ADVERTISEMENT

നെടുമ്പാശേരി ∙ കടുത്ത  അവഗണനയിൽ കാരയ്ക്കാട്ടുചിറ. ചിറ നന്നാക്കിയില്ലെങ്കിൽ അടുത്ത വേനലിൽ പ്രദേശത്ത് രൂക്ഷമായ ശുദ്ധജല ക്ഷാമമുണ്ടാകുമെന്ന് നാട്ടുകാർ ആശങ്കയിൽ. പഞ്ചായത്തിലെ ഏറ്റവും വലിയ ജലസ്രോതസ്സ് ആണ് കാരയ്ക്കാട്ടുചിറ. പത്തേക്കർ വിസ്തൃതിയുള്ള ചിറ നിറയെ വെള്ളം ഉള്ളതിനാലാണ് പ്രദേശത്തെ കിണറുകളിൽ സമൃദ്ധമായി വെള്ളമുണ്ടാകുന്നത്. പ്രദേശത്തെ മറ്റ് നീരുറവകൾക്ക് ശക്തി പകരുന്നതും ചിറയാണ്‌. 

 ഈ ജലസമ്പത്ത് സംരക്ഷിക്കാൻ അധികൃതർ കാര്യമായി ഇടപെടുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. ചിറ മുഴുവൻ പുല്ലും ആഫ്രിക്കൻ പായലും വളർന്ന് വെള്ളം കാണാത്ത വിധം മൂടിയിരിക്കുന്നു. ചിറയ്ക്ക് ചുറ്റുമുള്ള വഴിയിലൂടെ നടക്കാനോ ചിറയിലേക്ക് ഇറങ്ങാനോ കഴിയാത്ത വിധം കാടുപിടിച്ചു കിടക്കുകയാണ്. മാസങ്ങൾ കഴിഞ്ഞിട്ടും കാടു വെട്ടി മാറ്റാനോ പായൽ നീക്കി വെള്ളം സംരക്ഷിക്കാനോ നടപടിയില്ല. പുല്ലും പായലും ചീഞ്ഞാൽ വെള്ളം കൂടുതൽ മലിനമാകും. 

മുൻപ് തൊഴിലുറപ്പ് പദ്ധതിയിലാണ് ചിറയിൽ നിന്ന് പായലും മറ്റും വാരിയിരുന്നത്.   ഇത്തരം പണികൾ തൊഴിലുറപ്പു പദ്ധതിയിൽ നിന്ന് ഒഴിവാക്കിയതോടെ കാര്യങ്ങൾ അവതാളത്തിലായി. ചിറയുടെ ആദ്യഘട്ടം വികസനം നടപ്പാക്കി 2 ദശാബ്ദം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യമൊരുക്കാൻ പറ്റാതിരുന്നത് അധികൃതരുടെ തികഞ്ഞ അനാസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. 

2003ൽ പി.വൈ.വർഗീസ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ചിറ നവീകരിച്ചത്. അന്ന് കയ്യേറ്റക്കാരെ ഒഴിപ്പിച്ച് ചിറ അളന്ന് തിട്ടപ്പെടുത്തി പഞ്ചായത്ത് ഏറ്റെടുത്തു. തുടർന്ന് ത്രിതല പഞ്ചായത്തുകൾ15 ലക്ഷം രൂപ വീതം ചെലവഴിച്ച് ചിറ 3 മീറ്റർ ആഴത്തിൽ താഴ്ത്തി ചുറ്റും കരിങ്കല്ല് കെട്ടി കെട്ടി വെള്ളം സംഭരിച്ചു. അതോടെ പ്രദേശത്തെ വരൾച്ച മാറി, ശുദ്ധജല ക്ഷാമത്തിനും പരിഹാരമായി. നവീകരണത്തിന്റെ ഭാഗമായി ചിറയുടെ ചുറ്റും മൂന്നു മീറ്റർ വീതിയിൽ റോഡും സജ്ജമാക്കി. നാലു വശത്തും കുളിക്കടവും നിർമിച്ചു. കിഴക്ക്, വടക്ക് വശങ്ങളിൽ അഴുക്കുവെള്ളം ഒഴുകിപ്പോകാൻ കാനയുണ്ടാക്കി. 

ചിറ താഴ്ത്തിയ മണ്ണ് വിറ്റ് കിട്ടിയ 10 ലക്ഷം രൂപയും നവീകരണത്തിനായി വിനിയോഗിച്ചു. പിന്നീട് ചിറയുടെ വികസനത്തിനുള്ള രൂപരേഖയിൽ ചുറ്റുമുള്ള നടപ്പാത നവീകരിച്ച് ആളുകൾക്ക് നടക്കാനും വിശ്രമിക്കാനും സൗകര്യമൊരുക്കാനും ചുറ്റും പൂന്തോട്ടം ഒരുക്കുന്നതിനും ചിറയിൽ മത്സ്യം വളർത്തൽ, നീന്തൽ പരിശീലനം തുടങ്ങിയവയും പദ്ധതിയിട്ടു.  

ചിറയുടെ വശങ്ങൾ ഉയർത്തിക്കെട്ടി സംഭരണശേഷി വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടെങ്കിലും നടന്നില്ല.  ഇനിയും ചിറയിലെ പായലും പുല്ലും മാറ്റിയില്ലെങ്കിൽ അവ  ചീഞ്ഞളിഞ്ഞ് പ്രദേശത്തെ കിണറുകളിലെയും  വെള്ളവും ചീത്തയാകും.  ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ചിറയെ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com