ADVERTISEMENT

കൊച്ചി ∙ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെ തുടർന്നു ജില്ലയിൽ കനത്ത മഴ തുടരുന്നു. അടിയന്തര സാഹചര്യം നേരിടാൻ എല്ലാ താലൂക്കുകളിലും ക്യാംപുകൾ സജ്ജമാക്കാൻ കലക്ടർ നിർദേശം നൽകി. യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ഇന്നും മഴ പെയ്യുമെന്നാണു കാലാവസ്ഥ പ്രവചനം. കൊച്ചി നഗരത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായി.

മണ്ണിടിച്ചിൽ ഭീഷണിയുള്ള കാക്കനാട് കീരേലിമല നിവാസികളെ മാറ്റിപ്പാർപ്പിച്ചു. കാക്കനാട് എംഎഎഎംഎൽപി സ്കൂളിലേക്കാണു 4 കുടുംബങ്ങളിൽ നിന്നായി 13 പേരെ മാറ്റിപ്പാർപ്പിച്ചത്. ഭാരതമാതാ കോളജിനു സമീപം സീപോർട്ട്– എയർപോർട്ട് റോഡിനു കുറുകെ മരവും ഇലക്ട്രിക് പോസ്റ്റും വീണ് ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി.

മൂവാറ്റുപുഴ ഗവ. ടൗൺ സ്കൂൾ കെട്ടിടത്തിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു റോഡിലേക്കു പതിച്ചു. സമീപത്തുണ്ടായിരുന്ന ലോട്ടറി കച്ചവടക്കാരനെ ചെറിയ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട ഭീഷണിയുള്ള മതിലിനു സമീപമുള്ള നടപ്പാത വഴി യാത്ര ചെയ്യുന്നതു തടഞ്ഞു. മതിൽ ഉടൻ പുനർനിർമിക്കുമെന്നു നഗരസഭ അധികൃതർ അറിയിച്ചു.

മഴ ശക്തായതോടെ ഭൂതത്താൻകെട്ട് ബാരേജിന്റെ 5 ഷട്ടറുകൾ ഉയർത്തി. ജലനിരപ്പ് 34 മീറ്ററിൽ ക്രമീകരിച്ചിരിക്കുകയാണ്. കീരംപാറ പഞ്ചായത്തിലെ പാലമറ്റത്തു റോഡിനു കുറുകെ മരം വീണു ഗതാഗതം തടസ്സപ്പെട്ടു.സംസ്ഥാന പാതയോരത്ത് ഉൾപ്പെടെ വൈപ്പിനിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ട്. ചെമ്മീൻ കെട്ടിലുൾപ്പെടെ പരിധിയിലേറെ വെള്ളം നിറഞ്ഞു.

പോളപ്പായൽ ശല്യവും രൂക്ഷമായതിനാൽ മത്സ്യത്തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണ്. മഴയിൽ പുലർച്ചെ നാലിനു ബോൾഗാട്ടി പണ്ടാരപറമ്പിൽ ചന്ദ്രന്റെ വീടിന്റെ മേൽക്കൂര തകർന്നുവീണു. ഇവിടെ താമസിക്കുന്ന സഹോദരി പുത്രൻ പി.ടി. ഉണ്ണി, ഭാര്യ ബിന്ദു എന്നിവർക്കു പരുക്കേറ്റു. തെക്കൻ മാലിപ്പുറത്തു വീടുകളിൽ വെള്ളം കയറി. പനമ്പുകാട്, വല്ലാർപാടം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. മത്സ്യത്തൊഴിലാളികൾ 2 ദിവസമായി കടലിൽ പോയിട്ടില്ല.

മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, തോപ്പുംപടി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ട്. ചിലയിടങ്ങളിൽ റോഡുകളിൽ മുട്ടറ്റം വെള്ളം കയറി. കാനകൾ നിറഞ്ഞു റോ‍ഡിലേക്ക് ഒഴുകി. കൽവത്തി– രാമേശ്വരം കനാൽ നിറഞ്ഞൊഴുകി. കാനകളിൽ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം മൂലം വെള്ളമൊഴുക്കിനും തടസ്സമുണ്ടായി. തൃപ്പൂണിത്തുറ വടക്കേക്കോട്ട– ശ്രീപൂർണത്രയീശ ക്ഷേത്രം റോഡ്, സ്റ്റാച്യു റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി.

പള്ളിപ്പറമ്പു കാവ് റോഡ്, എം.കെ.കെ. നായർ നഗർ റോഡ് എന്നിവിടങ്ങളിലും വെള്ളം കയറി. കാനകൾ കവിഞ്ഞൊഴുകി.മഴയെ തുടർന്നുള്ള സാഹചര്യങ്ങൾ വിലയിരുത്താൻ കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ദുരന്ത നിവാരണം ഡപ്യൂട്ടി കലക്ടർ ഉഷ ബിന്ദുമോൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

ഇടമലയാറിൽ ജലനിരപ്പ് 151.36 മീറ്റർ
കോതമംഗലം∙ ഇടമലയാർ അണക്കെട്ടിൽ ഇന്നലെ രാത്രി ജലനിരപ്പ് 151.36 മീറ്ററായി. ഇന്നലത്തേതിൽ നിന്നു 35 സെന്റിമീറ്റർ ഉയർന്നു. മഴ കനത്തതിനാൽ നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടു 3 മണിക്കൂറിൽ 10 സെന്റി മീറ്റർ വെള്ളം കൂടി. 169 മീറ്റർ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ 166.5 മീറ്ററാണു റൂൾ കർവ്. 

24 മണിക്കൂറിൽ പെയ്ത മഴ
എറണാകുളം സൗത്ത്– 130 മില്ലി മീറ്റർ
പള്ളുരുത്തി– 102
ഓടക്കാലി– 84
ഇടമലയാർ– 73
നീലീശ്വരം– 65
ചൂണ്ടി– 64.5
പിറവം– 40
പെരുമ്പാവൂർ– 40
ആലുവ– 37
കളമശേരി– 20 മില്ലി മീറ്റർ

മഴക്കെടുതി: കൺട്രോൾ റൂം
മഴക്കെടുതി പ്രശ്നങ്ങൾ പരിഹരിക്കാനായി കോർപറേഷൻ കൺട്രോൾ റൂം തുറന്നു.
0484 236 9007, 89216 89763.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com