നട്ടെല്ലിനേറ്റ ക്ഷതം ഭേദമാക്കി ഗവ. ആയുർവേദ ആശുപത്രി

Mail This Article
കൂത്താട്ടുകുളം∙ 'ചെള്ളയ്ക്കപ്പടി ഗവ. ആയുർവേദ ആശുപത്രിയിലെ ഡോക്ടറേയും ജീവനക്കാരെയും ഒരിക്കലും മറക്കില്ല. ഒരായിരം നന്ദി'. കൂപ്പുകൈകളോടെ കൂത്താട്ടുകുളം ചോരക്കുഴി സ്വദേശി നമ്പേലിൽ ഡി. ബാലന്റെ വാക്കുകളാണിത്. മരംവെട്ട് തൊഴിലാളിയായ ബാലൻ ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. നട്ടെല്ലിനേറ്റ പരുക്കുകൾ ഗുരുതരമാണെന്നും എഴുന്നേറ്റു നടക്കുക അസാധ്യമാണെന്നും എല്ലാവരും വിധിയെഴുതി. ചികിത്സയ്ക്കു പണമില്ലാതെ ജീവിതം കിടക്കയിൽ അവസാനിക്കുമെന്ന് കരുതിയിടത്തു നിന്നാണ് ചെള്ളയ്ക്കപ്പടി ഗവ. ആയുർവേദ ആശുപത്രിയിലെ ചികിത്സയിലൂടെ ബാലൻ പൂർണ സുഖം പ്രാപിച്ചത്.
കൂത്താട്ടുകുളം നഗരസഭാധ്യക്ഷ വിജയ ശിവന്റെ നിർദേശ പ്രകാരം സൗജന്യമായി ആംബുലൻസ് വിട്ടുനൽകുകയും ബാലനെ ചെള്ളയ്ക്കപ്പടി ആയുർവേദ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു . 56 ദിവസത്തെ ചികിത്സയ്ക്കു ശേഷം ബാലൻ ഇന്ന് പൂർണ ആരോഗ്യവാനാണ്. ചെറിയൊരു ചികിത്സ കൂടി കഴിഞ്ഞാൽ ബാലന് പഴയ പോലെ ജോലി ചെയ്ത് ജീവിക്കാനാകുമെന്ന് ഡോ. എസ്. കബീർ പറഞ്ഞു.