ADVERTISEMENT

കൊച്ചി ∙ കോർപറേഷനിൽ 40 വയസ്സിനു മുകളിലുള്ള മുഴുവൻ സ്ത്രീകളെയും സ്തനാർബുദ നിർണയ പരിശോധന നടത്താനായി ‘തൂവൽസ്പർശം’ പദ്ധതി. ആരോഗ്യ വകുപ്പും കൊച്ചി കോർപറേഷനും ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്. സ്തനാർബുദം സ്ഥിരീകരിക്കുന്നവർക്ക് എറണാകുളം ജനറൽ ആശുപത്രിയിലെ കാൻസർ സ്പെഷ്യൽറ്റി ബ്ലോക്കിൽ തുടർ ചികിത്സയും ലഭ്യമാക്കും. തൂവൽസ്പർശം പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ജനറൽ ആശുപത്രിയിലെ കാൻസർ സ്പെഷ്യൽറ്റി ബ്ലോക്ക് തുറക്കുന്നതിനോട് അനുബന്ധിച്ചാണു കോർപറേഷനിൽ സ്തനാർബുദ നിർണയ പരിശോധനയും നടത്തുന്നത്.

വിവിധ ഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി 29നു കോർപറേഷനിലെ 74 ഡിവിഷനുകളിലും സ്തനാർബുദ നിർണയ ക്യാംപ് നടത്തും. ആശാ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ഭവന സന്ദർശനവും ബോധവൽക്കരണവുമാണു പദ്ധതിയുടെ ആദ്യ ഘട്ടം. 40 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കു സ്വയം സ്തനപരിശോധന നടത്തി അർബുദ സാധ്യത കണ്ടെത്തുന്നതിനെ കുറിച്ചാണു ബോധവൽക്കരണം നൽകുക. ഇങ്ങനെ സാധ്യതയുള്ളവരെ 29നു നടക്കുന്ന ക്യാംപിൽ‌ വനിത ഡോക്ടർമാർ പരിശോധിക്കും.

തുടർന്ന് അർബുദ സാധ്യത സംശയിക്കുന്നവരെ ജനറൽ ആശുപത്രിയിൽ അൾട്രാസൗണ്ട്, മാമോഗ്രാം പരിശോധനയ്ക്കു വിധേയരാക്കും. രോഗം സ്ഥിരീകരിക്കുന്നവരുടെ തുടർ ചികിത്സയും ജനറൽ ആശുപത്രിയിൽ നടത്തും. ഇതിനു വേണ്ടി പ്രത്യേക ഒപി കാൻസർ സ്പെഷ്യൽറ്റി ബ്ലോക്കിൽ പ്രവർത്തിക്കുമെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷാ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com