ADVERTISEMENT

കാക്കനാട്∙ തൃക്കാക്കര നഗരസഭാ പരിധിയിലെ അതി ദരിദ്രർക്കുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാതെ നശിപ്പിച്ചെന്നു പരാതി. നഗരസഭ ഓഫിസ് സമുച്ചയത്തിലെ കുടുംബശ്രീ ബ്ലോക്കിൽ ദിവസങ്ങളായി കൂട്ടിയിട്ടിരിക്കുന്ന ഭക്ഷ്യക്കിറ്റുകൾ ഉപയോഗ ശൂന്യമായെന്നു  പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. സംഭവം വിവാദമായതോടെ ഓഫിസിൽ നിന്നു മാറ്റിയ കിറ്റ് നഗരസഭ വളപ്പിൽ ഉപയോഗിക്കാതെ കിടന്നിരുന്ന വാഹനത്തിൽ കണ്ടെത്തിയതു പ്രതിഷേധം ശക്തമാക്കി. നേരത്തെ ചോർച്ചയുള്ള ഭാഗത്താണു കിറ്റ് വച്ചിരുന്നതെന്നതിനാൽ പലതും നനഞ്ഞു കുതിർന്ന നിലയിലാണ്. കിറ്റിലെ പഞ്ചസാര ഉപയോഗിക്കാനാകാതെ അലിഞ്ഞു പോയി. പലതവണ ആവശ്യപ്പെട്ടിട്ടും കിറ്റ് വിതരണം ചെയ്യാൻ ക്ഷേമകാര്യ സ്ഥിര സമിതി അനുമതി നൽകിയില്ലെന്നു ജീവനക്കാർ പറഞ്ഞതായി കൗൺസിലർമാർ അറിയിച്ചു. 

ഉദ്ഘാടനം നടത്താനായി മാറ്റി വച്ചതാണെന്നാണ് ആരോപണം. പ്രതിപക്ഷ കൗൺസിലർമാർ കിറ്റ് തുറന്നു പരിശോധിച്ചപ്പോൾ പായ്ക്കറ്റുകൾ പലതും എലി കരണ്ട നിലയിലായിരുന്നു. ഇവ മാറ്റി പുതിയ കിറ്റ് വിതരണം ചെയ്യണമെന്നാണ് ആവശ്യം. നഗരസഭ പ്രതിപക്ഷ നേതാവ് എം.കെ.ചന്ദ്രബാബു, അജുന ഹാഷിം, പി.സി.മനൂപ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ ചേംബറിനു മുൻപിൽ പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകർ നഗരസഭാധ്യക്ഷയുടെയും ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷയുടെയും ചേംബറുകൾ ഉപരോധിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം മീനു സുകുമാരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഹക്കിം അലിയാർ അധ്യക്ഷത വഹിച്ചു. കെ.ബി.സൂരജ്, പ.ബി.ദീപക് കുമാർ, എം.എം.സജിത്, വിഷ്ണു വേണുഗോപാൽ, വിഷ്ണു ജി.മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com