പെരുമ്പാവൂർ–ആലുവ റൂട്ടിൽ യാത്രാക്ലേശം

Mail This Article
പെരുമ്പാവൂർ ∙ ദേശസാൽക്കരിച്ച പെരുമ്പാവൂർ–ആലുവ റൂട്ടിൽ വിദ്യാർഥികൾക്കു യാത്രാ ക്ലേശം. സർവീസുകൾ വെട്ടിക്കുറയ്ക്കുന്നതാണു കാരണം. ഏറെ നേരം കാത്തിരുന്നാലാണു ബസിൽ കയറാൻ പറ്റുന്നത്. തിക്കും തിരക്കും മൂലം ബസുകളിൽ കയറിപ്പറ്റാൻ വിദ്യാർഥികൾ കഷ്ടപ്പെടുകയാണ്. തിരക്കിനിടയിൽ അവർക്കു പരുക്കേൽക്കുന്നത് പതിവാണ്. ചിലപ്പോൾ വാതിലിൽ തൂങ്ങി നിന്നു യാത്ര ചെയ്യേണ്ടി വരുന്നു.
മാസങ്ങൾക്കു മുൻപാണ് മുടിക്കലിൽ ബസിൽ നിന്നു വീണു വിദ്യാർഥിനിക്കു തലയ്ക്കു ഗുരുതര പരുക്കേറ്റത്. പെരുമ്പാവൂരിലെയും ആലുവയിലെയും സ്കൂളുകളിലേക്കും കോളജുകളിലേക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്ന വിദ്യാർഥികളാണു ദുരിതം അനുഭവിക്കുന്നത്. കുട്ടികൾക്ക് സമയത്തിന് സ്കൂളിലും കോളജിലും എത്താൻ കഴിയുന്നില്ല.
ബസുകൾ കേടായാൽ പകരം ഓടിക്കാൻ ബസ് ഇല്ല. സ്പെയർ പാർട്സ് ഇല്ലാത്തതിനാൽ നന്നാക്കാനും കാലതാമസമുണ്ട്. സ്പെയർ പാർട്സിനു മാസം 3000 രൂപയാണ് അനുവദിക്കുന്നത്. ഒരു ബസ് ബ്രേക്ക് ഡൗൺ ആയാൽ അടുത്ത ബസ് വരാൻ ഒരു മണിക്കൂറെങ്കിലും ആകും. ശബരിമല തീർഥാടനം തുടങ്ങിയാൽ ബസുകളുടെ എണ്ണം വീണ്ടും കുറയും. ഇത് യാത്രാക്ലേശം രൂക്ഷമാക്കും. രാവിലെയും വൈകിട്ടും കൂടുതൽ സർവീസുകൾ നടത്തി യാത്രാക്ലേശം പരിഹരിക്കണമെന്നാണ് ആവശ്യം.