എല്ലാം പൂട്ടിയാൽ പ്രശ്നങ്ങൾ അവസാനിക്കുമോ? സത്യത്തിൽ പൂട്ടേണ്ടത് ആരെയാണ്?

Mail This Article
കൊച്ചി∙ ടെക്കികൾക്കു രാത്രിനഗരം വേണം, കടക്കാർക്കു രാത്രിയിലെ ബിസിനസ് വേണം, മറുഭാഗത്തു മയക്കുമരുന്നും ഗുണ്ടായിസവുമുള്ളവർക്ക് അതിന്റെ മറവിൽ സർവതന്ത്ര സ്വതന്ത്രരാവണം, പൊലീസിന് രാത്രീഞ്ചരരെ അമർച്ച ചെയ്യുകയും വേണം...! പലർക്കും പല ആവശ്യമാണ്. ഐടി നഗരമായ കാക്കനാട്ടെ ഹോട്ടലുകളും തട്ടുകടകളും ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ രാത്രി 11ന് അടയ്ക്കണമെന്ന നഗരസഭയുടെ നിർദേശം ഉയർന്നതോടെ ചർച്ചകളും ചൂടുപിടിക്കുകയാണ്.
കാക്കനാട് ടെക്കികൾ മാത്രമല്ല ഉള്ളത്. പക്ഷേ, ഇൻഫോപാർക്കിലും പുറത്തുമായി ഒരു ലക്ഷത്തോളമുണ്ട് ടെക്കികൾ. ഇൻഫോപാർക്കിൽ മാത്രം 70000 പേർ. ഇവരിൽ നിന്നാണു രാത്രികാല ബിസിനസ് മിക്കവാറുമെങ്കിലും പുറത്തു നിന്നു കാക്കനാട്ടേക്ക് വരുന്നവരും ഏറെയുണ്ട്. കാക്കനാട്ടെ വിഷയങ്ങൾ ഓരോന്നായി നോക്കാം.
നൈറ്റ് ലൈഫ് വേണ്ടേ?|
യെസ് സർ,വേണം. വിദേശ ഐടി കമ്പനികൾ കൊച്ചി തിരഞ്ഞെടുക്കുമ്പോൾ ഇത്തരം കാര്യങ്ങളും പരിഗണിക്കുന്നുണ്ട്. ആപ്പിളും ഗൂഗിളും പോലെ വൻകിട വിദേശ കമ്പനികൾ ഇവിടെ വരാതിരിക്കുന്നതും നാടൻ കമ്പനികളുടെ കേദാരമായി ഇൻഫോപാർക്ക് തുടരുന്നതും ഇങ്ങനെ പല കാരണങ്ങൾ കൊണ്ടുകൂടിയാണ്. നൈറ്റ് ലൈഫ് വേണം, പാതിര കഴിഞ്ഞും പുറത്തു വരുന്ന ടെക്കികൾക്കു ഭക്ഷണം കഴിക്കാനും നിത്യോപയോഗ സാധനങ്ങൾ വാങ്ങാനും ഇടം വേണം.
പക്ഷേ, അതിനായി കാക്കനാട് മുഴുവനായി തുറന്നിടണോ എന്നൊരു ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രമായി കടകൾ തുറക്കാൻ അനുവദിക്കുക, അവിടെ പൊലീസിന്റെ പരസ്യവും രഹസ്യവുമായ മേൽനോട്ടം ഉണ്ടായിരിക്കുക. അതാണു ശരിയായ രീതിയെന്നവർ വാദിക്കുന്നു. സകല തട്ടുകടകളും നേരംപുലരും വരെ തുറന്നു വയ്ക്കുന്നതാണോ നൈറ്റ് ലൈഫ് എന്ന ചോദ്യവുമുണ്ട്. അവിടങ്ങളിൽ ചായയും കുടിച്ച് വെറുതെ ഇരിക്കുന്നവർ ഒട്ടേറെയാണ്.
അവർ മറ്റു സ്ഥലങ്ങളിൽ നിന്ന് കാക്കനാടേയ്ക്ക് എത്തുന്നവരാണ്. അവരിൽ പലർക്കും പല ലക്ഷ്യങ്ങളുണ്ട്. പലരുടെയും ഫോണിൽ കോളുകളും സന്ദേശങ്ങളും വന്നുകൊണ്ടേയിരിക്കും. അതനുസരിച്ച് മയക്കുമരുന്നിന്റെ ചില രഹസ്യ ഇടപാടുകൾ നടക്കുന്നുവെന്നാണ് ആക്ഷേപം.അതാണ് കുറേ മാസം കാക്കനാട് രാത്രി 11 മണിക്കു ശേഷം അടച്ചിടണമെന്ന ആശയത്തിനു പിന്നിൽ.
രാത്രി അടച്ചിട്ടാൽ മയക്ക്മരുന്ന് ഏർപ്പാട് തീരുമെന്നു വിശ്വസിക്കുന്നവർ വിഡ്ഢികളുടെ നരകത്തിലാണെന്നും (സ്വർഗത്തിലല്ല) മറുപടിയുണ്ട്. അല്ലെങ്കിൽ ഇത്തരം ഇടപാടുകൾ നടക്കുന്ന എല്ലാ സ്ഥലങ്ങളും അധികൃതർ അടച്ചിടേണ്ടി വരും. അടച്ചിടലല്ല ഉണർന്നു പ്രവർത്തിക്കലാണു വേണ്ടതെന്നാണ് ഒരു കൂട്ടം ആളുകൾ പറയുന്നത്. രാത്രി നഗരം അടച്ചിട്ടാൽ മയക്കുമരുന്ന കച്ചവടം ഇല്ലാതാകുമോ എന്നതും ചോദ്യമാണ്.
പിള്ളേരുടെ ‘സീൻസ്’
ബൈക്കുകളിലും മറ്റും ‘പിള്ളേർ’ വന്ന് സിനിമയെ വെല്ലുന്ന ‘സീനുകൾ’ കാണിക്കുന്നുവെന്നു വേറൊരു വശത്തു പരാതിയുണ്ട്. അതു തങ്ങളല്ല കൊച്ചിയിലെ കോളജുകളിലേയും മറ്റും കുട്ടികളാണെന്നു ടെക്കികൾ പറയുന്നു. ഇക്കൂട്ടരുടെ പ്രായം മാത്രം നോക്കിയാൽ കാര്യം തിരിയും എന്നാണ് ടെക്കികളുടെ അവകാശവാദം. ടെക്കികൾ എൻജിനീയറിങ്ങോ, പോസ്റ്റ് ഗ്രാജ്വേഷനോ കഴിഞ്ഞവരാകയാൽ 22 വയസ്സിനു മുകളിലുള്ളവരാണ്. അവർക്ക് വരുമാനവുമുണ്ട്.
വഴിയിൽ വന്നിരുന്ന് ഇതൊന്നും കാണിക്കേണ്ട കാര്യമില്ലെന്ന് ടെക്കികൾ പറയുന്നു. പിള്ളേരുടെ ഇത്തരം ‘സീൻസ്’ ഏതായാലും പൊലീസിനു പോലും ചോദ്യം ചെയ്യാൻ പറ്റുന്നില്ല എന്നതും യാഥാർഥ്യമാണ്. ഞങ്ങൾ 18 വയസ്സ് കഴിഞ്ഞവരാണ്, നിങ്ങൾക്കെന്താ പ്രശ്നം എന്ന മറുചോദ്യം വരും. സദാചാര പൊലീസ് ആയിപ്പോകുമോ എന്ന് പൊലീസിനും പേടിയാണ്.
പോംവഴി ദുർഘട വഴി
എന്ത് പോംവഴി സ്വീകരിച്ചാലും എല്ലാ വിഭാഗക്കാരുമായി ആലോചിച്ചേ തീരുമാനമുണ്ടാവൂ. ഏത് പോംവഴിക്കും ആസൂത്രണം വേണം. പൊലീസിന്റെ നിരീക്ഷണം വേണം. എല്ലാം നിയമപരമായിരിക്കണം. ആരെങ്കിലും കേസിനു പോയാൽ കോടതി റദ്ദാക്കാനിടയുള്ള പോംവഴികളിൽ കാര്യമില്ലെന്ന് ആർഥം. പൊലീസിന്റെ തീരുമാനമോ, നിർദേശമോ അല്ല ‘11 മണി കഴിഞ്ഞുള്ള നിയന്ത്രണം’.
നഗരസഭ പൊലീസ്–എക്സൈസ് വിഭാഗങ്ങളുമായി ചർച്ച നടത്തി പ്രതികരണം അറിയാൻ ഒരു ആശയം കാറ്റിൽ പറത്തിയെന്നു മാത്രം. എതിർപ്പ് രൂക്ഷമാണെന്നു കണ്ടതോടെ അതിൽ മാറ്റം വരുത്താനും തയാറാണ്. വ്യാപാരി–ഹോട്ടൽ സംഘടനകളും ടെക്കികളും പൊലീസും എക്സൈസും നഗരസഭയുമെല്ലാം ചേർന്ന് ചർച്ച ചെയ്തു സംയുക്തമായ തീരുമാനം ഉണ്ടായിട്ടേ കാര്യമുള്ളു. അല്ലാതെ പൂട്ടൽ അല്ല പരിഹാരം. പൂട്ടിയിട്ടാൽ പ്രശ്നം തീരുമെങ്കിൽ പൂട്ടിയിടാൻ വേറെന്തെല്ലാമുണ്ട്.