ADVERTISEMENT

കാക്കനാട്∙ പ്രത്യേക സാമ്പത്തിക മേഖലയിലെ എസ്എഫ്ഒ ടെക്നോളജീസ് ജീവനക്കാരൻ കോട്ടയം പാലാ സ്വദേശി രാഹുൽ ഡി. നായരുടെ മരണം ഭക്ഷ്യവിഷബാധ മൂലമാണെന്ന് ഉറപ്പിക്കാതെ ആരോഗ്യ വകുപ്പും പൊലീസും. ഷവർമ കഴിച്ചതിനു ശേഷമാണു രാഹുലിന് അസ്വസ്ഥത തുടങ്ങിയതെന്ന് സുഹൃത്തുക്കളും  ബന്ധുക്കളും ഉറപ്പിച്ചു പറയുന്നതിനാൽ ആ വഴിക്കാണ് അന്വേഷണം. എന്നാൽ ഭക്ഷ്യ വിഷബാധയാണെന്നു മരണകാരണമെന്നു സ്ഥിരീകരിക്കാൻ ഔദ്യോഗിക ഏജൻസികൾ തയാറായിട്ടില്ല.

ഭക്ഷ്യ സുരക്ഷ വകുപ്പിലെ വിദഗ്ധരും പൊലീസിന്റെ ഫൊറൻസിക് വിഭാഗവും നഗരസഭ ആരോഗ്യ വിഭാഗവും ഹോട്ടലിൽ പരിശോധന നടത്തിയെങ്കിലും ഷവർമ വാങ്ങിയെന്നു പറയുന്ന ദിവസത്തെ സാംപിളുകൾ ശേഖരിക്കാനായില്ല. പരിശോധിച്ച ദിവസം ഹോട്ടലിലുണ്ടായിരുന്ന സാംപിളുകളാണു ശേഖരിച്ചത്. രാഹുലിനൊപ്പം താമസിച്ചിരുന്നവരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. രാഹുൽ വരുത്തിയ ഷവർമ മറ്റാരും കഴിച്ചിട്ടില്ലെന്നാണു കൂടെയുണ്ടായിരുന്നവർ പറയുന്നത്. അന്നേ ദിവസം നൂറിലേറെ പേർ ഈ ഹോട്ടലിൽ നിന്നു ഷവർമ വാങ്ങിയിട്ടുണ്ട്. മറ്റാർക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ആദ്യ ദിവസങ്ങളിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതു കൊണ്ടാണു ഒപിയിൽ ഡോക്ടറെ കണ്ടു മരുന്നുകൾ വാങ്ങി മടങ്ങിയതെന്നു രാഹുലിന്റെ സുഹൃത്തുക്കൾ പറഞ്ഞു. 22നു രാവിലെ അവശനായതോടെ രാഹുൽ തന്നെയാണ് ആശുപത്രിയിൽ പോകണമെന്നു പറഞ്ഞത്. എന്നാൽ ആശുപത്രിയിലെത്തും മുൻപേ ബോധം നഷ്ടപ്പെട്ടു. ഡോക്ടർമാരുമായോ ബന്ധുക്കളുമായോ സംസാരിക്കാവുന്ന അവസ്ഥയിലായിരുന്നില്ല. ഉടൻ തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കടുത്ത അണുബാധയുടെ (സെപ്റ്റിസീമിയ) ലക്ഷണങ്ങൾ പ്രകടിപ്പിച്ച യുവാവിന്റെ അവയവങ്ങളുടെ പ്രവർത്തനം അതീവ ഗുരുതരമായ നിലയിലായിരുന്നു എന്നും ആശുപത്രി അധികൃതർ പറയുന്നു.

ഷവർമ കഴിച്ചുവെന്ന് കരുതുന്ന യുവാവ് ആശുപത്രിയിൽ മരിച്ചു
കാക്കനാട് (കൊച്ചി)∙ ഷവർമ കഴിച്ചതിനെ തുടർന്നു ഗുരുതരാവസ്ഥയിലായെന്നു പറഞ്ഞു സുഹൃത്തുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. കോട്ടയം ചെമ്പിളാവ് ചിറക്കരക്കുഴിയിൽ കെഎസ്ഇബി റിട്ട. ഓവർസീയറും കെടിയുസി (എം) പാലാ ടൗൺ മണ്ഡലം സെക്രട്ടറിയുമായ കെ.കെ. ദിവാകരൻ നായരുടെ മകൻ രാഹുൽ ഡി. നായരാണു (24) കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്ക് 2.55നു മരിച്ചത്. പ്രത്യേക സാമ്പത്തിക മേഖലയിലെ കമ്പനിയിൽ ട്രെയ്നി ആയിരുന്നു.

ചിറ്റേത്തുകരയിൽ സുഹൃത്തുക്കൾക്കൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്നു. കൂടെ താമസിച്ചിരുന്ന യുവാക്കൾ 22നു രാവിലെ പത്തരയ്ക്കാണു രാഹുലിനെ അബോധാവസ്ഥയിൽ കാക്കനാട് സൺറൈസ് ആശുപത്രിയിൽ എത്തിച്ചത്. ഹൃദയസ്തംഭനം ഉണ്ടായ അവസ്ഥയിലാണു രാഹുലിനെ എത്തിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ആരോഗ്യനില മോശമായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കടുത്ത അണുബാധ  അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ച നിലയിലായിരുന്നു. യുവാവിന് ഭക്ഷ്യ വിഷബാധ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധന ഫലം ലഭ്യമായ ശേഷമേ വ്യക്തമാകൂവെന്നു സൺറൈസ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. തോമസ് ഗ്രിഗറി പറഞ്ഞു. 

18നു മാവേലിപുരം ലേ ഹയാത്ത് ഹോട്ടലിൽ നിന്ന് ഓൺലൈനായി വരുത്തിയ ഷവർമ കഴിച്ചതിനു ശേഷമാണു രാഹുൽ അവശ നിലയിലായതെന്നാണു സുഹൃത്തുക്കൾ പറയുന്നത്. ഡോക്ടർമാരുമായോ ബന്ധുക്കളുമായോ രാഹുൽ സംസാരിച്ചിട്ടില്ല. ഷവർമ കഴിച്ചെന്ന വിവരം സുഹൃത്തുക്കൾ വഴിയാണു ബന്ധുക്കൾ അറിയുന്നത്. 

19 മുതൽ പനിയും വയറിളക്കവും ഉണ്ടായിരുന്നു. തുടർന്ന് അന്നു മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. അവശനിലയിൽ ആയതിനെത്തുടർന്നാണ് 22നു വീണ്ടും ആശുപത്രിയിലെത്തിച്ചത്. രാഹുലിന്റെ മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി കളമശേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. എം.പി. സിൽവിയാണു മാതാവ്. സഹോദരങ്ങൾ: കാർത്തിക്, ഭവ്യ. 

രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം തന്നെ തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നിർദേശത്തെ തുടർന്നു ഹോട്ടൽ അടച്ചു. ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പും പൊലീസ് ഫൊറൻസിക് വിഭാഗവും പരിശോധന നടത്തിയെങ്കിലും അന്നത്തെ ഷവർമ സാംപിൾ ലഭ്യമായില്ല. ഹോട്ടലിൽ ഉണ്ടായിരുന്ന ഭക്ഷണത്തിന്റെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

English Summary:

No one else who ate shawarma that day had any problems; Is food poisoning the cause of Rahul's death?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com