ADVERTISEMENT

പെരുമ്പാവൂർ∙ ബാബുവിന് വയസ്സ് 69 ആയി. ഇന്നു വരെ ഇദ്ദേഹം സൈക്കിൾ അല്ലാതെ മറ്റൊരു വാഹനം ഉപയോഗിച്ചിട്ടില്ല.  സുഹൃത്തുക്കളും ബന്ധുക്കളും അയൽക്കാരും മോട്ടർ സൈക്കിളിലേക്കും കാറുകളിലേക്കും യാത്രകൾ മാറ്റിയപ്പോഴും 60 വർഷമായി സൈക്കിളല്ലാതെ മറ്റൊരു വാഹനം ഇരിങ്ങോൾ കനിയിൽ കെ.കെ. ബാബു ഉപയോഗിച്ചിട്ടില്ല. ഇലക്ട്രീഷ്യനും പ്ലമറുമായ ബാബു ജോലിക്കു പോകുന്നത് സൈക്കിളിലാണ്.ദിവസവും കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടും. സൈക്കിൾ ചവിട്ടൽ ശീലമാക്കിയതിനാൽ 69–ാം വയസ്സിലും ആരോഗ്യവാനെന്ന് ബാബു സാക്ഷ്യപ്പെടുത്തുന്നു.

പത്താം വയസ്സിൽ സൈക്കിളോടിക്കാൻ തുടങ്ങിയതാണ്. പൊലീസ് ഉദ്യോഗസ്ഥനായ പിതാവ് പെരുമ്പാവൂരിലെ സൈക്കിൾ ഷോപ്പിൽ നിന്ന് ഇംഗ്ലണ്ട് അംബർ എന്ന സൈക്കിളാണ് ആദ്യം വാങ്ങി നൽകിയത്. 1960ൽ വാങ്ങിയ ആ സൈക്കിൾ സെക്കൻഡ് ഹാൻഡായിരുന്നു. ബൈക്കിടിച്ച് ഈ സൈക്കിൾ തകർന്നു. ബാബുവിന് പരുക്കേറ്റു. ബൈക്കോടിച്ചയാളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല.ബാബു മാസങ്ങളോളം അന്വേഷിച്ചു നടന്ന് പ്രതിയെ പൊലീസിനു കാട്ടിക്കൊടുത്തു. അപകടത്തിൽ തകർന്ന സൈക്കിൾ പെയിന്റടിച്ച് സുന്ദരനാക്കി സൂക്ഷിക്കുന്നുണ്ട്.

കോതമംഗലം, മൂവാറ്റുപുഴ, ആലുവ, അങ്കമാലി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഈ സൈക്കിളിലാണ് ബാബു യാത്ര ചെയ്തത്. 2008ൽ പുതിയ ഹെർക്കുലിസ് സൈക്കിൾ വാങ്ങി. ചാലക്കുടിയിൽ നിന്ന് ഇരിങ്ങോൾ വരെ ഒന്നര മണിക്കൂർ ഓടിച്ചാണ് സൈക്കിൾ എത്തിച്ചത്. സുഹൃത്തുക്കളും ബന്ധുക്കളും സൗകര്യത്തിനായി പുതിയ വാഹനങ്ങൾ  തേടുമ്പാേൾ പുതിയ സൈക്കിൾ വെണമെന്നാണു ബാബുവിന്റെ മോഹം.2008ൽ വാങ്ങിയ സൈക്കിളും മോശമായി. ഭാര്യ ഷൈലജയ്ക്കും മകൻ അതുലിനും ഒപ്പം ഇരിങ്ങോളിലാണ് താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com