ADVERTISEMENT

വൈപ്പിൻ∙ ബീച്ച് റോഡ് വികസനത്തിനായി പദ്ധതികൾ പലതും വന്നിട്ടും യാത്രാ ദുരിതത്തിനും കടലാക്രമണ ഭീഷണിക്കും മാറ്റമില്ലാതെ അണിയിൽ കടപ്പുറം നിവാസികൾ. ജനവാസ മേഖലകളിലേക്ക് തിരമാലകൾ എത്തുന്നത് തടയാൻ അടിയന്തര നടപടി ഉണ്ടാകുമെന്ന അധികൃതരുടെ ഉറപ്പും പാഴായതോടെ തീരത്തോട് തൊട്ടു ചേർന്ന് താമസിക്കുന്നവർ ഇപ്പോൾ ഭീതിയിലാണ്.

വർഷങ്ങൾക്കു മുൻപുണ്ടായ സൂനാമി ദുരന്തത്തിൽ 5 പേർക്ക് ജീവൻ നഷ്ടപ്പെട്ട ഈ മേഖലയിൽ ഇപ്പോഴും തീരത്ത് നിലനിൽക്കുന്നത് അരക്ഷിതാവസ്ഥയാണ്. ഇടിഞ്ഞു താഴേയ്ക്കിരുന്ന കടൽഭിത്തി  പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.ഇതുവഴി കടന്നു പോയിരുന്ന ബീച്ച് റോഡ് മണ്ണിനടിയിൽ അപ്രത്യക്ഷമായിട്ട് വർഷങ്ങളായി. ഈ ഭാഗത്ത് ഇപ്പോൾ മണൽപരപ്പ് മാത്രമാണ് ഉള്ളത്. അടുത്തിടെ തീരത്തോടു ചേർന്ന്  പുതിയ കര രൂപപ്പെട്ടതോടു കൂടി കടൽ ചെറുതായി ക്ഷോഭിച്ചാൽ തന്നെ തിരമാലകൾ ജനവാസ മേഖലകളിലേക്ക് എത്തുന്ന സ്ഥിതിയാണ്. 

നിലവിലുള്ള പുലിമുട്ടുകളുടെ പോരായ്മ പരിഹരിക്കുന്നതിനൊപ്പം പുതിയവ നിർമിക്കുമെന്ന അധികൃതരുടെ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. കടൽക്ഷോഭ  സമയങ്ങളിൽ പോലും ഇവിടെ സന്ദർശിച്ച സ്ഥിതിഗതികൾ മനസ്സിലാക്കാൻ ജനപ്രതിനിധികളോ  ഉദ്യോഗസ്ഥരോ തയാറാകുന്നില്ല എന്നാണ് ജനങ്ങളുടെ പരാതി. ഇടക്കാലത്ത് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനായി ഒരുക്കിയ ജിയോ ബാഗ് ഭിത്തി ഉപയോഗശൂന്യമായെന്ന് നാട്ടുകാർ പറയുന്നു. നേരത്തെ സ്ഥാപിച്ച ബാഗുകൾ ശക്തമായ തിരയടിയിൽ പൊട്ടി തകർന്നു. 

മറ്റു ചിലയിടങ്ങളിൽ കുറച്ചു മാത്രം നീളത്തിലാണ് ജിയോ ബാഗുകൾ സ്ഥാപിച്ചിട്ടുള്ളത്.  കടൽ ഇളകുമ്പോൾ ഇതുകൊണ്ട് ഫലം ഇല്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ജിയോ ഭിത്തിക്കായി ഉപയോഗിക്കുന്ന ബാഗുകൾ തീരെ നിലവാരം കുറഞ്ഞതാണെന്നും ആക്ഷേപമുണ്ട്. ഇവ സ്ഥാപിച്ച വകയിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. സംസ്ഥാനത്തിന്റെ മറ്റു പല ഭാഗങ്ങളിൽ പരീക്ഷിച്ചു പരാജയപ്പെട്ട ജിയോ ബാഗുകൾ വൻതുക മുടക്കി സ്ഥാപിക്കുന്നതിനെതിരെ പലരും രംഗത്തു വന്നിരുന്നു എങ്കിലും അധികൃതർ ഗൗനിച്ചില്ല. 

ഇതിനു ചെലവാക്കിയ വൻതുക വെറുതെയായെന്ന് ഇപ്പോൾ വ്യക്തമായെന്നും നാട്ടുകാർ പറയുന്നു. ശക്തമായ തിരകൾക്കൊപ്പം കരയിലേക്കു കയറുന്ന മാലിന്യങ്ങളും പായലും മരക്കൊമ്പുകളും തീരത്താകെ നിറഞ്ഞു കിടക്കുകയാണ്. തൊട്ടടുത്തു തന്നെ ജനങ്ങൾ താമസിക്കുന്നതിനാൽ ഇത് ആരോഗ്യ ഭീഷണിയും ഉയർത്തുന്നുണ്ട്.മണൽ കനത്തിൽ നിറഞ്ഞു കിടക്കുന്നതിനാൽ വേനൽക്കാലത്തു പോലും ഈ ഭാഗത്തേക്ക് വാഹനങ്ങൾ കടന്നു ചെല്ലാത്ത അവസ്ഥയാണ്.  സ്കൂൾ വാഹനങ്ങൾ ഇതുവഴി ഓട്ടം നിർത്തിയിട്ട് വർഷങ്ങളായി. മഴയോ കടൽക്ഷോഭമോ ഉണ്ടായാൽ നടപ്പാത വെള്ളത്തിൽ മുങ്ങും. ഇതു മൂലം കിഴക്കുഭാഗത്തെ വീടുകളുടെ മുറ്റത്തു കൂടി സഞ്ചരിക്കേണ്ട സ്ഥിതിയാണെന്ന് തീരദേശവാസികൾ  പറയുന്നു. 

ബീച്ച് റോഡിന്റെ പുനർനിർമാണം വടക്കൻ മേഖലയിൽ നിന്ന് പുരോഗമിക്കുന്നുണ്ടെങ്കിലും അത് എടവനക്കാട് വരെ എത്തുമോയെന്ന് ഇപ്പോഴും ഉറപ്പായിട്ടില്ല. മാത്രമല്ല നേരത്തെ തന്നെ റോഡ് ഉള്ള സ്ഥലങ്ങളിൽ അവ അത് ഉയർത്തി ടാർ ചെയ്യുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്.  എന്നാൽ എടവനക്കാട്, പഴങ്ങാട് തുടങ്ങിയ പ്രദേശങ്ങളിൽ റോഡ് ഇല്ലാത്തതിനാൽ മണൽ കോരി മാറ്റി പുതിയ റോഡ് നിർമിക്കേണ്ടതുണ്ട്.  ഇപ്പോഴത്തെ പദ്ധതിയിൽ ഇതിനുള്ള ഫണ്ട് ഉണ്ടോ എന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിൽ തങ്ങളുടെ ദുരിതം ഇനിയും അനിശ്ചിതമായി തുടരാനാണ് സാധ്യതയെന്നും അണിയിൽ കടപ്പുറം  നിവാസികൾ  പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com