പൊലീസ് സ്റ്റേഷൻ വളപ്പിൽ മരം ഒടിഞ്ഞുവീണു, തൊണ്ടിവാഹനങ്ങൾ തകർന്നു; ആളപായമില്ല
Mail This Article
പിറവം∙ ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്നിരുന്ന മരം ഒടിഞ്ഞുവീണു വാഹനങ്ങൾ തകർന്നു. വിവിധ കേസുകളുമായി ബന്ധപ്പെട്ടു പിടിച്ചെടുത്ത ഒരു കാറും ഓട്ടോറിക്ഷകളും ഉൾപ്പെടെയുള്ള വാഹനങ്ങളാണു തകർന്നത്. സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരും സിവിൽ പൊലീസ് ഓഫിസർമാരും നിൽക്കാറുള്ള ഭാഗമാണിത്. സംഭവ സമയത്തു ആരും ഇല്ലാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി.
താരതമ്യേന തായ്തടിക്കു കടുപ്പം കുറഞ്ഞ വാക ഇനത്തിൽ പെട്ട മരങ്ങളാണു സ്റ്റേഷൻ വളപ്പിൽ നിൽക്കുന്നത്. നേരത്തെയും രാത്രി സ്റ്റേഷൻ വളപ്പിലെ മറ്റൊരു മരം ഒടിഞ്ഞു വീണിരുന്നു. അപകടാവസ്ഥ ചൂണ്ടിക്കാട്ടി പരാതി നൽകിയതിനെ തുടർന്നു വനംവകുപ്പ് വെട്ടി നീക്കുന്നതിനു തുടക്കമിട്ടു മരത്തിനു വില നിശ്ചയിച്ചു പ്രസിദ്ധപ്പെടുത്തി. ഇൗ വില പൊരുത്തപ്പെടാതായതോടെയാണു വെട്ടി നീക്കുന്ന നടപടികൾ അനിശ്ചിതത്വത്തിൽ ആയത്. ശക്തമായ കാറ്റും മഴയും തുടരുന്ന ഇപ്പോഴത്തെ നിലയിൽ ശേഷിക്കുന്ന മരങ്ങളും ഒടിഞ്ഞു വീഴാനുള്ള സാധ്യത ഏറെയാണ്.