു വെള്ളക്കെട്ടിനിടയാക്കിയത്. ബെൽബോ പടിഞ്ഞാറ് പഞ്ചായത്ത് റോഡുകൾ വെള്ളത്തിനടിയിലായി.വീടുകൾക്കും ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നു. പുതുവൈപ്പ് ആർഎംപി തോട് ചില ഭാഗങ്ങളിൽ കവിഞ്ഞു വെള്ളം റോഡിലേക്കൊഴുകി.

ഒഴുകിയെത്തിയ വെളളം വീടുകൾക്കു ചുറ്റിലും പറമ്പുകളിലും കെട്ടിക്കിടക്കുകയാണ്. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളത്തിലായി. വെള്ളം ഒഴിഞ്ഞു പോകേണ്ടത് ആർഎംപി തോട് വഴിയാണ്. തോടിന്റെ അഴിമുഖകവാടം മണ്ണും ചെളിയും വീണു നികന്നതിനാൽ പുറത്തേക്കു പതുക്കെയാണ് വെള്ളം ഇറങ്ങുന്നത്. ഇത് പുതുവൈപ്പിൽ വെള്ളക്കെട്ട് ക്ഷണിച്ചു വരുത്തുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com