അങ്ങാടിക്കടവിൽ അടിപ്പാത നിർമാണം: 18, 19 തീയതികളിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെടാൻ സാധ്യത

Mail This Article
അങ്കമാലി ∙ അങ്കമാലി റെയിൽവേ സ്റ്റേഷനു സമീപമുള്ള അങ്ങാടിക്കടവിൽ അടിപ്പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് 18, 19 തീയതികളിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെടാൻ സാധ്യത. തൃശൂർ–എറണാകുളം ലൈനിൽ താൽക്കാലിക ഗർഡർ സ്ഥാപിക്കുന്ന ജോലികളാണു നടക്കുക. എറണാകുളം –തൃശൂർ ലൈനിൽ താൽക്കാലിക ഗർഡർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 17ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു.വന്ദേഭാരത് ഉൾപ്പെടെ പത്തോളം ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിടേണ്ടി വന്നു.
ചില ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തു. പുലർച്ചെ 3 മുതൽ രാവിലെ 8.40 വരെയാണ് സമയം അനുവദിച്ചിരുന്നത്. എന്നാൽ ജോലികൾ നീണ്ടുപോയതിനാലാണ് ട്രെയിനുകൾ നിർത്തിയിട്ടത്. ഗർഡർ സ്ഥാപിച്ചു കഴിഞ്ഞാണു ഗതാഗതം പുനഃസ്ഥാപിച്ചത്. വന്ദേഭാരതിനു പുറമേ നിലമ്പൂർ, ഏറനാട് എക്സ്പ്രസ്, പാലരുവി, ബെംഗളൂരു ഇന്റർസിറ്റി, ആലപ്പുഴ-ധൻബാദ്, ജനശതാബ്ദി, വേണാട്, പരശുറാം, ശബരി തുടങ്ങിയ ട്രെയിനുകളാണ് വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടത്.
18ന് രാത്രി 7.40 മുതൽ 19ന് പുലർച്ചെ 2 വരെയാണ് ജോലികൾ ഉണ്ടാകുക. റെയിലുകൾ താൽക്കാലിക ഗർഡറുകളിൽ താങ്ങി നിർത്തിയ ശേഷമാണു റെയിലുകൾക്ക് അടിയിൽ നിന്ന് അടിപ്പാത നിർമാണത്തിനായി മണ്ണ് നീക്കുക. 15 മീറ്ററോളം വീതിയിലാണ് താൽക്കാലിക ഗർഡർ സ്ഥാപിക്കുക. വന്ദേഭാരതിനു പുറമേ നിലമ്പൂർ, ഏറനാട് എക്സ്പ്രസ്, പാലരുവി, ബെംഗളൂരു ഇന്റർസിറ്റി, ആലപ്പുഴ-ധൻബാദ്, ജനശതാബ്ദി, വേണാട്, പരശുറാം, ശബരി തുടങ്ങിയ ട്രെയിനുകളാണ് അന്ന് വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടത്. അടിപ്പാതയുടെ നിർമാണം 6 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണു കരാറുകാരനു നിർദേശം നൽകിയിട്ടുള്ളത്.