ഒഴുക്കിൽപെടുന്നവരെ രക്ഷിച്ചും മരിച്ചവരെ മുങ്ങിയെടുത്തും ശ്രദ്ധേയരാകുന്നു കുഞ്ഞുണ്ണിക്കര സ്കൂബ ടീം

Mail This Article
നെടുമ്പാശേരി ∙ പുഴയിൽ ഒഴുക്കിൽപെടുന്നവരെ രക്ഷിക്കാനും മുങ്ങി മരിക്കുന്നവരുടെ മൃതദേഹങ്ങൾ കരയ്ക്കെത്തിക്കാനുമുള്ള ഉളിയന്നൂർ കുഞ്ഞുണ്ണിക്കര സ്കൂബ ടീമിന്റെ സേവനങ്ങൾ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെരിയാറിൽ മുങ്ങി മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങളാണ് ഇവർ കുറഞ്ഞ സമയത്തിനകം കരയ്ക്കെത്തിച്ചത്. ഞായറാഴ്ച വൈകിട്ട് പെരിയാറിൽ തടിക്കൽ കടവ് പാലത്തിന് സമീപം മുങ്ങി മരിച്ച കണ്ണൂർ സ്വദേശി ജോമിയുടെ മൃതദേഹം രാത്രിയിലാണ് ഇവർ കരയ്ക്കെത്തിച്ചത്.
ഫയർഫോഴ്സ് മണിക്കൂറുകൾ തിരഞ്ഞെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തുടർന്ന് വിവരമറിഞ്ഞ് ഏഴ് മണിയോടെ സ്ഥലത്തെത്തിയ ഉളിയന്നൂർ കുഞ്ഞുണ്ണിക്കര സ്കൂബ ടീം മുക്കാൽ മണിക്കൂറിനകം സാഹസികമായി മൃതദേഹം കണ്ടെടുത്തു. പുഴയിൽ ശക്തമായ ഒഴുക്കും കലക്കലും ഉണ്ടായിരുന്നതിനാൽ തിരച്ചിൽ നടത്തുന്നത് വലിയ വെല്ലുവിളിയായിരുന്നു. രാത്രിയായതിനാൽ പ്രത്യേകമായി ലൈറ്റുകൾ സജ്ജീകരിച്ചാണ് തിരച്ചിൽ നടത്തിയത്. ശനിയാഴ്ച കുഞ്ഞുണ്ണിക്കര മുരിക്കോത്ത് കടവിൽ കുളിക്കുന്നതിനിടെ പെരിയാറിൽ മുങ്ങി പോയ വിദ്യാർഥിയായ മിഷാലിനെയും ഇതേ സംഘമാണ് പുഴയിൽ നിന്നും കണ്ടെത്തിയത്.
സാമൂഹിക സേവനം എന്ന നിലയിൽ മൂന്ന് വർഷം മുൻപാണ് ഈ സംഘം പ്രവർത്തനം തുടങ്ങുന്നത്. ഇതിലെ പല അംഗങ്ങളും മുൻപും സ്വന്തം നിലയിൽ സേവന രംഗത്ത് ഉണ്ടായിരുന്നു. പിന്നീട് ഇവർ ഒരുമിച്ച് ചേർന്ന് ഒറ്റ സംഘമായി പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.
പതിനഞ്ചോളം പേരാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് വിവിധ സ്ഥലങ്ങളിൽ നിന്നും അൻപതിലേറെ മൃതദേഹങ്ങളാണ് ഈ സംഘം മുങ്ങിയെടുത്തിരിക്കുന്നത്. വിവിധ ജോലികളിലും ബിസിനസിലും ഏർപ്പെട്ടിരിക്കുന്ന ഇവർ ടീമിന്റെ വാട്സാപ് സന്ദേശം ലഭിക്കുന്നതോടെ സേവനം ആവശ്യമായി വരുന്നിടത്തേയ്ക്ക് വിവിധ സജ്ജീകരണങ്ങളോടെ എത്തുകയാണ് ചെയ്യുന്നത്. ഇവരുടെ പ്രവർത്തനങ്ങൾ ഫയർഫോഴ്സിനും സഹായകരമാണ്.