ADVERTISEMENT

കൊച്ചി ∙ ഗാന്ധിജയന്തി ആഘോഷത്തോട് അനുബന്ധിച്ചുള്ള സ്വച്ഛതാ സേവ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി ജില്ലയിലെ വിവിധ സ്ഥാപനങ്ങളും സംഘടനകളും.  ദക്ഷിണ നാവിക കമാൻഡിന് കീഴിലെ വൊളന്റിയർമാർ കൊച്ചിയിൽ എംജി ബീച്ച്, ഫോർട്ട്കൊച്ചി, മറൈൻ ഡ്രൈവ്, സിഒപിടി വോക്‌വേ, വില്ലിങ്ഡൻ ദ്വീപ്, ബോൾഗാട്ടി, ക്വീൻസ് വോക്‌വേ എന്നിവിടങ്ങളിൽ ശുചീകരണ യ‍ജ്ഞം നടത്തി. ഫോർട്ട്കൊച്ചിയിൽ നടന്ന പരിപാടിക്കു ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എം.എ.ഹംപി ഹോളി നേതൃത്വം നൽകി.

ഇന്ന് പോസ്റ്റർ മേക്കിങ് മത്സരം, സ്വച്ഛത പ്രതി‍ജ്ഞ എന്നിവ ഉൾപ്പെടെയുണ്ട്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ പുതുവൈപ്പിൻ, പുത്തൻതോട്, വളപ്പ്, അർത്തുങ്കൽ, ഫോർട്ട്കൊച്ചി, പെരിയാർ നദീമുഖം, ആലുവ, പനയപ്പള്ളി, വെളി ഗ്രൗണ്ട് എന്നിവിടങ്ങളിലായിരുന്നു ശുചീകരണ യ‍ജ്ഞം. കോസ്റ്റ് ഗാർഡ് ഡിഐജി എൻ.രവി ഉദ്ഘാടനം ചെയ്തു. കോർപറേഷൻ കൗൺസിലർ ഷീബ ഡുറോം, പുതുവൈപ്പ് പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് തുടങ്ങിയവർ പ്രസംഗിച്ചു. കോസ്റ്റ് ഗാർഡ് അംഗങ്ങളെക്കൂടാതെ, കേന്ദ്ര–സംസ്ഥാന സർക്കാർ പ്രതിനിധികൾ, എൻസിസി അംഗങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ, എംപിഇഡിഎ, കോസ്റ്റൽ പൊലീസ് എന്നിവരും പങ്കെടുത്തു. 

റെയിൽവേ, എസ്ബിഐ എന്നിവരുമായി ചേർന്ന് കളമശേരി കുസാറ്റിലെ എൻഎസ്എസ് സംഘം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. എസ്ബിഐ, റെയിൽവേ ഉദ്യോഗസ്ഥരും പങ്കെടുത്തു. വിദ്യാർഥികൾ സ്റ്റേഷനി‍ൽ ഫ്ലാഷ്മോബ് അവതരിപ്പിച്ചു. റെയിൽവേ ഏരിയ മാനേജർ ഡി.പരിമളൻ, കുസാറ്റ് എൻഎസ്എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. രമ്യ രാമചന്ദ്രൻ, പ്രോഗ്രാം ഓഫിസർമാരായ ലിതിൻ തോമസ്, ഡോ. എസ്.വൃന്ദ, റെയിൽവേ ഹെൽത്ത് ഇൻസ്പെക്ടർ സാജു, എസ്ബിഐ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.

നാളികേര വികസന ബോർഡ് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടത്തിയ ശുചീകരണ പക്ഷാചരണ ക്യാംപിൽ സെക്രട്ടറി ആർ.മധുവിന്റെ നേതൃത്വത്തിൽ ബോർഡ് ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും പങ്കെടുത്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം റീജനൽ ബിസിനസ് ഓഫിസിനു കീഴിലെ ബ്രാഞ്ചുകളിലുള്ള അൻപതോളം ജീവനക്കാർ ആലുവ റെയിൽവേ സ്റ്റേഷൻ കോളനി റോഡും പരിസരവും ശുചീകരിച്ചു. റീജനൽ മാനേജർ വിനോദ് ജഗദീശൻ, എച്ച്ആർ മാനേജർ ഗോവിഷ് മേനോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. 

കൊച്ചി മെട്രോയുടെ കോർപറേറ്റ് ഓഫിസ്, മുട്ടം കൊച്ചി മെട്രോ യാഡ് പരിസരങ്ങൾ കൊച്ചി മെട്രോ ഉദ്യോഗസ്ഥർ വൃത്തിയാക്കി. കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്‌റ നേതൃത്വം നൽകി. സിഫ്നെറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ അധ്യാപകരും വിദ്യാർഥികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. കെഎസ്ആർടിസി ബോട്ട് ജെട്ടി സ്റ്റാൻഡിലും പരിസരത്തുമായിരുന്നു ശുചീകരണം. കോർപറേഷൻ സ്ഥിര സമിതി അധ്യക്ഷൻ ജെ.സനിൽമോൻ ഉദ്ഘാടനം ചെയ്തു. സിഫ്നെറ്റ് ഡയറക്ടർ എം.ഹബീബുല്ല അധ്യക്ഷനായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com