ADVERTISEMENT

ആലങ്ങാട് ∙ പെരിയാറിൽ അടിഞ്ഞുകൂടിയ എക്കലും മണലും നീക്കം ചെയ്യുന്നതിന്റെ മറവിൽ ലക്ഷങ്ങളുടെ മണൽക്കൊള്ള നടക്കുന്നതായി പരാതി. പ്രളയത്തെ തുടർന്നു 2020 ഓഗസ്റ്റിലാണു പെരിയാറിൽ അടിഞ്ഞു കൂടിയ എക്കലും മണലും ഒരുപോലെ നീക്കം ചെയ്യുന്നതിനാണു മേജർ ഇറിഗേഷൻ വകുപ്പ് വഴി ടെൻഡർ നൽകിയത്. തുടർന്ന് അന്നു പുറപ്പിള്ളിക്കാവ് റഗുലേറ്റർ കം ബ്രിജിനു സമീപത്തു നിന്നു ഡ്രജിങ് നടത്തി വൻതോതിൽ മണൽ വിവിധ പ്രദേശങ്ങളിൽ സംഭരിക്കുന്നതുമായി ബന്ധപ്പെട്ടു പ്രതിഷേധങ്ങളും പരാതിയും ഉയർന്നതോടെ ഡ്രജിങ് നിർത്തി വയ്ക്കുകയും മണലൂറ്റ് സംഘം സ്ഥലം കാലിയാക്കുകയും ചെയ്തു.

എന്നാൽ വീണ്ടും പുറപ്പിള്ളിക്കാവ് റഗുലേറ്റർ കം ബ്രിജിനു സമീപം കുറച്ചു ദിവസങ്ങളായി വീണ്ടും അനധികൃത മണലൂറ്റു നടക്കുകയാണെന്നു നാട്ടുകാർ പറയുന്നു. കരുമാലൂർ– കുന്നുകര പഞ്ചായത്തുകളുടെ അനുമതിയില്ലാതെയാണ് ഇവിടെ നിന്നു വൻതോതിൽ മണൽ കടത്തിക്കൊണ്ടു പോകുന്നതെന്നു പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ബീന ബാബു പറഞ്ഞു. മേജർ ഇറിഗേഷൻ വകുപ്പ് അനുമതി നൽകി ഈ മണൽക്കൊള്ളയ്ക്കു കൂട്ടു നിൽക്കുന്നതായും ജിയോളജിക്കൽ വകുപ്പിന്റെ പാസ് ദുരുപയോഗം ചെയ്യുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.

എക്കൽ നീക്കം ചെയ്യാനെന്ന പേരിൽ വൻ തോതിൽ മണൽ മാത്രമാണു സംഭരിക്കുന്നതെന്നു നാട്ടുകാർ പറഞ്ഞു.ടിപ്പർ ലോറിയിൽ മണൽ അടിക്കുന്നതിനു 24,000 രൂപയാണു വിപണി വില. ഇങ്ങനെ വിൽപന നടത്തുമ്പോൾ കോടിക്കണക്കിനു രൂപയുടെ അഴിമതിയാണു പുറപ്പിള്ളിക്കാവ് റഗുലേറ്റർ കം ബ്രിജിനു സമീപം നടക്കുന്നതെന്നും അധികൃതരുടെ ഒത്താശയോടെയാണ് ഇതു നടക്കുന്നതെന്നും ജനങ്ങൾ പറയുന്നു.

English Summary:

Exposed: Massive Sand Theft Scandal Underway in Periyar River

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com