പേട്ടയിൽ മെട്രോ റെയിൽ നിർമാണത്തിനായി 3 വർഷം മുൻപ് പൊളിച്ചു മാറ്റിയ സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനായില്ല

Mail This Article
പേട്ട ∙ കൊച്ചി മെട്രോ എത്തുന്നതോടെ വൈറ്റില തൃപ്പൂണിത്തുറ റോഡിലെ പ്രധാന ജംക്‌ഷനായ പേട്ടയുടെ മുഖഛായ മാറുമെന്നു പറഞ്ഞതു വെറുതെയായി. മെട്രോ റെയിൽ തൃപ്പൂണിത്തുറയിലേക്കു സർവീസ് തുടങ്ങി ഒരു വർഷം കഴിഞ്ഞെങ്കിലും പഴയതിലും പരിതാപകരമാണ് പേട്ടയിലെ കാര്യങ്ങൾ. മെട്രോ നിർമാണത്തിനായി പൊളിച്ചു മാറ്റിയ ഗതാഗത സംവിധാനങ്ങൾ ഒന്നുപോലും ഇതുവരെ പുനഃസ്ഥാപിക്കാനായില്ല. മീഡിയൻ, സിഗ്നൽ ലൈറ്റ് എന്നിവയില്ല. സീബ്ര ലൈൻ ഇല്ലാത്തതിനാൽ റോഡ് കുറുകെ കടക്കാൻ ബുദ്ധിമുട്ടാണ്.
തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു മാറ്റിയതും അധികൃതർ മറന്നു. മഴയും വെയിലുമേറ്റാണ് ബസ് കാത്തു നിൽപ്. തൊട്ടടുത്ത വെയർ ഹൗസിലേക്കുള്ള ലോറികളുടെ പാർക്കിങ് മൂലമുള്ള ബുദ്ധിമുട്ടുകൾ വേറെ. ബസുകൾക്ക് നിർത്താൻ സ്ഥലം ഇല്ലാതായതോടെ പലപ്പോഴും നടുറോഡിൽ നിർത്തി ആളെ കയറ്റേണ്ട സ്ഥിതിയാണ്. ഡ്യൂട്ടിയിലുള്ള ട്രാഫിക് പൊലീസുകാരന് നിയന്ത്രിക്കാൻ പറ്റാത്തവിധമാണ് പലപ്പോഴും ഗതാഗതം.
റോഡിന്റെ അപകട വളവിലെ കുഴികളും വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. റോഡിന്റെ നിരപ്പു വ്യത്യാസം അപകടം വിളിച്ചു വരുത്തുന്നു. കെഎംആർഎലിനാണ് നവീകരണ ചുമതല. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോകാതെ ജംക്‌ഷൻ നവീകരണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് മുക്കോട്ടിൽ ടെംപിൾ റോഡ് റസിഡന്റ്സ് അസോസിയേഷൻ നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് റോയ് തെക്കൻ അധ്യക്ഷത വഹിച്ചു. കെഎസ്എസ് നമ്പൂതിരി, കെ. മുരളീധരൻ, യു.കെ. രവീന്ദ്രനാഥ്, സതീഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.